പരാജയം സുനിശ്ചിതമായപ്പോള്‍ നബി(സ)തന്‍റെ ശേഷിച്ച സ്വഹാബികളോടുകൂടി ഉഹ്ദുമലയിടുക്കിലേക്ക് പിന്‍മാറുമ്പോള്‍ ഖാലിദ്ബ്നുവലീദും പടയും അവരെ തകര്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ, യുദ്ധതന്ത്രത്തില്‍ അഗ്രഗണ്യനായ നബി(സ)വളരെ തന്ത്രപൂര്‍വ്വം അവരുടെ കണ്ണുവെട്ടിച്ച് മലയിടുക്കില്‍ സുരക്ഷിതസ്ഥാനത്തെത്തി. പിന്നെ ആ വഴിക്കുചെന്ന ശത്രുക്കള്‍ക്കാര്‍ക്കും അവരെ കാണാന്‍ കഴിഞ്ഞില്ല. അവരുടെ കണ്ണുകളില്‍ നിന്നും അല്ലാഹു നബിയേയും സ്വഹാബികളെയും മറച്ചുപിടിച്ചതായിരിക്കാം. ഏതായാലും അത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇന്നും അവശേഷിക്കുന്നു. വിജയശ്രീലാളിതരായ ഖുറൈശിപ്പടക്ക് അന്നു നബിയെ വധിക്കാന്‍ സാധിക്കാതിരുന്നത് ഒരു മഹാത്ഭുതംതന്നെ. നബി(സ)യുടെ കൂടെ അപ്പോള്‍ വളരെ അംഗുലീപരിമിതരായ സ്വഹാബികള്‍ മാത്രമാണുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ മദീനയിലേക്ക് ഓടിരക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും നബി(സ)യെ വധിക്കാന്‍ ഖുറൈശികള്‍ക്കു കഴിഞ്ഞില്ല. ഇതില്‍ പരം അത്ഭുതം മറ്റെന്തുണ്ട്? അല്ലെങ്കില്‍ ഇതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു? അല്ലാഹു ഒരാള്‍ക്ക് സംരക്ഷണം കൊടുത്താല്‍ അയാളെ വധിക്കാന്‍ ആര്‍ക്കാണ് സാധിക്കുക!? മുസ്ലിം പട അന്നനുഭവിച്ച ദുരിതങ്ങള്‍ക്ക് കൈയും കണക്കുമില്ല. മലയുടെ മര്‍മ്മസ്ഥലങ്ങളില്‍ നബി(സ)നിര്‍ത്തിയ ഏതാനും വ്യക്തികള്‍ ചെയ്ത തെറ്റിന്‍റെ ഫലം എല്ലാവരും അനുഭവിച്ചു. ഉഹ്ദുമലയുടെ താഴ്വര ചെന്നുകാണാന്‍ ഭാഗ്യമുള്ളവര്‍ക്ക് ഇപ്പോഴും ആ മലയുടെ രോദനം കേള്‍ക്കാം. ഒറ്റപ്പെട്ടു തലയുയര്‍ത്തിനിന്നുകൊണ്ട് ഹസ്രത്ത് ഹംസ(റ)യുടെ വീരചരമത്തിന്‍റെ ചരിത്രം സന്ദര്‍ശകരോടു പറയുന്നു. തിരുനബി(സ) ചതിക്കുഴിയില്‍ വീണ ഭീകരരംഗം വിശദീകരിക്കുന്നു. സര്‍വ്വോപരി, അന്ന്‍ അച്ചടക്കലംഘനം നടത്തിയവരെപ്പറ്റി ആ മല കേഴുന്നു. നബിതിരുമേനി(സ)യുടെ വായില്‍ നിന്നും തലയില്‍ നിന്നും ചുടുരക്തമൊഴുകിയതോര്‍ത്തു മല വിലപിക്കുന്നു. ഇരുപത്തിമൂന്നു ഖുറൈശിപടയാളികള്‍ ഈ യുദ്ധത്തില്‍ വധിക്കപ്പെട്ടു. എഴുപതു സ്വഹാബികളും രക്തസാക്ഷികളായി. അല്ലാഹുവിന്‍റെ വഴിയില്‍ വീരചരമം പ്രാപിച്ചവരെ മരിച്ചവരെന്നു പറയരുതെന്നും, അവര്‍ അല്ലാഹുവിങ്കല്‍ ജീവിച്ചിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവെന്നും വിശുദ്ധഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ആ മഹാത്മാക്കളുടെ തണല്‍ അല്ലാഹു നമുക്ക് നല്‍കട്ടെ, ആമീന്‍! അവരില്‍ അല്ലാഹുവിന്‍റെ അനുഗ്രഹപീയുഷം എന്നെന്നും വര്‍ഷിക്കട്ടെ...
ബദറിലും ഉഹ്ദിലും രക്തസാക്ഷികളായ വീരപുരുഷന്മാരുടെ നാമങ്ങള്‍ ഇസ്ലാമികചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
(തുടരും)

No comments:
Post a Comment