സ്വഹാബികള്‍ നബിക്കുചുറ്റുംനിന്നുപോരാടി. പലരും രക്തസാക്ഷികളായി. സ്വന്തം ശരീരങ്ങളെ അവര്‍ നബിയേ രക്ഷിക്കാന്‍ വേണ്ടിബലിയര്‍പ്പിച്ചു. നബിക്കുനേരെവരുന്ന വെട്ടുകളും, കുത്തുകളും, അസ്ത്രങ്ങളും വീരമുജാഹിദുകള്‍ സ്വന്തം വിരിമാറുകാണിച്ചു തടുത്തു. ഇതിനിടയില്‍ ശത്രുക്കളില്‍ നിന്ന്‍ ചീറിവന്ന ഒരു കല്ല് നബിതിരുമേനി(സ)യുടെ പടത്തോപ്പിയില്‍ ശക്തമായി പതിക്കുകമൂലം പടത്തൊപ്പിയുടെ ആണി തിരുമേനിയുടെ തലയില്‍ തറച്ചുകയറുകയുണ്ടായി. ഹസ്രത്ത് ഉമറുല്‍ഫാറൂഖ്(റ) അതു വലിച്ചൂരിയെടുത്തു. രക്തം കുടുകുടാ ഒഴുകുമ്പോള്‍ തിരുമേനിയുടെ പല്ലുകള്‍ക്കു നേരെ ഒരു കല്ല് ചീറിവന്നു. തിരുമേനി(സ)യുടെ മുന്‍പല്ലുകള്‍ കൊഴിഞ്ഞുവീണു. രക്തം വായിലൂടെയും ഒഴുകി. ഇതൊക്കെയായിട്ടും നബി(സ) പതറാതെ പടക്കളത്തില്‍ ഉറച്ചുനിന്നു പൊരുതി. രക്തം വായില്‍നിന്നും തലയില്‍നിന്നും വാര്‍ന്നോഴുകുമ്പോള്‍ അബൂബക്കര്‍ സിദ്ദീഖ്(റ) ഉമര്‍(റ) അലി(റ) എന്നീ സ്വഹാബികള്‍ നബിയോടപേക്ഷിച്ചു. “അങ്ങു പടക്കളത്തില്‍ നിന്നു സുരക്ഷിതസ്ഥാനത്തേക്കു നീങ്ങണം. അല്ലാത്തപക്ഷം അപകടമാണ്.”
നബി(സ)അരുളി; രക്തം ഒഴുകട്ടെ, എന്‍റെ രക്തത്തിന്‍റെ ഓരോ തുള്ളിക്കും അല്ലാഹു മഹത്തായ പ്രതിഫലം തരുമ്പോള്‍ ഞാനെന്തിന് പിന്മാറണം.
ഉഹ്ദ് മലയുടെ താഴ്വര ചോരയില്‍ കുതിര്‍ന്നു. അന്‍സാറുകളും, മുഹാജിറുകളുമായ എഴുപതുസ്വഹാബികള്‍ രക്തസാക്ഷികളായി. ഇസ്ലാമിനുവേണ്ടി അഹോരാത്രം അശ്രാന്തയത്നം ചെയ്തിരുന്ന ത്യാഗിവര്യന്മാര്‍, പല വീരന്മാരെയും മുട്ടുകുത്തിച്ച സിംഹങ്ങള്‍. പരാജയത്തിന്‍റെ കയ്പ്പ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത യുദ്ധതന്ത്രജ്ഞര്‍, ഇവരില്‍ ഹസ്രത്ത് ഹംസ(റ)വിന്‍റെ വിയോഗമാണ് മുസ്ലിം സൈന്യത്തിന്‍റെ ചിറകൊടിച്ചത്. നബി(സ)യുടെ കണ്ണിലുണ്ണിയായിരുന്നു ആ പിതൃവ്യന്‍. ഹംസയെന്നുകേട്ടാല്‍ ഖുറൈശികളുടെ കാല്‍മുട്ടുകള്‍ തമ്മിലിടിക്കുമായിരുന്നു. ആ സിംഹം പിടഞ്ഞുമരിക്കുന്നതുകണ്ടപ്പോള്‍ അവരുടെ വീര്യം ശതഗുണീഭവിക്കുകയായിരുന്നു. അതോടൊപ്പം, നബി(സ) വധിക്കപ്പെട്ടുവെന്ന വാര്‍ത്തകൂടിവന്നപ്പോള്‍ ഖുറൈശികള്‍ കൂത്താടുകയായിരുന്നു. സ്ത്രീകള്‍ പാട്ടുപാടി നൃത്തംവെച്ചു. ഈ ഘട്ടത്തിലും നബി(സ) തന്‍റെ അനുചരന്മാരോടൊപ്പം ചെറുത്തുനില്‍ക്കുകയായിരുന്നു. അവിടുത്തെ വായില്‍നിന്നും തലയില്‍നിന്നും ചോര കുലംകുത്തിയൊഴുകി. അതുകണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് ഹസ്രത്തുമാലിക്(റ) രക്തം തുടച്ചുകൊണ്ടിരുന്നു. അതുഭൂമിയില്‍ വീഴാതെ സൂക്ഷിച്ചു. ഒരു പ്രവാചകന്‍റെ പരിശുദ്ധരക്തം ഭൂമിയില്‍ വീഴുന്നത് ആപത്താണെന്നദ്ദേഹത്തിനറിയാം. പക്ഷെ, നബി(സ) അതൊന്നും ശ്രദ്ധിക്കാതെ ചെറുത്തുനില്‍പ്പു തുടര്‍ന്നു. നബി(സ)യുടെ കഠിന ശത്രുക്കളില്‍ ഒരാളാണ് ഉബയ്യ്ബിന്‍ഖലഫ് അയാള്‍ നബിയേ വധിക്കാന്‍ പല അടവുകളും പയറ്റിനോക്കി. പക്ഷെ, നബിയുടെ ചുറ്റുമുള്ള വീരസിംഹങ്ങള്‍ അതെല്ലാം വിഫലമാക്കി. ഉബയ്യും നബി(സ)യും തമ്മില്‍ മുമ്പു മക്കയില്‍ വെച്ച് ഒരു വെല്ലുവിളി നടക്കുകയുണ്ടായിട്ടുണ്ട്. ഒരിക്കല്‍ നബി(സ) മക്കയില്‍ തന്‍റെ അനുചരന്മാരോടൊപ്പം ഇരിക്കുകയായിരുന്നു. ഖുറൈശി പ്രമാണിമാര്‍ കുറച്ചപ്പുറം നില്‍ക്കുന്നുണ്ട്, അവര്‍ നബിയെ(സ) പരിഹസിക്കുകയും പുഛിക്കുകയുമായിരുന്നു. അക്കൂട്ടത്തില്‍ ഉബയ്യുമുണ്ട്. അവരുടെ പരിഹാസവും പുച്ഛവുമെല്ലാം തൃണവല്‍ഗണിച്ചുകൊണ്ട് നബി(സ) തന്‍റെ അനുചരന്മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. ഉബയ്യ് അതിനിടയില്‍ ഉറക്കെ വിളിച്ചുപറഞ്ഞു; “ആ മരത്തലയന്‍റെ ഉപദേശം കേട്ടുകൊണ്ടിരിക്കുന്ന വിഡ്ഢികളെ! നിങ്ങള്‍ക്ക് ഭ്രാന്താണ്.”
(തുടരും)

No comments:
Post a Comment