ഇതിനും ആരും മറുപടിയൊന്നും പറയുന്നില്ലെന്നുകണ്ടപ്പോള്‍ ഉബയ്യ് തന്‍റെ കുതിരപ്പുറത്തുകയറി മുന്നോട്ടുവന്നു. എന്നിട്ട് നബിയോട് ചോദിച്ചു; “എന്താ, പുതിയ വഹ്യ്യ് വല്ലതുമുണ്ടോ?” നബി(സ) പുഞ്ചിരിതൂകിക്കൊണ്ടരുളി: “ഉണ്ടെങ്കില്‍ താങ്കള്‍ കേള്‍ക്കാന്‍ തയ്യാറുണ്ടോ?”
ഉബയ്യ്: കേള്‍ക്കാന്‍ നിനക്കുചുറ്റും വിഡ്ഢികള്‍ ധാരാളമുണ്ടല്ലോ, പിന്നെ ഞാനെന്തിനാ?
നബി(സ): ഞാന്‍ പറയുന്നതില്‍ എന്തുണ്ട് വിഡ്ഢിത്തം? അതൊന്ന്‍ വിശദീകരിച്ചുതന്നാല്‍ കൊള്ളാം.
ഉബയ്യ്: നീ പറയുന്നതുമുഴുവന്‍ വിഡ്ഢിത്തമോ ഭ്രാന്തോ ആണ്.
നബി(സ): ഈ പ്രപഞ്ചമാകുന്ന യന്ത്രശാലയെ സൃഷ്ടിച്ചു സംരക്ഷിച്ചു നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു അദ്ര്ശ്യശക്തിക്കുമാത്രമേ ആരാധിക്കാന്‍ പാടുള്ളുവെന്ന്‍ പറയുന്നത് ഭ്രാന്താണോ? ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്ത വിഗ്രഹങ്ങളെ പൂജിക്കുന്നതാണോ ബിദ്ധി.?
ഉബയ്യ്: നിന്‍റെ വാചാലതയില്‍ കുടുങ്ങും ഞാനെന്നായിരിക്കും നിന്‍റെ വ്യാമോഹം. വേല കയ്യിലിരിക്കട്ടെ.. ഇത് ഉബയ്യാണ് നിന്നെ ഞാന്‍ പിന്നെ ഒരിക്കല്‍ നേരിട്ടുകൊള്ളാം. വാദപ്രതിവാദത്തിലൂടെയല്ല, വാളുകൊണ്ട്.
നബി(സ): അല്ലാഹുവിന്‍റെ ഇച്ഛയെന്തോ അതുമാത്രമേ നടക്കുകയുള്ളൂ. അതിനാല്‍ നിന്‍റെ ഭീഷണിയില്‍ ഞാന്‍ ഒട്ടും ഭയപ്പെടുന്നില്ല.
ഉബയ്യ്: നീ ഭയപ്പെട്ടുകൊള്ളും. ഒരു ദിവസം ഞാന്‍ ഈ കുതിരപ്പുറത്തിരുന്നുകൊണ്ട് നിന്നെ വാളിനിരയാക്കും.
നബി(സ): അതാണ് വിധിയെങ്കില്‍ അതുനടക്കും. വിധി നേരെ വിപരീതമാകാനും സാധ്യതയുണ്ട്.
ഉബയ്യ്: നീ എന്നെ പോടിപ്പിക്കുകയാണല്ലോ? നമുക്ക് പിന്നെക്കാണാം.
ഇത്രയും പറഞ്ഞുകൊണ്ട് ഉബയ്യ് തന്‍റെ കുതിരയോടിച്ചുപോയി.
ഈ സംഭവം നടന്നിട്ടു ആറേഴുകൊല്ലം കഴിഞ്ഞു. ഉഹ്ദില്‍ മുസ്‌ലിംകള്‍ പരാജയപ്പെട്ടു. ചെറുത്തുനില്‍പ്പു തുടരുന്ന ഘട്ടത്തില്‍ ഉബയ്യ് തന്‍റെ കുതിരപ്പുറത്തുകയറി വാളും ചുഴറ്റിക്കൊണ്ട് നബി(സ)ക്കുനേരെ ചീറിയടുത്തു...........
അയാളോടൊപ്പം ഒരു സൈനികവ്യൂഹവുമുണ്ട്. നബി(സ)യുടെ അംഗരക്ഷകരായി ചുറ്റും നിന്നിരുന്ന സ്വഹാബികള്‍ ആ സൈനികവ്യൂഹവുമായി പോരാട്ടത്തില്‍ മുഴുകി. ഈ തക്കം നോക്കി ഉബയ്യ് നബി(സ)യുടെ കഴുത്തുലക്ഷ്യംവെച്ചുകൊണ്ട് ഖഡ്ഗം വീശി. ഉടനെ നബി(സ) അതു തന്‍റെ പരിചകൊണ്ട് തടുത്തു.അതോടൊപ്പം തന്നെ തന്‍റെ കയ്യിലുണ്ടായിരുന്ന ചവളം തിരുമേനി ഉബയ്യിനു നേരെ എറിഞ്ഞു. അതു മര്‍മ്മത്തു തന്നെ കൊണ്ടു. ഉബയ്യിന്‍റെ മര്‍മ്മത്താണതു തുളച്ചുകയറിയത്. അയാള്‍ ഉറക്കെ അട്ടഹസിച്ചുകൊണ്ട് പിന്തിരിഞ്ഞു തന്‍റെ താവളത്തില്‍ ചെന്നുവീണു. ഖുറൈശികള്‍ അയാളെ ശുശ്രൂഷിച്ചു. മുറിവ് മരുന്ന്‍ വെച്ചുകൊട്ടി. പക്ഷെ, അയാളുടെ വേദനയും വിഭ്രാന്തിയും വര്‍ദ്ധിക്കുകയാണുണ്ടായത്. വേദനയുടെ കാഠിന്യത്താല്‍ അയാള്‍ ഉറക്കെ അലറാന്‍ തുടങ്ങി. അയാള്‍ പറയുകയാണ്; “മുഹമ്മദ് എന്തോ സിഹ്ര്‍ എനിക്കുനേരെ പ്രയോഗിച്ചിട്ടുണ്ട്, അതാണിത്ര കഠിനവേദന. എനിക്കിതു സഹിക്കാന്‍ വയ്യ.”
ഖുറൈശികള്‍ അയാളെ പുച്ഛച്ചു. നിസ്സാരമായ ഒരു മുറിവേറ്റപ്പോഴേക്കും ഇങ്ങനെ വെപ്രാളം കാട്ടുന്നതില്‍ അവര്‍ക്കരിശം വന്നു. ഉബയ്യാകട്ടെ മരണവെപ്രാളം കാണിക്കുകയായിരുന്നു. പക്ഷെ, പെട്ടെന്ന്‍ ജീവന്‍ പോയതുമില്ല. യുദ്ധം കഴിഞ്ഞു തിരിച്ചുപോകുമ്പോള്‍ വഴിയില്‍വെച്ചാണ് അയാളുടെ അന്ത്യമുണ്ടായത്. അതുവരെ അയാള്‍ കിടന്നു മരണവേദനയനുഭവിക്കുകയായിരുന്നു.
ഇങ്ങനെ നബിയെ വധിക്കാന്‍ നേരിട്ടുചെന്ന എല്ലാവരും ഓരോ അപകടങ്ങള്‍ പിണഞ്ഞ് നശിക്കുകയാണുണ്ടായത്. പലരെയും സ്വഹാബികള്‍ വധിക്കുകയും ചെയ്തു. ഇക്കാരണത്താല്‍ നബി(സ)യെ വധിക്കാനുള്ള ശ്രമം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. കഠിനമായ സിഹ്ര്‍ മുഹമ്മദ് പ്രയോഗിക്കുന്നതുകൊണ്ടാണയാളെ വധിക്കാന്‍ കഴിയാത്തതെന്ന്‍ ഖുറൈശികള്‍ പറഞ്ഞു.
(തുടരും)

No comments:
Post a Comment