കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം, ഭാഗം9

  മക്കാജീവിതത്തില്‍ മുസ്ലിംകള്‍ക്കു നേരിടെണ്ടിവന്നിരുന്നത് സത്യനിഷേധികളെയായിരുന്നല്ലോ, എന്നാല്‍ മദീനയില്‍ മുസ്ലിംകളെ ഏറ്റവുമധികം ദ്രോഹിച്ചിരുന്നത് കപടവിശ്വാസികളാണ്. ഇവര്‍ തങ്ങളുടെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി പുറമേ മുസ്ലിംകളായി ചമഞ്ഞ് ഉള്ളില്‍ സത്യനിഷേധം മറച്ചുപിടിക്കുകയായിരുന്നു. സത്യവിശ്വാസികളോടവര്‍ പറയും ഞങ്ങള്‍ മുസ്ലിംകളാണ്. എന്നാല്‍ സത്യനിഷേധികളോടുപറയും ഞങ്ങളൊരിക്കലും മുഹമ്മദില്‍(സ) വിശ്വസിക്കയില്ല.  അവരെ കെണിയില്‍ കുടുക്കാന്‍വേണ്ടി ഞങ്ങള്‍ മുസ്ലിംകളായി അഭിനയിക്കുകയാണ്.


  ഈ നയവഞ്ചകര്‍ സമുദായത്തിനകത്തുനിന്നു ചെയ്തിരുന്ന ദ്രോഹങ്ങള്‍ കനത്തതായിരുന്നു. കാരണം, ഇവരെ മുഴുവന്‍ തിരിച്ചറിയാന്‍ പ്രയാസമുള്ളതുകൊണ്ട് രഹസ്യങ്ങള്‍ ചോര്‍ത്തി ശത്രുക്കള്‍ക്ക് കൊടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. ഇവരുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന പ്രമാണിയാണ്‌. ഇയാള്‍ക്ക് ചില ആശാഭംഗങ്ങള്‍ നബിമൂലം നേരിട്ടിരുന്നു. നബി മദീനയില്‍ ചെല്ലുന്നതിന്‍റെ മുമ്പ് മദീനയിലെ ഔസ്, ഖസ്റജ് എന്നീ ഗോത്രങ്ങള്‍ നിരവധികാലം പരസ്പരം പോരടിക്കുകയും അവസാനം അവര്‍ യോജിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. യോജിച്ചുകഴിഞ്ഞാല്‍ അബ്ദുല്ലാഹിബ്നു ഉബയ്യിനെ മദീനയിലെ രാജാവാക്കാനും പരിപാടിയുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് നബി(സ) മദീനയിലേക്ക് ഹിജ്റവന്നത്. അതോടെ ഒരു രാജാവിന്‍റെ ആവശ്യമില്ലാതെവന്നു. ഇത് അബ്ദുല്ലാഹിബ്നുഉബയ്യിനെ നിരാശനാക്കി. ഈ നൈരാശ്യം അസൂയയായിപരിണമിച്ചു. പക്ഷെ, അതുപുറത്തുകാണിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു. തന്മൂലം കിട്ടുന്ന പഴുതുകളൊന്നും പാഴാക്കാതെ അയാളും അനുയായികളും സമുദായത്തില്‍ പല കുഴപ്പങ്ങളും കുത്തിപ്പോക്കാന്‍ ശ്രമിച്ചുവന്നു. ഉഹ്ദ് യുദ്ധഘട്ടത്തിലും ഈ സുവര്‍ണ്ണാവസരം പാഴാക്കിയില്ല. അബ്ദുല്ലാഹിബ്നുഉബയ്യും അനുയായികളും യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ യുദ്ധത്തിനുപോകാന്‍ തയ്യാറായി. പക്ഷെ, ചില കുതന്ത്രങ്ങള്‍ അവര്‍ ആസൂത്രണം ചെയ്തിരുന്നു. നബിയെയും സ്വഹാബികളെയും കുഴിയില്‍ ചാടിച്ചു കഴുത്തൂരാനുള്ള ശ്രമമാണവര്‍ ചെയ്തത്. അബ്ദുല്ലാഹിബ്നുഉബയ്യിന്‍റെ നേതൃത്വത്തില്‍ ഇരുന്നൂറു കപടന്മാരാണ് ഈ യുദ്ധത്തില്‍ പങ്കെടുക്കാന്‍ വന്നത്. സൈന്യത്തോടൊപ്പം അവരും മദീനയില്‍ നിന്നും പുറപ്പെട്ടു. എന്നാല്‍ സൈന്യം ഒരു മൈല്‍ ദൂരം നീങ്ങിയപ്പോഴേക്കും അബ്ദുല്ലാഹിബ്നു ഉബയ്യ് തന്‍റെ തനിനിറം കാണിച്ചു.


അയാള്‍ നബി(സ)യോട് പറഞ്ഞു;


    “ഖുറൈശി സൈന്യം മുവ്വായിരത്തോളമുണ്ടെന്നാണല്ലോ കേട്ടത്. സര്‍വ്വായുധവിഭൂഷിതരായ അവരെ നഗരത്തിനു പുറത്തുചെന്ന്‍ ആക്രമിക്കാന്‍ വെറും തൊള്ളായിരംപേരുള്ള നമുക്കെങ്ങനെ കഴിയും? നമുക്ക് നഗരത്തിനുള്ളില്‍തന്നെനിന്നു പ്രതിരോധം കെട്ടിപ്പടുക്കുകയാണ് നല്ലത്.”


  നബിക്ക്(സ) മനസ്സിലായി. ഇയാള്‍ കഴുത്തൂരാന്‍ ഓരോ ഞൊണ്ടിന്യായം പറയുകയാണെന്ന്. നബി(സ)ചോദിച്ചു; “ഇതു താങ്കള്‍ക്കു നേരത്തെ പറയാമായിരുന്നില്ലേ? സൈന്യം നീങ്ങിത്തുടങ്ങിയ ശേഷമാണോ അഭിപ്രായം പറയുന്നത്?”


  അബ്ദുല്ലാഹിബ്നുഉബയ്യ് പറഞ്ഞു;,,,

“എനിക്കാദ്യമേയുള്ള അഭിപ്രായമാണിത്. പക്ഷെ, ഇതുപറഞ്ഞിട്ടു പ്രയോജനമില്ലെന്നു കരുതി മിണ്ടാതിരുന്നതാണ്. ഇപ്പോള്‍ നാം വെറുതെ മരിക്കാന്‍ ഒരുങ്ങിപ്പോവുകയാണ് ചെയ്യുന്നതെന്നു ബോധ്യമായിരിക്കുന്നു. ഇതു നല്ലതിനല്ല.   നബിയരുളി; “മരിക്കാന്‍ ഭയമില്ലാത്തവര്‍ക്കേ ജീവിക്കാന്‍ അവകാശമുള്ളൂ. മരണത്തെ ഭയപ്പെടുന്നവര്‍ വീട്ടിനകത്തു വാതില്‍ അടച്ചുപൂട്ടിയിരുന്നാലും സമയമായാല്‍ ഒരു നിമിഷം നീളുകയില്ല. അവര്‍ മരിക്കേണ്ട സ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചേരുകതന്നെചെയ്യും.” അപ്പോള്‍ അയാള്‍ പറഞ്ഞു: “എന്നാല്‍ ഞാന്‍ ഇതിനുതയ്യാറല്ല. എന്‍റെ കൂടെയുള്ളവരും ഇതിനോരുക്കമല്ല. ഞങ്ങളുടെ വീടുകളില്‍ ഒരാണ്‍തുണപോലും ഇല്ലാതെയാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. ഖുറൈശികള്‍ നമ്മളെയെല്ലാം കൊന്നൊടുക്കി മദീനയിലേക്ക് ഇരമ്പിക്കയറുകയാണെങ്കില്‍ നമ്മുടെ സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതി എന്താകും?”
(തുടരും)

No comments:

Post a Comment