നബി(സ)അരുളി; “ഭീരുക്കള്‍ക്ക് യാതൊന്നും നേടാന്‍ സാധിക്കുകയില്ല. അവര്‍ മരണം വരെ ഇങ്ങനെ ഭയന്നുകഴിയേണ്ടിവരും. എന്തായാലും മരിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം എന്നെ അനുഗമിച്ചാല്‍ മതി. മറ്റുള്ളവര്‍ക്ക് തിരിച്ചുപോകാം.”
ഇതുകേട്ട ഉടനെ അബ്ദുല്ലാഹിബ്നുഉബയ്യ് പറഞ്ഞു: “മരണത്തെ ക്ഷണിച്ചുവരുത്താന്‍ ഞാന്‍ തയ്യാറില്ല. തിരിച്ചുപോകാന്‍ തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്.”
നബി(സ)അരുളി; “വിരോധമില്ല.”
അങ്ങനെ അബ്ദുല്ലാഹിബ്നു ഉബയ്യും ഇരുന്നൂറു കപടന്മാരും തിരിച്ചുപോയി. കൊലച്ചതിയാണവര്‍ ചെയ്തത്. നബിയെയും(സ) സ്വഹാബികളെയും ശത്രുക്കളുടെ വായിലേക്ക് തള്ളിവിട്ടുകൊണ്ട് കപടന്മാര്‍ തങ്ങളുടെ മാളത്തിലേക്ക് തലവലിച്ചു.
ഈ ഘട്ടത്തില്‍ നബി(സ) സ്വഹാബികളോട് പറഞ്ഞു; “അല്ലയോ സത്യവിശ്വാസികളെ! കപടന്മാര്‍ ഒഴിഞ്ഞുപോയതു നമുക്കൊരനുഗ്രഹമാണ്. കാരണം, അവര്‍ നമ്മുടെ കൂടെയുണ്ടായിരുന്നാല്‍ ഇതിനേക്കാള്‍ വലിയ അപകടത്തില്‍ ചാടിച്ചേനെ. ഇപ്പോള്‍ നമുക്കവര്‍ വരുത്തിവെച്ച വിന സഹിക്കാവുന്നതെയുള്ളൂ. അവര്‍ നമ്മുടെ കൂടെ യുദ്ധക്കളത്തില്‍വന്ന്‍ നമ്മെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുത്താല്‍ നാമെന്തുചെയ്യും. ഏതായാലും അവര്‍ പോയതില്‍ സന്തോഷിക്കാനേ വകയുള്ളൂ. ഒട്ടും ദു:ഖിക്കേണ്ടതില്ല.”
കപടന്മാര്‍ ഒഴിഞ്ഞുപോയതോടെ തൊള്ളായിരം പേരുണ്ടായിരുന്ന സൈന്യം എഴുന്നൂറായി ചുരുങ്ങി. പക്ഷെ, അവര്‍ കറകളഞ്ഞ വിശ്വാസികളായിരുന്നു.
എല്ലാ പ്രവാചകന്മാരുടെ കാലത്തും ഉണ്ടായിട്ടുണ്ട് ഇത്തരം കപടവിശ്വാസികള്‍. മൂസാനബിക്ക് ശേഷം ഇസ്രായേലുകാരുടെ രാജാവായ താലൂത്ത് തന്‍റെ പടയാളികളുമായി ജാലൂത്തിനോട് പൊരുതാന്‍ പോകുമ്പോള്‍ കപടവിശ്വാസിളെ വേര്‍തിരിച്ച കഥ ഖുര്‍ആനില്‍ പറയുന്നുണ്ട്. അവര്‍ ഒരു നദികടക്കുമ്പോള്‍ താലൂത്ത് രാജാവ് കല്‍പിച്ചു; നദിയില്‍ നിന്ന്‍ കൈകൊണ്ട് ഒരു കോരല്‍ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ എന്ന്‍. പടയാളികള്‍ക്ക് കഠിനമായ ദാഹമുണ്ടായിരുന്നു. എങ്കിലും കറകളഞ്ഞ വിശ്വാസികള്‍ കല്‍പന സ്വീകരിച്ചു. മറ്റുള്ളവര്‍ നദിയില്‍ കമിഴ്ന്നുകിടന്നു വയറുനിറയെ വെള്ളം കുടിച്ചു. താലൂത്ത് രാജാവ് അത്തരക്കാരെയെല്ലാം തന്‍റെ സൈന്യത്തില്‍ നിന്നും പുറത്താക്കുകയുമുണ്ടായി. ആ കപടന്മാര്‍ തിരിച്ചുപോവുകയും ചെയ്തു. എന്നാല്‍ അവര്‍ സ്വയം പിരിഞ്ഞു പോയതല്ല. താലൂത്ത് രാജാവ് പിരിച്ചയക്കുകയാണ് ഉണ്ടായത്. ഇവിടെ അതല്ല ഉണ്ടായത്. മുനാഫിഖുകള്‍ ചില ഞൊണ്ടിന്യായങ്ങള്‍ പറഞ്ഞ് സ്വയം പിരിഞ്ഞുപോവുകയാണ് ചെയ്തത്. ഏതായാലും നബി(സ)യുടെയും സ്വഹാബികളുടെയും ദൃഡനിശ്ചിയത്തിന് ഒരു പോറല്‍പോലുമേല്‍പ്പിക്കാനവര്‍ക്ക് കഴിഞ്ഞില്ല..
(തുടരും)

No comments:
Post a Comment