കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം ഭാഗം:8

 നബിതിരുമേനി(സ) തലേദിവസം ഒരു സ്വപ്നം കണ്ടിരുന്നു. പോരാട്ടത്തില്‍ തന്‍റെ ദുല്‍ഫുഖാര്‍ എന്ന വാളിന്‍റെ മുന പൊട്ടിയെന്നും ഒരുകൂട്ടം പക്ഷികള്‍ അറുക്കപ്പെട്ടുവെന്നുമായിരുന്നു സ്വപ്നം. ഇതു സ്വഹാബികളെ അറിയിച്ചുകൊണ്ട്‌ തിരുമേനിയരുളി; “വിധിയെന്തായാലും അതുനടക്കട്ടെ, നമുക്ക് പുറപ്പെടാം. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം യുദ്ധത്തിനു പുറപ്പെട്ടുകൊള്ളുക.” നബി(സ) ആജ്ഞാപിച്ചു.


  മദീന സജീവമായി. സ്വഹാബികള്‍ ആവേശഭരിതരായി ഒരുക്കങ്ങള്‍ ആരംഭിച്ചു. പടക്കോപ്പണിഞ്ഞുകൊണ്ടാണവര്‍ ജുമുഅക്ക് വന്നത്. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ രക്തസാക്ഷിത്വം. ഇതുരണ്ടും അവര്‍ക്ക് പ്രിയങ്കരമായിരുന്നു. അവര്‍ ആയുധധാരികളായി പള്ളിക്കുചുറ്റും തടിച്ചുകൂടി. ജുമുഅക്കുശേഷം ആയുധമണിഞ്ഞുകൊണ്ട് നബിയും(സ) പുറത്തുവന്നു. ഈ ഘട്ടത്തില്‍ സ്വഹാബികള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു; “നബി(സ) നഗരത്തിനു പുറത്തുചെന്നു ആക്രമം നടത്താന്‍ ഇഷ്ടപ്പെടുന്നില്ല. ഭൂരിപക്ഷത്തിന്‍റെ നിര്‍ബന്ധംകൊണ്ടാണ് ഈ അഭിപ്രായം തിരുമേനി സ്വീകരിച്ചത്. ഇതു നല്ലതിനല്ല. നബിയുടെ(സ) അഭിപ്രായത്തിനു വിട്ടുകൊടുക്കുന്നതാണ് നല്ലത്.”


  ഇതുകേട്ടപ്പോള്‍ സംഗതി ശരിയാണെന്ന് ബോധ്യമായ അന്‍സാറുകള്‍ നബിയോടരുളി; “അല്ലാഹുവിന്‍റെ റസൂലേ...! നഗരത്തിനു പുറത്തുചെന്നു ആക്രമണം നടത്തണമെന്ന ഞങ്ങളുടെ അഭിപ്രായം സ്വീകരിച്ചുകൊള്ളണമെന്ന് ഞങ്ങള്‍ക്കു നിര്‍ബന്ധമില്ല. അക്കാര്യം അങ്ങയുടെ തീരുമാനത്തിനു വിട്ടുതരാന്‍ ഞങ്ങള്‍ തയ്യാറാണ്. അതുകൊണ്ട് ഞങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ അങ്ങയുടെ അഭിപ്രായമാനുസരിച്ചു തീരുമാനിച്ചാലും. ഞങ്ങള്‍ അങ്ങയുടെ ഏതു തീരുമാനവും ശിരസാവഹിക്കാന്‍ തയ്യാറാണ്.”


  ഈ ഘട്ടത്തില്‍ നബി(സ)യരുളി; ‘ഞാന്‍ ആയുധമണിഞ്ഞുകഴിഞ്ഞു. ഇനി യുദ്ധം കഴിഞ്ഞല്ലാതെ ഇതഴിച്ചുവെക്കലില്ല. ഏതൊരു നബിയും ആയുധമണിഞ്ഞുകഴിഞ്ഞാല്‍ അതഴിച്ചുവെക്കല്‍ യുദ്ധം കഴിഞ്ഞശേഷം മാത്രമാണ്. ചാഞ്ചല്യം പ്രവാചകന്മാര്‍ക്ക് ചേര്‍ന്നതല്ല. അത് പരാജയത്തിന്‍റെ ദൂതനാണ്‌. നമുക്ക് ഉറച്ചകാല്‍വെപ്പോടെ മുന്നോട്ടുനീങ്ങേണ്ടതുണ്ട്. എല്ലാം അള്ളാഹുവില്‍ സമര്‍പ്പിച്ചുകൊണ്ട് നമുക്ക് പുറപ്പെടാം.


  നബി(സ) പതിവിനുവിപരീതമായി രണ്ട് കവചം അണിഞ്ഞിട്ടാണ് ഉഹ്ദ് യുദ്ധത്തിനു പുറപ്പെട്ടത്. മദീനയാകെ യുദ്ധഭേരി മുഴങ്ങുകയായി. ആവേശത്തള്ളിച്ചയാല്‍ സ്വഹാബികള്‍ തക്ബീര്‍ധ്വനികള്‍ മുഴക്കിക്കൊണ്ടിരുന്നു. എങ്ങും ഉത്സാഹത്തിമാര്‍പ്പ്. ബദറില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന യുവാക്കളുടെ ആവേശം അലതല്ലുകയായിരുന്നു.


  യുദ്ധത്തിനു പുറപ്പെടുമ്പോള്‍ നബിതിരുമേനി(സ) കുരുടനായ അബ്ദുല്ലാഹിബ്നി ഉമ്മിമക്ത്തും(റ) എന്ന സ്വഹാബിയെ മദീനയിലെ ഭരണവും ഇമാമത്തും ഏല്‍പിച്ചു. നബിയും സ്വഹാബികളും പുറപ്പെടുകയായി. ഇരുട്ടിന്‍റെ വക്താക്കളുമായി ഏറ്റുമുട്ടാന്‍ വെളിച്ചത്തിന്‍റെ ആത്മാക്കള്‍ ഇറങ്ങി.


  തൊള്ളായിരം സ്വഹാബികളാണ് മുസ്ലിംസൈന്യത്തിലുണ്ടായിരുന്നത്. ഔസ് വംശനേതാവായ ഹസ്രത്ത് ഉബാദത്ത്(റ) വിനെ വിളിച്ചു നബി(സ) ഒരു പതാക ഏല്‍പിച്ചു. മറ്റൊരു പതാക ഖസ്റജ് വര്‍ഗ്ഗനേതാവ് ഹസ്രത്ത് സഅദുബിനു ഉബാദത്തിന്‍റെ കൈയിലും കൊടുത്തു. മൂന്നാമത്തെ പതാക മുഹാജിറുകളുടെ പ്രതിനിധിയായ ഹസ്രത്ത് അലിയ്യിബ്നു അബൂതാലിബിനും നല്‍കി. ഈ മൂന്നു പതാകകള്‍ക്കുകീഴില്‍ അണിനിരന്ന സ്വഹാബികളുടെ തക്ബീര്‍ ധ്വനികള്‍ അന്തരീക്ഷം മുഖരിതമാക്കി. അലി(റ)യുടെ കയ്യില്‍ പതാക കൊടുത്തുകൊണ്ട് നബി(സ) അരുളി; ഈ പതാക താങ്കളും ബനൂഅബ്ദുദ്ദാര്‍ വംശനേതാവായ മിസ്‌അബ്(റ)വും മാറിമാറി വഹിക്കുക. അവര്‍ അങ്ങനെ ചെയ്തു. സ്വഹാബികള്‍ അണിയണിയായി നീക്കമാരംഭിച്ചു. ധര്‍മ്മസമരത്തില്‍ അടരാടി രക്തസാക്ഷിത്വം വരിക്കാനുള്ള അത്യാവേശത്തോടെ തൗഹീദിന്‍റെ പതാകകളെന്തി തക്ബീറിന്‍റെ മന്ത്രധ്വനികള്‍ മുഴക്കി അവര്‍ മുന്നോട്ടുനീങ്ങുകയാണ്.....
(തുടരും)

No comments:

Post a Comment