നേതാവ് പറഞ്ഞു: “പാടില്ല, നബിതിരുമേനി(സ) നമ്മോട് അരുളിയിട്ടുള്ളത് ഓര്‍ക്കുക. തിരുമേനിയുടെ കല്‍പന കിട്ടിയശേഷമല്ലാതെ മലയില്‍നിന്നിറങ്ങരുതെന്നാണല്ലോ കല്‍പന. അതു ലംഘിച്ചുകൂടാ. ലംഘിച്ചാല്‍ വലിയ അപകടത്തിനതു കാരണമാകും, സൂക്ഷിക്കുക.”
“നബി നമ്മോട് ഇവിടെനിന്നിറങ്ങരുതെന്നു പറഞ്ഞതു യുദ്ധം ജയിക്കാനാണല്ലോ? അതു ജയിച്ചുകഴിഞ്ഞു. ഇനി ഇവിടെ വെറുതെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല, നമുക്ക് താഴെയിറങ്ങാം, സമരധനം സംഭരിക്കുന്നതില്‍ പങ്കുചേരാം എന്ന്‍ അവര്‍ പ്രതികരിച്ചു.
“അരുത്! നബിയുടെ കല്‍പന ലംഘിക്കരുതെന്ന്‍ അവരോട് കെഞ്ചിപ്പറഞ്ഞുവെങ്കിലും അവര്‍...
നിങ്ങള്‍ പറയുന്നതില്‍ യാതോരര്‍ത്ഥവുമില്ല. ഞങ്ങള്‍ പോകുന്നു, നിങ്ങളവിടെ നിന്നുകൊള്‍ക എന്നുപറഞ്ഞുകൊണ്ടവര്‍ മലയിറങ്ങി. പടക്കളത്തില്‍ സമരധനം വാരിക്കൂട്ടുന്നതില്‍ അവരും പങ്കുചേര്‍ന്നു.
ഈ സമയത്ത് മലമുകളിലുള്ള മര്‍മ്മസ്ഥാനങ്ങളില്‍ നേതാവായ അബ്ദുല്ലാഹിബ്നുജുബൈറും പന്ത്രണ്ടനുയായികളും മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മറ്റുള്ളവരെല്ലാം താഴെ ഇറങ്ങിക്കഴിഞ്ഞിരുന്നു.
ഇതുകണ്ടു ഖാലിദും ഇക്രിമത്തും പുഞ്ചിരിക്കുകയായിരുന്നു. ആശ്വാസത്തിന്‍റെ നെടുവീര്‍പ്പുകള്‍ ഉതിര്‍ത്തുകൊണ്ടവര്‍ ഉഹ്ദ്മല പിടിച്ചടക്കാനുള്ള ഒരുക്കമായി. ചിന്നിച്ചിതറിയ പടയാളികളെ പുന:സംഘടിപ്പിച്ചുകൊണ്ടവര്‍ മലയിലേക്ക് മാര്‍ച്ചുചെയ്തു. അവിടെ അപ്പോഴും ഉറച്ചുനിന്നിരുന്ന അബ്ദുല്ലാഹിബ്നുജുബൈറിനെയും പന്ത്രണ്ടു അനുയായികളെയും നിഷ്പ്രയാസം വധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പിന്നെ മലയുടെ മര്‍മ്മസ്ഥാനങ്ങളില്‍ പടയാളികളെ നിര്‍ത്തി. ബാക്കിയുള്ളവര്‍ താഴോട്ടിറങ്ങി. സമരധനം ആഹ്ലാദപൂര്‍വ്വം വാരിക്കൂട്ടുകയായിരുന്ന സ്വഹാബികളെ അവര്‍ പിന്നില്‍നിന്നാക്രമിക്കാന്‍ തുടങ്ങി. ഈ ഓര്‍ക്കാപ്പുറത്തുള്ള ആക്രമണം തടുക്കാന്‍ അവരുടെ കയ്യില്‍ ആയുധംപോലുമുണ്ടായിരുന്നില്ല. മലമുകളില്‍നിന്നു ശത്രുക്കള്‍ ശരമാരി വര്‍ഷിക്കുകയും ചെയ്തു. ഇതോടെ മുസ്ലിം സൈന്യം അടിപതറി. അമ്പുകള്‍ കണ്ണുകളിലും മൂക്കിലും തുളച്ചുകയറാന്‍ തുടങ്ങിയപ്പോള്‍ വാരിക്കൂട്ടിയ ധനമെല്ലാം വലിച്ചെറിഞ്ഞു ഓടാന്‍ തുടങ്ങി. അവരെ ശത്രുക്കള്‍ അറിഞ്ഞു തള്ളുകയായിരുന്നു. ‘യാലല്‍ഉസ്സ, യാലുല്‍ഹുബുല്‍’ എന്നാക്രോശിച്ചുകൊണ്ട് ശത്രുക്കള്‍ മുന്നേറുമ്പോള്‍ മുസ്ലിംകള്‍ അവരുടെ അടയാളവാക്യമായ ‘അമിത്ത്’ എന്ന ശബ്ദംപോലും മറന്നുപോയിരുന്നു. തന്മൂലം അവര്‍ ആളെയറിയാതെ പരസ്പരംതന്നെ പൊരുതുകയും ചെയ്തിരുന്നു. മലമുകളില്‍നിന്നു പേമാരിപോലെ പെയ്യുകയായിരുന്നു ശരങ്ങള്‍. ധാരാളം മുസ്ലിം വീരകേസരികള്‍ അമ്പേറ്റും കഴുത്ത്മുറിഞ്ഞും രക്തസാക്ഷികളായി. ചീറിവരുന്ന കൂരമ്പുകളെ തടുക്കാന്‍ യാതൊരു മാര്‍ഗ്ഗവും കാണാതെ മുസ്ലിംകള്‍ പലരും പടക്കളം വിട്ടോടി. തോറ്റു പടക്കളം വിട്ടോടിയ ഖുറൈശി പടയാളികളെല്ലാം തിരിച്ചുവരികയായിരുന്നു. അവര്‍ നല്ല കൊയ്ത്താണ് നടത്തിയിരുന്നത്. മലമുകളില്‍നിന്നുള്ള ശരവര്‍ഷം വലിയൊരുസംരക്ഷണം പോലെയാണ് ഖുറൈശികള്‍ക്കനുഭവപ്പെട്ടത്. മുസ്ലിം പടയാളികള്‍ക്കാകട്ടെ ഒരു ആകാശാക്രമണംപോലെയും. പലരും തങ്ങളുടെ വിരിമാറുവിടര്‍ത്തിക്കാണിച്ചുകൊണ്ടാണ് അവരെ നേരിട്ടത്. മരിച്ചുവീഴുകയല്ലാതെ മറ്റുമാര്‍ഗ്ഗമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. ഉഹ്ദിന്‍റെ താഴ്വര രക്തപ്പുഴയായി മാറി. അപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരുന്നു. ഇരുട്ടും പരിഭ്രാന്തിയും മുസ്ലിംകളെ വലയം ചെയ്തു. അപ്പോഴേക്കും ചില ചുണക്കുട്ടികള്‍ ആയുധമാണിഞ്ഞു ശത്രുനിരകളെ ഭോദിക്കാന്‍ ജീവന്മരണപ്പോരാട്ടം നടത്തിക്കൊണ്ടിരുന്നു. അവരെല്ലാം ശത്രുക്കളുടെ വാളിനിരയാവുകയാണുണ്ടായത്. ഇസ്ലാമികപതാക രക്തത്തില്‍ കുതിര്‍ന്നു വീണുകിടക്കുമ്പോള്‍ ഹസ്രത്ത് മിസ്‌അബുബ്നു ഉമൈര്‍(റ) അതെടുത്ത് ഉയര്‍ത്തിപ്പിടിച്ച് മുന്നേറാന്‍ ശ്രമിച്ചു, ശത്രുക്കള്‍ അദ്ദേഹത്തെ വലയംചെയ്തു. അദ്ദേഹം തന്‍റെ ഖഡ്ഗം വീശാന്‍ തുടങ്ങി. പലരും അതേറ്റു നിലംപതിച്ചു. പക്ഷെ, ഏറെനേരം പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. മലമുകളില്‍നിന്നു ചീറിപ്പാഞ്ഞുവന്ന അസ്ത്രങ്ങള്‍ ആ മഹാത്മാവിനെ വീഴ്ത്തിക്കളഞ്ഞു. അദ്ദേഹവും രക്തസാക്ഷിയായി.... ഇന്നാലില്ലാഹി........
(തുടരും)

 
No comments:
Post a Comment