ഹസ്രത്ത് അലി(റ)തന്‍റെ ഖഡ്ഗം കൊണ്ട് മായാജാലം സൃഷ്ടിച്ചുമുന്നേറി. ഹസ്രത്ത് ഹംസ(റ) കൈയും മെയ്യും മറന്ന്‍ പടക്കളത്തില്‍ പരന്നു പൊരുതുകയാണ്. സുബൈര്‍(റ)തന്‍റെ ഖഡ്ഗത്താല്‍ മിന്നല്‍പ്പിണര്‍ സൃഷ്ടിച്ചുമുന്നേറി. ഇങ്ങനെ മുസ്ലിം പടയുടെ ഇടതുവിംഗും വലതുവിംഗും ഖുറൈശികളുടെ നേരെ ആഞ്ഞടിക്കുകയായിരുന്നു. പോരാത്തതിനു മലമുകളില്‍നിന്നുള്ള ശരവര്‍ഷവും. എല്ലാംകൂടിയായപ്പോള്‍ ഖുറൈശിപ്പട ചിന്നിച്ചിതറി. അവരുടെ പടനായകനായ അബൂസഫ്യാന്‍(ഇദ്ദേഹം പിന്നീട് മുസ്ലിം ആയിട്ടുണ്ട്) ഇതികര്‍ത്തവ്യഥാമൂഢനായിപ്പോയി. ഇതുകണ്ട് കുപിതയായ അദ്ദേഹത്തിന്‍റെ ഭാര്യ ഹിന്ത് മുന്നോട്ട് വന്നു. തന്‍റെ ഭര്‍ത്താവിനെ പരിഹസിക്കാന്‍ തുടങ്ങി; “ആണും പെണ്ണുമല്ലാത്ത മനുഷ്യാ! നാണമില്ലേ, ദുര്‍ബ്ബലരായ ശത്രുക്കളുടെ മരണ പരാക്രമം കണ്ട് മിഴിച്ചുനില്‍ക്കാന്‍. സൈന്യത്തെ പുന:സംഘടിപ്പിച്ചു ആഞ്ഞടിക്കൂ. അതിനു സാധ്യമല്ലെങ്കില്‍ വീരമരണം വരിക്കൂ...”
ഈ ഘട്ടത്തില്‍ ഹസ്രത്ത് അബൂദുജാന(റ) മരണം വിതക്കുന്ന തന്‍റെ വാള്‍ ഹിന്തിന്‍റെ നേരെ ഓങ്ങി. ഹിന്തിന്‍റെ കുടല്‍ വിറച്ചു. അവള്‍ ഉറക്കെ അട്ടഹസിച്ചുകൊണ്ട് ഓടി. നബി(സ) സമ്മാനിച്ച വാളുമായി അബൂദുജാന(റ) അവളെ പിന്തുടര്‍ന്നു വധിക്കാന്‍ ശ്രമിച്ചു. നബി(സ) ഇതുകണ്ടു. ‘അരുത്, അവളെ വധിക്കരുത്.’ നബി(സ) ആജ്ഞാപിച്ചു. അബൂദുജാന(റ) പറഞ്ഞു; “അങ്ങ് എനിക്കു സമ്മാനിച്ച ഈ പരിശുദ്ധഖഡ്ഗം സ്ത്രീരക്തത്താല്‍ മലിനമാക്കാന്‍ ഞാനുദ്ദേശിച്ചിട്ടില്ല. അവളെ ഭയപ്പെടുത്തുക മാത്രമാണെന്‍റെ ഉദ്ദേശം. അല്ലാത്തപക്ഷം അവളുടെ ഉടലും തലയും നേരത്തെതന്നെ വേര്‍പെട്ടെനെ”
ഹിന്തിനോടദ്ദേഹം പറഞ്ഞു: “നിന്‍റെ വീരസ്യം ഞാനിപ്പോള്‍ കണ്ടു. ഇനിയെങ്കിലും പടക്കളത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലത്. നിന്നെ കൊല്ലാന്‍ ഏതുനിമിഷത്തിലും എനിക്കു സാധിക്കുമെന്നോര്‍ക്കുക. അല്ലാഹുവിന്‍റെ റസൂല്‍ എനിക്കു സമ്മാനിച്ച ഈ ഖഡ്ഗം മലിനമാക്കാന്‍ നീ എന്നെ നിര്‍ബന്ധിതനാക്കരുത്.”
ഹിന്ത് പടക്കളത്തില്‍നിന്നും കയറിനിന്നു. അവളുടെ ഹൃദയത്തില്‍ ഭയത്തിന്‍റെ പാരാവാരം അലതല്ലുകയായിരുന്നു. അബൂദുജാനത്തിന്‍റെ വാള്‍ തന്‍റെ തലക്കുമുകളില്‍ ഉയര്‍ന്ന നിമിഷത്തെപ്പറ്റി ഓര്‍ത്തപ്പോള്‍ കാല്‍മുട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. പടക്കളത്തില്‍നിന്നുകയറിയെങ്കിലും ഖുറൈശിസൈന്യങ്ങള്‍ക്കു വീര്യം പകര്‍ന്നുകൊടുക്കുന്നതില്‍ കുറവുവരുത്തിയില്ല. കൂട്ടുകാരികളോടൊപ്പം ദഫ്മുട്ടി ഗാനമാലപിച്ചുകൊണ്ട് പടയാളികള്‍ക്കവര്‍ പ്രോത്സാഹനം നല്‍കിക്കൊണ്ടിരുന്നു. അവള്‍ പാടുകയാണ് “ അല്ലയോ അബൂദ്ദാറിന്‍റെ ഓമല്‍ സന്തതികളെ! നിങ്ങള്‍ക്കു മംഗളം, ഒരായിരം ആശംസകള്‍! പടക്കളത്തെ പട്ടുമെത്തയായി പരിഗണിക്കുന്ന വീരഖുറൈശികളെ! നിങ്ങള്‍ക്കഭിവാദ്യം! നിങ്ങളുടെ വാളുകള്‍ മൂര്‍ച്ചയേറിയതും മിന്നല്‍പ്പിണര്‍ വിതക്കുന്നതുമാണ്. നിങ്ങളുടെ ഹൃദയങ്ങള്‍ കരുത്തുറ്റതും!”
“നിങ്ങളുടെ മഹിളകളായ ഞങ്ങള്‍ നക്ഷത്രപുത്രിമാരാണ്. ഞങ്ങളുടെ സൗന്ദര്യത്തെ വെല്ലാന്‍ ലോകത്തുവേറെ സ്ത്രീകളില്ല. പുരുഷന്മാരായ നിങ്ങളുടെ ധീരതയും അപ്രകാരം തന്നെ. മൃദുല മനോഹരമായ പട്ടുമെത്തകളും പച്ചവില്ലീസിന്‍റെ തലയണകളും നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു. അന്നനടയുള്ള മോഹിനിമാരായ ഞങ്ങളുടെ ശിരസ്സില്‍ കസ്തൂരിയും കഴുത്തില്‍ മുത്തുമാലയുമുണ്ട്. കസ്തൂരിയുടെ സുഗന്ധം ലോകത്തെങ്ങും അടിച്ചുവീശുകയും മുത്തുമാലയിലെ മുത്തുകള്‍ പ്രപഞ്ചത്തിലാകെ മിന്നിത്തിളങ്ങുകയും ചെയ്യുന്നു, വീരയോദ്ധാക്കള്‍ക്ക് മിനുസമുള്ള സുഖശയ്യയൊരുക്കുന്നവരാണ് ഞങ്ങള്‍. പിന്തിരിഞ്ഞോടുന്ന ഭീരുക്കള്‍ക്ക് കൂര്‍ത്തുമൂത്ത ശരശയ്യയും. ഭീരുക്കളെ ഞങ്ങള്‍ക്കാവശ്യമില്ല. ധീരന്മാരേ, നിങ്ങള്‍ ആത്മാര്‍പ്പണം ചെയ്യുന്നതുകണ്ടു രോമാഞ്ചമണിയുന്നവരാണ് ഞങ്ങള്‍. മുന്നേറുവിന്‍ ശത്രുവിന്‍റെ തലയില്‍ ആഴത്തില്‍ ആഴത്തില്‍ കടിക്കുവീന്‍..
(തുടരും)

No comments:
Post a Comment