ഹസ്രത്ത് ഹംസ(റ)വും ഹസ്രത്ത് സുബൈറുബ്നുല്‍ അവാമും തങ്ങളുടെ അണികളെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നു. “അമിത്ത്” എന്ന അടയാളവാക്യം ഉദ്ധരിച്ചുകൊണ്ട് മുസ്‌ലിംകള്‍ ഖുറൈശികളെ അറിഞ്ഞുവീഴ്ത്തുകയായിരുന്നു. യാലല്‍ഉസ്സ, യാലല്‍ഹുബുല്‍(ഉസ്സ എന്ന ദൈവമേ, ഹുബുല്‍ എന്ന ദൈവമേ) എന്നാര്‍ത്തുവിളിച്ചുകൊണ്ട് ഖുറൈശികള്‍ പ്രതിരോധിച്ചുനിന്നു. ഈ ഘട്ടത്തില്‍ ഉഹ്ദ് മലമുകളില്‍നിന്നും ഹസ്രത്ത് അബ്ദുല്ലാഹിബ്നുജുബൈറും കൂട്ടുകാരും ശത്രുക്കള്‍ക്കുനേരെ ശരമാരി വര്‍ഷിച്ചുകൊണ്ടിരുന്നു. അതിനാല്‍ വലതുവിംഗിലുള്ള ശത്രുസൈന്യത്തിനു നിലനില്‍പ്പില്ലാതെവന്നു. അവരുടെ കണ്ണും കാതും മൂക്കുമെല്ലാം അമ്പുകള്‍ കൊണ്ട് തുളഞ്ഞു രക്തം ചീറ്റി. ഖുറൈശി വലതുവിംഗ് തകരുന്നതുകണ്ട് ഖാലിദുബ്നുല്‍ വലീദ് തന്‍റെ അണി ഉറപ്പിച്ചുനിര്‍ത്താന്‍ അശ്രാന്തയത്നം ചെയ്യുകയായിരുന്നു. പക്ഷെ, മലമുകളില്‍ നിന്നു ചീറിവരുന്ന അസ്ത്രമഴയെ തടുക്കാന്‍ സാധിക്കാതെ, കൂര്‍ത്തുമൂത്ത ശരങ്ങള്‍ തന്‍റെ കൂട്ടുകാരുടെ കണ്ണും മൂക്കും തകര്‍ക്കുന്നതു നിസ്സഹായനായി നോക്കിനില്‍ക്കാനേ അദ്ദേഹത്തിനുകഴിഞ്ഞുള്ളൂ. അതു തടുക്കാന്‍ ഒരു മാര്‍ഗ്ഗവും കണ്ടില്ല. എങ്ങനെയെങ്കിലും മലമുകളിലുള്ള മുസ്ലിം സേനയെ താഴെയിറക്കാന്‍ എന്തുമാര്‍ഗ്ഗം എന്ന ചിന്തയായി ഖാലിദിന്. മരണം വിതച്ചുകൊണ്ടിരിക്കുകയാണവര്‍. പുറമെ മുസ്ലിം സൈന്യത്തിന്‍റെ ഇടതും വലതും വിംഗുകളുടെ മുന്നേറ്റവും. തന്മൂലം ഖുറൈശികളുടെ വലതുവിംഗ് തീരെ പിച്ചിച്ചീന്തപ്പെട്ടു. മലമുകളില്‍ മര്‍മ്മസ്ഥാനത്തു നില്‍ക്കുന്ന സ്വഹാബികളെ നശിപ്പിച്ചല്ലാതെ രക്ഷയില്ലെന്നു ഖുറൈശികള്‍ക്കു ബോധ്യമായി. പക്ഷെ, അതിനു യാതൊരു മാര്‍ഗ്ഗവും കണ്ടില്ല...
രാജാക്കന്മാരെപ്പോലെ സൈന്യങ്ങളെ പടക്കളത്തിലേക്ക് വിട്ട് ഉരുക്കുകോട്ടയില്‍ ഒളിഞ്ഞിരുന്നു യുദ്ധം നയിക്കുകയല്ല നബിതിരുമേനി(സ) ചെയ്തിരുന്നത്. തിരുമേനിയും തന്‍റെ സ്വഹാബികളോടൊപ്പം പോരാടുകയായിരുന്നു. നബി(സ)യെ ഏതെങ്കിലും വിധത്തില്‍ വധിക്കാന്‍ ഖുറൈശികളില്‍ പലരും തക്കം നോക്കുന്നുണ്ട്. ഒരു ചതിക്കുഴിയും അവര്‍ കുഴിച്ചുവച്ചിരുന്നു. അബുആമിര്‍ എന്ന നീചനാണ് ഈ ചതിക്കുഴി നിര്‍മ്മിച്ചത്. ഇങ്ങിനെ നബി(സ)യെ കുടുക്കാന്‍ നാനാവിധ പദ്ധതികളും അവര്‍ ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു. ഹസ്രത്ത് അബൂബക്കര്‍(റ), ഉമര്‍ഫാറൂഖ്(റ) തുടങ്ങിയ സ്വഹാബികള്‍ നബി(സ)ക്ക് ചുറ്റും നിന്നു പൊരുതിയിരുന്നു. നബി(സ)ക്കുനേരെ ഉയരുന്ന വാളുകള്‍ക്കവര്‍ തിരിച്ചടി നല്‍കിക്കൊണ്ടിരുന്നു. നബി(സ)യെ വെട്ടിവീഴ്ത്താന്‍ മുന്നോട്ടു വരുന്നവരെ അവര്‍ വെട്ടിവീഴ്ത്തുന്നുണ്ടായിരുന്നു. നബി(സ)യും ഈ യുദ്ധത്തില്‍ ഖുറൈശികളെ വധിക്കുകയുണ്ടായി. യുദ്ധം കൊടുമ്പിരിക്കൊണ്ട ഘട്ടത്തില്‍ ഹസ്രത്ത് അബൂബക്കര്‍ സിദ്ദീഖ്(റ) നബി(സ)യുടെ സമീപത്തുനിന്നുകൊണ്ട് നബി(സ)ക്കെതിരെ വരുന്ന ആക്രമങ്ങള്‍ തടുക്കുകയായിരുന്നു. തദവസരം തന്‍റെ പുത്രന്‍ അബുല്‍കഅബ(ഇദ്ദേഹം പിന്നീട് മുസ്ലിം ആയിട്ടുണ്ട്) നബി(സ)യെ പുച്ഛിക്കുന്നതും പരിഹസിക്കുന്നതും സിദ്ദീഖ്(റ) കേട്ടു. അദ്ദേഹത്തിന്‍റെ ധര്‍മ്മരോഷമിളകി. അദ്ദേഹം സ്വന്തം പുത്രനെ വധിക്കാന്‍ ശ്രമിച്ചപ്പോള്‍ നബി(സ) അരുളി; “വേണ്ട, അവനെ വെറുതെ വിട്ടേക്കൂ ചെറുപ്പമല്ലേ? പുനര്‍വിചിന്തനം ചെയ്തേക്കാം.”
പിന്നെ സിദ്ദീഖിനു നിവൃത്തിയില്ലായ്കയാല്‍ തന്‍റെ രോഷം കടിച്ചമര്‍ത്തി. ബദര്‍യുദ്ധത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
നബി(സ) സമ്മാനിച്ച വാളുമായി ഹസ്രത്ത് അബൂദുജാന(റ) ഖുറൈശീ അണികളെ ഭോദിച്ച് മുന്നേറുകയായിരുന്നു. നബിതിരുമേനി(സ) എനിക്കു സമ്മാനിച്ച ഈ ഖഡ്ഗത്തെ തടുക്കാന്‍ ആരുണ്ട്? എന്നലറികൊണ്ട് അദ്ദേഹം പുല്ലരിയുന്ന ലാഘവത്തോടെ ഖുറൈശികളുടെ തലകള്‍ അരിഞ്ഞുവീഴ്ത്തി.
(തുടരും)

 
No comments:
Post a Comment