കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം ഭാഗം:15


  ഖുറൈശികളുടെ പതാക വീണ്ടും ചോരക്കളത്തില്‍ വീണുകിടന്നു. ഉടനെ ഉസ്മാന്‍റെ സഹോദരന്‍ കൊടിയെടുത്തുഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുവന്നു. എന്‍റെ സഹോദരന്മാരുടെ ഓരോ തുള്ളി ചോരക്കും ഞാന്‍ പ്രതികാരം ചോദിക്കുമെന്നയാള്‍ വീമ്പിളക്കിക്കൊണ്ടിരിക്കെ മലമുകളില്‍ നിന്നു ചീറിപ്പാഞ്ഞുവന്ന ഒരമ്പേറ്റു അയാളും നിലംപതിച്ചു. ഇതോടെ അബ്ദുദ്ദാര്‍ വംശത്തിന്‍റെ ചോരയ്ക്കു ചൂടുപിടിച്ചു. പ്രതികാരാഗ്നി ആളിക്കത്തി. പതാകവാഹകരായ അവരുടെ സഹോദരങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി പടക്കളത്തില്‍ ശിരസ്സറ്റുവീഴുന്നതുകണ്ട് പ്രതികാരാഗ്നി ആളിക്കത്തി. പ്രാചീനകാലം മുതല്‍ക്കുതന്നെ ഖുറൈശികളുടെ കൊടിപിടിക്കാന്‍ അവകാശമുള്ളവരാണ് അബ്ദുദ്ദാര്‍ വംശക്കാര്‍. പകരം വീട്ടാന്‍ വേണ്ടി ആ വംശക്കാരായ ഓരോരുത്തരും കൊടിയെടുത്ത് ഇറങ്ങാന്‍ തുടങ്ങി. എല്ലാവരും സ്വഹാബികളുടെ വാളിനും അമ്പിനും ഇരയാവുകയാണുണ്ടായത്. അബ്ദുദ്ദാര്‍ വംശക്കാരുടെ ഉള്ളു തീക്കളമായിമാറി. ഹാരിസ് എന്ന പടവീരന്‍ കൊടിയുയര്‍ത്തിപ്പിടിച്ചുകൊണ്ടു മുന്നോട്ട് വന്നു. അയാള്‍ പ്രഖ്യാപിച്ചു; “ഒന്നുകില്‍ ഞങ്ങള്‍ ഒന്നടങ്കം മരിച്ചുവീഴണം, അല്ലെങ്കില്‍ പ്രതികാരം ചെയ്യണം. അല്ലാതെ ഞങ്ങള്‍ക്കു വിശ്രമമില്ല. എന്നോടു പടവെട്ടാന്‍ ചുണയുള്ളവരുണ്ടെങ്കില്‍ വരട്ടെ,,, ഞാന്‍ യമപുരിക്കയച്ചുതരാം.” തുടര്‍ന്നു നബി(സ)യെ അയാള്‍ ശകാരിക്കാനും പരിഹസിക്കാനും തുടങ്ങി. ആസിം(റ) ഹാരിസിനുനേരെ ചീറിയടുത്തു. ഹാരിസ് ആസിം(റ)വിനെ വെട്ടി. ആസിം(റ) അതുതടുത്തു. തുടര്‍ന്നു രണ്ട് സിംഹങ്ങള്‍ അത്യുഗ്രമായ യുദ്ധം തുടങ്ങി. ആസിം(റ)വിന്‍റെ വെട്ടേറ്റു ഹാരിസ് നിലംപതിച്ചു. രക്തപ്പുഴയോഴുകി. ഹാരിസ് അന്ത്യശ്വാ‍സംവലിക്കുമ്പോള്‍ അയാളുടെ മാതാവ് മാറത്തടിച്ചു വിലപിച്ചുകൊണ്ട് പറഞ്ഞു: “മകനേ,,, നിന്നെ വെട്ടിവീഴ്ത്തിയ ആസിമിനെ കൊലചെയ്യാതെ എനിക്കിനി ഊണും ഉറക്കവുമില്ല. അവന്‍റെ രക്തം കൊണ്ട് ഞാനെന്‍റെ മുടിക്ക് ചായം കൊടുക്കും. അവന്‍റെ തലയോട്ടിയില്‍ കള്ള് പകര്‍ന്നുകുടിച്ചേ ഞാന്‍ അടങ്ങുകയുള്ളൂ.”


    ഹാരിസ് അന്ത്യശ്വാസം വലിച്ചപ്പോള്‍ മാതാവ് പ്രഖ്യാപിച്ചു;  “ഹാരിസിന്‍റെ ഘാതകനായ ആസിമിന്‍റെ തലയെടുത്ത് എന്‍റെ കൈയില്‍ തരുന്നവര്‍ക്ക് നൂറൊട്ടകം ഞാന്‍ സമ്മാനം നല്‍കും.”


  അവളുടെ ഉള്ളില്‍ പ്രതികാരാഗ്നി ആളിക്കത്തുകയായിരുന്നു.


ഇങ്ങനെ അബ്ദുദ്ദാര്‍ വംശത്തിലെ പുരുഷന്മാര്‍ ഒന്നിനുപിറകെ മറ്റൊന്നായി പടക്കളത്തില്‍ തലയറ്റുവീണു. അവസാനം കൊടി പടക്കളത്തില്‍ വീണുകിടന്നു. അബ്ദുദ്ദാര്‍ വംശക്കാരിയായ ഒരു വനിത കൊടിയുയര്‍ത്തിപ്പിടിച്ചു മുന്നോട്ടുവന്നു. അംറത്ത് എന്നാണവളുടെ പേര്

അവള്‍ നബി(സ)യെ പുച്ഛിക്കാന്‍ തുടങ്ങി. അവള്‍ പറഞ്ഞു; “ഞങ്ങളുടെ പുരുഷന്മാരെയെല്ലാം വധിച്ചവരോട് പ്രതികാരം ചോദിക്കാന്‍ സ്ത്രീകളായ ഞങ്ങള്‍ മതി. ചുണയുള്ളവര്‍ എന്നോടേറ്റുമുട്ടാന്‍ ഇറങ്ങിവരട്ടെ. എന്‍റെ ഖഡ്ഗം നിങ്ങളുടെ രക്തത്തിനായി ദാഹിക്കുകയാണ്.”


     ഈ ഘട്ടത്തില്‍ അവളെ വധിക്കാന്‍ ചില സ്വഹാബികള്‍ ശ്രമിച്ചപ്പോള്‍ നബി(സ)അരുളി: “അരുത് സ്ത്രീകളുടെ രക്തത്താല്‍ നമ്മുടെ വാളുകള്‍ മലിനമാകരുത്. അവളെ വെറുതെ വിടുക.”


  അവള്‍ വല്ലാതെ അസഭ്യവാക്കുകളും ശകാരങ്ങളും നബിക്കുനേരെ കോരിച്ചോരിഞ്ഞു. പക്ഷെ, അവളെ വധിക്കാന്‍ നബി(സ) ആരെയും അനുവദിച്ചുമില്ല. തങ്ങളുടെ ധ്വജവാഹകരെല്ലാം ഒന്നിനുപുറകെ ഒന്നായി മരിച്ചു വീണപ്പോള്‍ ഖുറൈശികള്‍ പരിഭ്രാന്തരായി. ഈ സുവര്‍ണ്ണാവസരം പാഴാക്കാതെ മുസ്ലിം സൈന്യത്തിന്‍റെ ഇടതും വലതും അണികള്‍ ഖുറൈശി അണികളെ ഭേദിച്ച് മുന്നേറാന്‍ തുടങ്ങി. യുദ്ധത്തില്‍ ഓരോ കക്ഷിക്കും ഒരു അടയാളപദം ഉണ്ടായിരിക്കും. ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാന്‍ വേണ്ടി ഉപയോഗിക്കുന്നതാണത്. മുസ്ലിംകളുടെ അടയാളപദം ‘അമിത്ത്’ (മരിക്കുക) എന്നായിരുന്നു. ഖുറൈശികളുടെതു ‘യാലല്‍ ഉസ്സ’ ‘യാലല്‍ ഹുബുല്‍’ എന്നും ആയിരുന്നു.
(തുടരും)

No comments:

Post a Comment