അയാളുടെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് പടക്കിറങ്ങിയതു ഹസ്രത്ത് അലിയ്യുബ്നു അബൂത്വാലിബ്(റ)ആണ്. ഉടനെ ത്വല്‍ഹത്ത് അലിയ്യിനെ വെട്ടി. അലി(റ) തടുത്തു. അതോടെ അവര്‍ തമ്മില്‍ അത്യുഗ്രമായ പോരുതുടങ്ങി. ആകാശവും ഭൂമിയും പ്രകമ്പനം കൊള്ളുകയായിരുന്നു. ഘോരഘോരമായ പോരാട്ടം അവസാനം അലിയ്യിന്‍റെ ഒരു വെട്ട് തല്‍ഹത്തിന് ഏറ്റു. അയാള്‍ പടക്കളത്തില്‍ പന മറിഞ്ഞുവീഴുന്നതുപോലെ വീണു. അലി(റ) അയാളെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ, അയാളുടെ വസ്ത്രം അഴിഞ്ഞു പൂര്‍ണനഗ്നനായതിനാല്‍ അലി(റ) പിന്തിരിയുകയാണ് ചെയ്തത്. നഗ്നനായ ആ മനുഷ്യന്‍ വിലപിക്കുണ്ടായിരുന്നു. അതുകേട്ട് അലി(റ) അയാളെ വധിക്കാതെ മടങ്ങുമ്പോള്‍ നബി(സ) ആജ്ഞാപിച്ചു; അയാളെ വധിക്കുക. ഉടനെ അലിയ്യിബ്നു അബൂത്വാലിബിന്‍റെ ഖഡ്ഗം ഉയരുകയും താഴുകയും ചെയ്തു. അതോടെ ആ ദുഷ്ടന്‍റെ തല ഉടലില്‍നിന്നുതെറിച്ചു. രക്തം ചുറ്റും ചീറ്റി, “അല്ലാഹു അക്ബര്‍” സ്വഹാബികള്‍ തക്ബീര്‍ മുഴക്കി. ഖുറൈശികള്‍ വിഷണ്ണരായി, തല്‍ഹത്തും അന്ത്യശ്വാസം വലിച്ചു.
ഖുറൈശികളുടെ കൊടി നിലത്തുവീണു ചോരയില്‍ കുതിര്‍ന്നു. അത് ഉയത്തിപ്പിടിച്ചുകൊണ്ട് തല്‍ഹത്തിന്‍റെ സഹോദരന്‍ ഉസ്മാന്‍ രംഗത്തുവന്നു. അയാളും നബിയെയും സ്വഹാബികളെയും പരിഹസിക്കാനും പുച്ഛിക്കാനും തുടങ്ങി. “എന്‍റെ ഏക സഹോദരന്‍റെ രക്തത്തിനു പകരം ചോദിച്ചല്ലാതെ ഇനി ജീവിതമില്ല. ചുണയുണ്ടെങ്കില്‍ വരിക. തല ഞാന്‍ ഉടലില്‍നിന്നും വേര്‍പ്പെടുത്തും.”
ഈ വെല്ലുവിളിയെ സ്വീകരിച്ചുകൊണ്ട് ഹസ്രത്ത് ഹംസ(റ) അയാള്‍ക്കുനേരെ ചീറിയടുത്തു. ഹംസ(റ)അരുളി: “എടാ ഉസ്മാനെ? നിന്‍റെ ആഗ്രഹം മനസ്സിലിരിക്കട്ടെ. സഹോദരന്‍റെ രക്തത്തിനു പ്രതികാരം ചെയ്യാന്‍ നീ വളര്‍ന്നിട്ടില്ല, ജീവന്‍ വേണമെങ്കില്‍ അണിയിലേക്ക് കയറിപ്പോവുക. അല്ലാത്തപക്ഷം നിന്‍റെ സഹോദരന്‍ പോയ ദിക്കിലേക്ക് നിന്നേയും ഞാന്‍ അയക്കും.”
ഉസ്മാന്‍ പിന്മാറിയില്ല. അയാള്‍ മുന്നോട്ടുനീങ്ങി. ഹംസ(റ)വിനെ ആഞ്ഞുവെട്ടി.............ഹംസ(റ) ആ വെട്ടുതടഞ്ഞു. ഘോരയുദ്ധം. പടക്കളം വിറക്കുമാര്‍ ഹംസ(റ)വും ഉസ്മാനും തമ്മില്‍ ബലാബലപരീക്ഷ നടക്കുകയാണ്. കാണികള്‍ ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു നിര്‍ന്നിമേഷരായി നോക്കിനില്‍ക്കുന്നു. ഉസ്മാന്‍ പിന്നോട്ടുമാറി. അപ്പോള്‍ ഹംസ(റ)പറഞ്ഞു; “എടാ സൂതികര്‍മ്മിണിയുടെ മകനേ, ഹംസയുടെ ശക്തി നിനക്കുമനസ്സിലായോ? എന്തേ പിന്നോട്ടു മാറിയത്? ഇനി ഒരടി മുന്നോട്ടുവെച്ചാല്‍ നിന്‍റെ തല കാണുകയില്ല.”
ഉസ്മാന്‍ പിന്നെയും മുന്നോട്ടുവന്നു വെല്ലുവിളിച്ചു. “എന്‍റെ സഹോദരന്‍റെ രക്തത്തിനു ഞാന്‍ പകരം വീട്ടുകതന്നെ ചെയ്യും.” അയാള്‍ വീണ്ടും ഹംസ്(റ)നെ വെട്ടി. ഹംസ(റ) തടുത്തു. വീണ്ടും യുദ്ധം. അതു അധികനേരം നീണ്ടുനിന്നില്ല. ഉസ്മാന്‍ ഹംസ(റ)വിന്‍റെ വെട്ടേറ്റു നിലംപതിച്ചു. ചുറ്റും രക്തമൊഴുകി. “അള്ളാഹു അക്ബര്‍” സ്വഹാബികള്‍ തക്ബീര്‍ മുഴക്കി.
(തുടരും)

 
No comments:
Post a Comment