കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം ഭാഗം:13


   തുടര്‍ന്ന്‍ ആ ദുഷ്ടന്‍ തരംതാണ ഭാഷയില്‍ നബി(സ)യെ ശകാരിക്കാനും പുച്ഛിക്കാനും തുടങ്ങി. ഈ ഘട്ടത്തില്‍ മുസ്ലിം ചേരിയില്‍നിന്ന്‍ ഒരു കല്ല് അയാള്‍ക്കുനേരെ ചീറിപ്പാഞ്ഞുവന്നു. അതേറ്റു തലയില്‍നിന്നു രക്തം ഒഴുകാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഭയന്നോടി അണിയില്‍ ചെന്നുനിന്നു. ഒഴുകുന്ന രക്തം തുടച്ചുകൊണ്ടയാള്‍ ശകാരം തുടര്‍ന്നു. പിന്നെ ഖുറൈശികളില്‍ നിന്ന്‍ പടക്കളത്തിലിറങ്ങിയത് ഉഖുബ എന്ന വീരനാണ്. അയാള്‍ നബി(സ)യെ പുലഭ്യം പറയാന്‍ തുടങ്ങി; “മുഹമ്മദേ,,,, നീ നമ്മുടെ കുടുംബം ഛിദ്രിപ്പിച്ചു. കാരണവന്മാരുടെ വിശ്വാസങ്ങള്‍ ഖണ്ഡിച്ചു. സിറിയയിലേക്ക് ഞങ്ങള്‍ കച്ചവടത്തിനു പോകുന്നത് തടഞ്ഞു, ബദറില്‍ വെച്ച് ഞങ്ങളെ കൂട്ടക്കൊല നടത്തി. ഇതിനൊക്കെ ഞങ്ങളിന്നു പ്രതികാരം ചോതിക്കുക തന്നെചെയ്യും. ഞങ്ങള്‍ക്കാവശ്യം നിന്നേയും, മക്കയില്‍നിന്നും നിന്‍റെ കൂടെ ഒളിച്ചോടിയവരെയുമാണ്. മദീനക്കാരെ, ഞങ്ങള്‍ക്കാവശ്യമില്ല. അല്ലയോ മദീനക്കാരെ, ഞങ്ങളുടെ നാട്ടുകാരെ ഞങ്ങള്‍ക്കു വിട്ടുതരികയാണെങ്കില്‍ നിങ്ങള്‍ക്ക് സുരക്ഷിതരായി തിരിച്ചുപോകാം. വെറുതെ നിങ്ങളും ഈ കെണിയില്‍ കുടുങ്ങേണ്ടതില്ല. നിങ്ങളോട് ഞങ്ങള്‍ക്ക് യാതൊരുവിധ ശത്രുതയുമില്ല. അതുകൊണ്ട് ഞങ്ങളുടെ നാട്ടുകാരെ ഞങ്ങള്‍ക്കു വിട്ടുതന്നു തിരിച്ചുപോവുക. അതാണ്‌ നിങ്ങള്‍ക്കുത്തമം, അല്ലാത്തപക്ഷം പിന്നെ നിങ്ങള്‍ ഖേദിക്കേണ്ടിവരും.”  ഉഖുബയുടെ ഈ ആക്രോശങ്ങള്‍ കേട്ടു ക്ഷമയറ്റുനില്‍ക്കുകയാണ് മുസ്ലിം പടയാളികള്‍, ഹസ്രത്തു സുബൈറുബിനുല്‍ അവാം(റ) ഉഖുബയുടെ നേരെ ചീറിയടുത്തുകൊണ്ടു പറഞ്ഞു; “എടാ ദുഷ്ടാ,,, ഞങ്ങളെ ഭിന്നുപ്പിച്ചു കീഴടക്കാമെന്ന വ്യാമോഹം മനസ്സിലിരിക്കട്ടെ... അതിവിടെ വിലപ്പോവുകയില്ല. നിങ്ങള്‍ ചെയ്ത കടുംകൈകള്‍ ഓര്‍ത്തുനോക്കുക. സ്വന്തം വീട്ടില്‍നിന്നും നാട്ടില്‍നിന്നും സത്യവിശ്വാസികളെ ആട്ടിയോടിച്ച് അവരുടെ ധനമെല്ലാം കൈയടക്കിവെച്ചിരിക്കുന്ന ദുഷ്ടന്മാരെ നിങ്ങളുടെ അക്രമത്തിനു അറുതിവരുത്തുന്ന ദിവസമാണിന്ന്. ഞങ്ങളുടെ വാളുകള്‍ക്ക് നിങ്ങളുടെ കുടല്‍മാലകൊണ്ട് ഉറയിടുന്ന നാളാണിത്

   ഇങ്ങനെ പരസ്പര വെല്ലുവിളികള്‍ നടത്തുന്നതിനിടയില്‍ ഉഖുബയും സുബൈറുബിനുല്‍ അവാമും ഏറ്റുമുട്ടി. ഖഡ്ഗങ്ങള്‍ മിന്നല്‍പ്പിണരുകള്‍ ഉതിര്‍ത്തു. രണ്ടു സിംഹങ്ങള്‍ അത്യുഗ്രമായ പയറ്റുകള്‍ നടത്തുകയാണ്. ഏതാനും നിമിഷങ്ങള്‍ ആ സിംഹങ്ങള്‍ രണ്ടും പൊരുതിനിന്നു. അവസാനം ഹസ്രത്ത് സുബൈറുബ്നുല്‍ അവാം(റ)വിന്‍റെ അത്യുഗ്രമായ ഒരു വെട്ടു തടുക്കാന്‍ ഉഖുബക്ക് സാധിച്ചില്ല. അതയാളുടെ കഴുത്തിനെ ഉടലില്‍നിന്നും വേര്‍പ്പെടുത്തി, രക്തം ചുറ്റും ചീറ്റിക്കൊണ്ട് ആ ഖുറൈശീനേതാവ് പടക്കളത്തില്‍ വീണുപിടഞ്ഞു. ഇതുകണ്ട് മുസ്‌ലിംകള്‍ തക്ബീര്‍ മുഴക്കി. ഖുറൈശികളാകട്ടെ, ഞെട്ടി!  ഒന്നാമത്തെ ഈ പ്രഹരം കനത്തതായിരുന്നു. അവരുടെ രക്തം തിളച്ചുപൊങ്ങി. ഖുറൈശികളുടെ പതാകയേന്തിനിന്നിരുന്ന തല്‍ഹത്തുബിന്‍ അബൂതല്‍ഹ ഉടനെ പടക്കളത്തിലേക്ക് ചാടി. അയാള്‍ നബി(സ)യെയും സ്വഹാബികളെയും കഠിനമായി പരിഹസിക്കാനും പുച്ഛിക്കാനും തുടങ്ങി. അയാള്‍ പറയുകയാണ്‌: “മുഹമ്മദേ നീയും നിന്‍റെ അനുയായികളും യുദ്ധത്തില്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തിലെത്തുമെന്നും, ഞങ്ങള്‍ മരിച്ചാല്‍ നരകത്തില്‍ ചെന്നുവീഴുമെന്നുമാണല്ലോ നിന്‍റെ അനുയായികളെ നീ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. എങ്കില്‍ ഞാനിതാ നരകത്തില്‍ വീഴാന്‍ ഒരുങ്ങിവന്നിരിക്കുന്നു. എന്നെ നരകത്തിലേക്കയക്കാന്‍ ധൈര്യമുള്ളവര്‍ ആരുണ്ടിവിടെ? ഉഖ്ബയുടെ രക്തത്തിന് പ്രതികാരം ചെയ്തേ ഞാന്‍ അടങ്ങുകയുള്ളൂ. ആണുങ്ങളുണ്ടെങ്കില്‍ വരിക. ആരുവന്നാലും എന്‍റെ ഈ വാള്‍ അയാളുടെ തല ഉടലില്‍നിന്നും വേര്‍പ്പെടുത്തുകതന്നെ ചെയ്യും”
(തുടരും)

No comments:

Post a Comment