കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം ഭാഗം:12


ശവ്വാല്‍ മാസം ആറാം തിയ്യതി വെള്ളിയാഴ്ച സന്ധ്യാസമയത്താണെത്തിയത്. അന്നുരാത്രി നബിതിരുമേനി(സ) ഒരു സ്വപ്നം കണ്ടു. ആകാശത്തുനിന്നും മാലാഖമാര്‍ ഇറങ്ങിവരുന്നു. അല്ലാഹുവിന്‍റെ സിംഹമെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ദേഹവും, പ്രസിദ്ധ പടവീരനും നബിതിരുമേനി(സ)യുടെ പ്രിയ പിതൃവ്യനുമായ ഹസ്രത്ത് ഹംസ(റ)വിനെ അവര്‍ കുളിപ്പിക്കുന്നു. ഈ സ്വപ്നം കണ്ടുകൊണ്ട് നബി(സ) ഞെട്ടിയുണര്‍ന്നു. ഇതിന്‍റെ സാരം നബി(സ)ക്കുമനസ്സിലായി. പക്ഷെ അല്ലാഹുവിന്‍റെ വിധി തടുത്തുനിര്‍ത്താന്‍ ആര്‍ക്കും സാദ്ധ്യമല്ലെന്നു നല്ല ബോദ്ധ്യമുള്ള പ്രവാചകന്‍റെ ദൃഡനിശ്ചയത്തിനും സ്ഥൈര്യത്തിനും യാതൊരിളക്കവും തട്ടിയില്ല. വിധി എന്തോ അതു നടക്കട്ടെ എന്ന് വിചാരിച്ചുകൊണ്ടു നബി(സ)ഉറച്ചുനിന്നു. പ്രഭാതം പൊട്ടിവിടര്‍ന്നു. നബി(സ)യും സ്വഹാബികളും ഉഹ്ദിലെത്തിയ വിവരമറിഞ്ഞ ഉടനെ ഖുറൈശികള്‍ ദുല്‍ഹുലൈഫയില്‍ നിന്നും ഉഹ്ദിലെത്തി

  രണ്ടുവിഭാഗവും മുഖത്തോടുമുഖം അണിനിരന്നുകൊണ്ട് പടഭേരി മുഴക്കുകയാണ്. യോദ്ധാക്കളുടെ രക്തം തിളച്ചുപൊങ്ങി. സിരകള്‍ ഇരമ്പി. രക്തപ്പുഴ ഒഴുകാന്‍ ഇനി അധികസമയം കഴിയേണ്ടിവരില്ല. ഈ ഘട്ടത്തില്‍ നബി(സ) ഒരു ഖഡ്ഗം തൃക്കൈയില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു. ഈ വാള്‍ ഏറ്റുവാങ്ങുവാന്‍ തയ്യാറുള്ളവര്‍ ആരാണ്, ഉടനെ സ്വഹാബികള്‍ ഒരേ ശബ്ദത്തില്‍ പ്രതിവചിച്ചു ഞാന്‍, ഞാന്‍,,, അപ്പോള്‍ നബി(സ) പുഞ്ചിരിതൂകിക്കൊണ്ടരുളി; ഞാനിത് അബൂദുജാനയ്ക്കാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇതുകേട്ടു സ്വഹാബികള്‍ അത്ഭുതപ്പെട്ടു. ഈ അസുലഭഭാഗ്യം നേടിയ ഹസ്രത്ത് അബൂദുജാനത്തിനെ അവര്‍ സൂക്ഷിച്ചുനോക്കി. നബി(സ) അബൂദുജാനയെ വിളിച്ചു, അല്ലയോ അബൂദുജാനാ, ഇതാ ഈ ഖഡ്ഗം വാങ്ങിക്കൊള്‍ക. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ....


     ഹസ്രത്ത് അബൂദുജാന(റ) ആനന്ദതുന്ദിലനായി അഭിമാനത്തോടെ മുന്നോട്ടുവന്നു വാള്‍ തൃക്കൈയ്യില്‍നിന്നുവാങ്ങി. ഈ അപൂര്‍വ്വ ബഹുമതി ലഭിച്ചപ്പോള്‍ അല്‍പം അഹങ്കാരത്തോടുകൂടിത്തന്നെ അദ്ദേഹം പടക്കളത്തിലിറങ്ങി ഒരഭ്യാസപ്രകടനം നടത്തി. ഇതുകണ്ടു സന്തുഷ്ടരായ നബി(സ) പുഞ്ചിരിച്ചുകൊണ്ടരുളി; “പടക്കളത്തിലല്ലെങ്കില്‍ അബൂദുജാനയുടെ ഈ അഹങ്കാരം ഒരു മഹാ പാപമാകുമായിരുന്നു. ഇവിടെ ശത്രുക്കളെ ഭയപ്പെടുത്താന്‍ ഇതാവശ്യമാണുതാനും.”

  പടക്കളം സജീവമായി. ആദ്യം ഖുറൈശികളുടെ പക്ഷത്തുനിന്നു യുദ്ധക്കളത്തിലിറങ്ങിയത് അബൂഅംറുറാഹിബ് എന്ന മദീനക്കാരനാണ്. ഇയാള്‍ മദീനയില്‍നിന്നോളിച്ചോടി മക്കയില്‍ ചന്നുകൂടിയ ആളാണ്‌. നബിതിരുമേനി(സ)യെ നോക്കി ആ ദുഷ്ടന്‍ ആക്രോശിച്ചു. “മുഹമ്മദേ, നിന്‍റെ തലകൊയ്യാന്‍ വന്നവനാണ് ഞാന്‍. അതു സാധിച്ചല്ലാതെ മടക്കമില്ല. നീ മദീന കൈയടക്കിവെച്ചു. മക്കായിലെ സാര്‍ത്ഥവാഹകസംഘത്തിന് വഴി തടഞ്ഞു. ബദറില്‍വെച്ച് ഖുറൈശി നേതാക്കളെ കൂട്ടക്കൊലചെയ്തു. ഇതിനെല്ലാം പകരം വീട്ടാതെ ഞങ്ങള്‍ മടങ്ങുകയില്ല.”
(തുടരും)

No comments:

Post a Comment