പ്രതികാരദാഹത്താല്‍ അന്ധരായിത്തീര്‍ന്നു ഖുറൈശികള്‍.
അവരില്‍ ചിലര്‍ പറഞ്ഞു; “മുഹമ്മദിന്‍റെ(സ) മാതാവിന്‍റെ ഖബറാണ് ആ കാണുന്നത്, അതുമാന്തി അതിനുള്ളിലെ അസ്ഥികള്‍ പെറുക്കിയെടുത്ത് കത്തിച്ചു കളയാം.”
വേറെ ചിലര്‍ പറഞ്ഞു; “അതുകൊണ്ടെന്തുപ്രയോജനം? ഖബര്‍ മാന്തി മയ്യിത്ത് പുറത്തെറിയുന്നതു ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല. അതുകൊണ്ട് ആ ഉദ്യമത്തില്‍നിന്നു പിന്തിരിയണം.”
വേറെ ചിലര്‍ പറഞ്ഞു; “നമ്മുടെ പിതാക്കളെയും സഹോദരന്മാരെയും നേതാക്കളെയും ബദറില്‍വെച്ച് വെട്ടിവീഴ്ത്തിയ ആ ദുഷ്ടനോട് ഏതുവിധത്തില്‍ പകരംവീട്ടിയാലും അധികമല്ല. എന്തു നീചത്വം ചെയ്താലും തെറ്റില്ല. നമുക്ക് ഈ ഖബര്‍ മാന്തുകതന്നെ വേണം.”
ഇങ്ങിനെ രണ്ടു കക്ഷികളായിത്തീര്‍ന്നു ഖുറൈശികള്‍. ഈ സന്ദര്‍ഭത്തില്‍ അബൂസുഫ്യാന്‍ ഇടപെട്ടുകൊണ്ടുപറഞ്ഞു; “നിങ്ങള്‍ ഇപ്പോള്‍ തന്നെ ഭിന്നിക്കാന്‍ തുടങ്ങിയിരിക്കയാണ്, ഇതപകടമാണ്, ബദറില്‍ നമുക്കേറ്റ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. നമ്മുടെ അനൈക്യം മൂലമാണതു സംഭവിച്ചത്. ഇനിയും നാം ഭിന്നിക്കുകയാണെങ്കില്‍ നമ്മുടെ അന്ത്യം അടുത്തു എന്നോര്‍ക്കുക. ഭിന്നിപ്പ് ഒരിടത്തും തലപൊക്കാന്‍ ഇടവരുത്താതിരിക്കുക. ഖബര്‍ മാന്തണമോ വേണ്ടയോ എന്നതല്ല പ്രശ്നം. അതുകൊണ്ട് യാതൊരു പ്രയോജനവും കിട്ടാനില്ല. ഐക്യമാണ് പ്രശ്നം. അതുമുറുകെപിടിക്കുക. ഏകസഹോദരന്മാരെപ്പോലെ ശത്രുവിനെ നശിപ്പിക്കാന്‍ ഒത്തുപിടിച്ചു മുന്നേറുക. അതാണ് ഇപ്പോള്‍ ആവസ്യമായിട്ടുള്ളത്.”
ഇതോടെ ഖബര്‍ മാന്താനുള്ള പരിപാടി വേണ്ടെന്നുവെച്ചു. സൈന്യം ‘അബവാ’ഇല്‍ വിശ്രമിച്ചു. പടഹധ്വനികള്‍ അന്തരീക്ഷത്തെ കിടിലംകൊള്ളിച്ചു. മദ്യം മൂക്കറ്റം കുടിച്ചു പടയാളികള്‍ നൃത്തംവെച്ചു. കവികള്‍ നബിയെ(സ)ഇകഴ്ത്തിക്കൊണ്ടും ഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു. സുന്ദരികളായ ഖുറൈശീ വനിതകള്‍ യുവാക്കളില്‍ ആവേശം വര്‍ദ്ധിപ്പിച്ചു.
സൈന്യം മുന്നോട്ടുനീങ്ങി. മദീനയോട് തൊട്ടുകിടക്കുന്ന ദുല്‍ഹുലൈഫ എന്ന സ്ഥലത്തെത്തി തമ്പടിച്ചു. അവിടെവെച്ച് ഒട്ടകങ്ങള്‍ അറുത്ത് പാകം ചെയ്തു ഭക്ഷിച്ചു. മൂക്കറ്റം മദ്യപിക്കുകയും കൂത്താടുകയും ചെയ്തുകൊണ്ടിയുന്നു. മദീനക്കാരെ ഭയപ്പെടുത്തി കീഴടക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. ഇന്ന്‍ മദീനയെ ചുട്ടുചാമ്പലാക്കുന്ന ദിവസമാണെന്നവര്‍ പ്രഖ്യാപിച്ചു. തങ്ങളുടെ ആയുധശേഷിയിലും അംഗബലത്തിലും ഊറ്റംകൊള്ളുകയായിരുന്നു അവര്‍. ലോകത്തൊരു ശക്തിക്കും നമ്മെ കീഴടക്കാന്‍ സാധ്യമല്ലെന്നവര്‍ വീമ്പിളക്കി.
അബ്ബാസ്(റ)വിന്‍റെ കത്തുകിട്ടിയ ഉടനെ നബി(സ) തന്‍റെ സ്വഹാബികളെ വിളിച്ചുകൂട്ടി. നബിയരുളി; “പ്രിയപ്പെട്ട സ്വഹാബികളെ...! ഖുറൈശികള്‍ ഒരു വമ്പിച്ച സൈന്യവുമായി ബദറിനു പകരം ചോദിക്കുവാന്‍ വരുന്നു. അവരുടെ ഉദ്ദേശ്യം മദീനയെ തകര്‍ക്കലാണ്. ബദറില്‍ നാം നേടിയ വിജയത്തിന്‍റെ ഫലം ഇല്ലാതാക്കലാണ്. നാം ഈ അവസരത്തില്‍ ഏതുതരത്തിലുള്ള പ്രതിരോധനടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ട്. മദീനക്കുപുറത്തുപോയി ശത്രുക്കളെ നേരിടണോ...? അതോ മദീനക്കുള്ളില്‍ പ്രതിരോധനിര കെട്ടിപ്പടുത്താല്‍ മതിയോ? പുറത്തുപോയി എതിരിടുമ്പോള്‍ നാം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, അവര്‍ എല്ലാവിധേനയുമുള്ള ഒരുക്കത്തോടുകൂടിയാണ് വരുന്നത്. അംഗസംഖ്യയിലും ആയുധബലത്തിലും അവര്‍ വളരെ മുമ്പിലാണ്.”
ഇതുകേട്ടപ്പോള്‍ സ്വഹാബികളില്‍ ചിലര്‍ പറഞ്ഞു: “ശത്രുക്കളെ മദീനാപട്ടണത്തില്‍ കടക്കാന്‍ അനുവദിച്ചുകൂടാ പട്ടണത്തിന് പുറത്തുചെന്ന്‍ നേരിടുകതന്നെവേണം.”
(തുടരും)

 
No comments:
Post a Comment