ആളിക്കത്തുന്ന പ്രതികാരാഗ്നി....
ഹിന്തിന്‍റെ അടിമയാണ് വഹ്ശി. വഹശിയും യുദ്ധത്തിനുപുറപ്പെട്ടിട്ടുണ്ട്. ഹിന്തിന്‍റെ ഹൃദയത്തില്‍ പ്രതികാരാഗ്നി ആളിക്കത്തുകയായിരുന്നു. തന്‍റെ പിതാവായ തുഹൈമത്തിന്‍റെ ചോരയ്ക്കു പ്രതികാരം ചെയ്തല്ലാതെ ഇനി ജീവിതമില്ലെന്നവള്‍ പ്രതിജ്ഞയെടുത്തിരുന്നു.(ഇവരും പില്‍കാലത്ത് ഭര്‍ത്താവായ അബൂസുഫ്യാനോടൊപ്പം ഇസ്ലാംമതം സ്വീകരിക്കുകയുണ്ടായി). വഹ്ശി ഒളിയമ്പു പ്രയോഗത്തില്‍ അതിവിദഗ്ധനായിരുന്നു.(ഈ വഹ്ശിയും പിന്നീട് ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ട്) വഹ്ശിയോട് യജമാനത്തിയായ ഹിന്ത് പറഞ്ഞു; “നീ ഈ യുദ്ധത്തില്‍ ഒളിയമ്പുപ്രയോഗിച്ച് മുഹമ്മദ്(സ), ഹംസ(റ), അലി(റ) എന്നിവരുടെയെല്ലാം കഥകഴിക്കണം. എന്നാല്‍ നിന്നെ ഞാന്‍ സ്വതന്ത്രനാക്കുകയും നിനക്കാവശ്യമുള്ള സമ്പത്ത് സമ്മാനമായിത്തരികയും ചെയ്യാം. മൂന്നാളെയും കിട്ടിയില്ലെങ്കില്‍ കിട്ടിയവരെ വധിക്കുക.........!”
വഹ്ശി ആനന്ദത്താല്‍ നൃത്തംവെച്ചു. അക്കാര്യം താന്‍ നിര്‍വ്വഹിച്ചുകൊള്ളാമെന്നേറ്റു. അടിമത്ത്വത്തില്‍നിന്നും സ്വതന്ത്രനാകാമെന്നോര്‍ത്തപ്പോള്‍ അദ്ദേഹത്തിന്‍റെ മനം കുളിരണിഞ്ഞു. പുറമെ ആവശ്യമുള്ള സമ്പത്തും ലഭിക്കും. ആനന്ദലബ്ധിക്കിനിഎന്തുവേണം? സത്യത്തിന്‍റെ മുള നുള്ളിക്കളയാന്‍ അസത്യത്തിന്‍റെ കറുത്തകരങ്ങള്‍ ഒന്നിച്ചിരിക്കയാണ്. അവര്‍ക്ക് ആവശ്യമായ ആള്‍ബലവും ധനശക്തിയുമുണ്ട്. ഖുറൈഷികളെ ഓരോ വീട്ടില്‍ നിന്നും യുവാക്കളെല്ലാം പങ്കെടുത്തിട്ടുണ്ട്. നബിയുടെ(സ) പിതൃവ്യനായ അബ്ബാസ്(റ)പ്രത്യക്ഷത്തില്‍ അന്ന്‍ മുസ്ലിമായിരുന്നില്ല. എന്നാല്‍ പരോക്ഷമായി ഇസ്ലാംമതം സ്വീകരിച്ചുകഴിഞ്ഞിരുന്നു. പക്ഷെ ഖുറൈശികളെ ഭയന്നു വിശ്വാസം വെളിപ്പെടുത്താതെ കഴിഞ്ഞുകൂടുകയാണ്. ഇദ്ദേഹം നബിക്കെതിരെ(സ) ബദറില്‍ ഖുറൈശിപക്ഷത്തുനിന്നു പൊരുതുകയും മുസ്ലിംകളുടെ ബന്ധനസ്ഥനായിത്തീരുകയും ചെയിതു. പിന്നെ മോചനദ്രവ്യം നല്‍കി രക്ഷപ്പെട്ടതാണ്. ഈ യുദ്ധത്തില്‍ ഏതായാലും അബ്ബാസ്(റ) പങ്കെടുക്കുകയുണ്ടായില്ല. മാത്രമല്ല, ഖുറൈശികളുടെ പുറപ്പടിനെപ്പറ്റി നബി(സ)ക്ക് രഹസ്യമായി ഇങ്ങനെ ഒരു കത്തെഴുതി; “ഖുറൈശികള്‍ വലിയ ആയുധസന്നാഹത്തോടുകൂടി ഇതാ വരുന്നു, മുവ്വായിരം പടയാളികളുണ്ട്. സര്‍വ്വായുധധാരികളാണവര്‍. അതുകൊണ്ട് വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊള്ളുക.”
കത്ത് വളരെ രഹസ്യമായി ഒരു ദൂതന്‍റെ പക്കല്‍ കൊടുത്തയച്ചു. ഖുറൈശികളുടെ സൈന്യത്തില്‍ ഇരുന്നൂറ് കുതിരകളും മുവ്വായിരം ഒട്ടകങ്ങളുമുണ്ടായിരുന്നു. അബൂസുഫ്യാന്‍റെ നേതൃത്വത്തില്‍ ഒരു കൊടുങ്കാറ്റുപോലെ ആ സൈന്യം മദീനയെ ലക്ഷ്യംവെച്ചു നീങ്ങി. യുവാക്കളുടെ ചോരതിളക്കുകയായിരുന്നു. മദീനയില്‍ ചെന്നെത്തുന്ന നിമിഷത്തെ അക്ഷമരായി ഉറ്റുനോക്കുകയായിരുന്നു അവര്‍. ഇസ്ലാമിന്‍റെ ബദ്ധവൈരികളായ എഴുപതു നീഗ്രോ പടയാളികള്‍ വഴിക്കുവെച്ചു ആ സൈന്യവുമായിച്ചേര്‍ന്നു.
ഇതോടെ മുഹമ്മദിന്‍റെ(സ) നാമം പോലും ഭൂമുഖത്തുനിന്നു തുടച്ചുനീക്കാം നമുക്ക് അവര്‍ പ്രഖ്യാപിച്ചു. ഈ അത്യുഗ്രന്‍ സൈന്യത്തെ കാണുമ്പോഴേക്ക് മദീനക്കാര്‍ നടുങ്ങും. പിന്നെ പോരാടാന്‍ അവര്‍ക്ക് ധൈര്യമുണ്ടാവുകയില്ല.
ഈ നീഗ്രോകളുടെ ആവേശം ഖുറൈശികളുടെ വീറും ഉശിരും ശതഗുണീഭവിപ്പിച്ചു. അവര്‍ അക്ഷമരായി മുന്നോട്ട്നീങ്ങി. അബവാഉ എന്ന സ്ഥലത്തെത്തി തമ്പടിച്ചു. അവിടെയാണ് നബിതിരുമേനി(സ)യുടെ മാതാവിന്‍റെ ഖബര്‍ സ്ഥിതിചെയ്യുന്നത്.
(തുടരും)

 
No comments:
Post a Comment