അബൂസുഫ്യാന്‍ അവരോടു പറഞ്ഞു. ‘ഒന്നുകില്‍ മരണം, അല്ലെങ്കില്‍ വിജയം. പടക്കളത്തില്‍ പരാജയമാണെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ ആരും ആഗ്രഹിച്ചുപോകരുത്. തിരിച്ചുവന്നിട്ടു പ്രയോജനമൊന്നുമില്ല. ജീവച്ഛവങ്ങളായി ജീവിക്കുന്നതിലും ഭേദം മരണമാണ്. നമ്മുടെ കുലദേവതകള്‍ നമ്മെ രക്ഷിക്കും. നാം ഉറച്ചുനിന്ന്‍ പൊരുതുകയാണെങ്കില്‍ തീര്‍ച്ചയായും നമുക്ക് വിജയം കൊയ്തെടുക്കാന്‍ കഴിയും, അതുകൊണ്ട് മരിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം യുദ്ധത്തിനുവന്നാല്‍ മതി.’   
   ആവേശഭരിതരായ യുവാക്കള്‍ വിളിച്ചുപറഞ്ഞു; “ഞങ്ങള്‍ മരിക്കാന്‍ തയ്യാറാണ്, ആയിരംകൊല്ലം എലികളെപ്പോലെ ജീവിക്കുന്നതിലും ഭേദം ഒരുനിമിഷം പുലിയായി ജീവിച്ച് മരിക്കലാണ്”  പടയാളികളുടെ ആവേശത്തിമര്‍പ്പ് കണ്ടു അബൂസുഫ്യാന്‍ സന്തുഷ്ടനായി. അവര്‍ കഅബയില്‍ ചെന്ന്‍ അതിന്‍റെ കില്ലപിടിച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ഥിച്ചു. “അല്ലയോ കുലദൈവങ്ങളെ! നിങ്ങളെ തകര്‍ക്കാന്‍ മുഹമ്മദും(സ) കൂട്ടരും ഒരുങ്ങിനില്‍ക്കുന്നു. ഞങ്ങളവനെ തകര്‍ക്കാന്‍ ബദറില്‍ ചെന്നു, അവിടെ വെച്ച് ഞങ്ങള്‍ക്ക് കനത്ത നാശമേല്‍ക്കേണ്ടിവന്നു. ഇപ്പോള്‍ ഇതാ ഞങ്ങള്‍ പ്രതികാരം ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കയാണ്. ഇതിലും പരാജയമാണ് സംഭവിക്കുന്നതെങ്കില്‍ പിന്നെ ഈ കഅബയിലുള്ള വിഗ്രഹങ്ങളെല്ലാം തകരും. കാരണവന്മാരായി ഞങ്ങള്‍ വിശ്വസിച്ചുപോരുന്ന എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും തുടച്ചുനീക്കപ്പെടും. പുതിയ ആശയങ്ങള്‍ നടപ്പില്‍ വരും. പിന്നെ വിഗ്രഹങ്ങള്‍ക്ക് രക്ഷയില്ലാതാകും. ഈ ദുരവസ്ഥ വന്നുചെരാതിരിക്കണമെങ്കില്‍ ഞങ്ങള്‍ വിജയിക്കണം. അതിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കേണമേ”,,,
  ഈ പ്രാര്‍ത്ഥനയോടെ അവര്‍ പുറപ്പെട്ടു. പടഹധ്വനി മുഴങ്ങി. പടയാളികളുടെ രക്തം തിളച്ചുപൊങ്ങി. അവര്‍ സ്വയം മുന്നോട്ട്നീങ്ങി. മദ്യകുംഭങ്ങള്‍ കാലിയാകുംതോറും അവരുടെ സിരകളില്‍ ആവേശം ചൂടുപിടിച്ചുകൊണ്ടിരുന്നു. കവികള്‍ പാടാന്‍ തുടങ്ങി. ബദര്‍പടക്കളത്തില്‍ കൊല്ലപ്പെട്ട ഖുരൈശീ നേതാക്കളുടെ അപദാനങ്ങള്‍ വര്‍ണ്ണിച്ചു ഗാനാലാപം തുടങ്ങി. അതു ഖുരൈശികളുടെ പ്രതികാരാഗ്നിയെ ഊതിപ്പെരുപ്പിച്ചു. അബൂഉസ്സ, മസാഫിര്‍, അംറാഹുല്‍ അസദ് എന്നീ മഹാകവികള്‍ നബിയേ(സ) ഇകഴ്ത്തിക്കൊണ്ടും ഖുറൈഷികളെ പുകഴ്ത്തിക്കൊണ്ടും പുതിയപുതിയ ഈരടികള്‍ രചിച്ചുകൊണ്ടിരുന്നു. ഖുറൈശി സൈന്യം മുന്നോട്ട്നീങ്ങുകയാണ്. സ്ത്രീകളും അവരെ അനുഗമിച്ചിരുന്നു. ബദറില്‍ കൊല്ലപ്പെട്ടവരുടെ വിധവകളും മറ്റും നെഞ്ചത്തടിച്ചു കരഞ്ഞു. ഇതെല്ലാം യോദ്ധാക്കളുടെ ആവേശം വര്‍ദ്ധിപ്പിച്ചു. അബൂസുഫ്യാന്‍റെ ഭാര്യയും തുഹൈമത്തിന്‍റെ പുത്രിയുമായ ഹിന്താണ് സ്ത്രീകളുടെ നേതൃത്വം ഏറ്റെടുത്തത്. തുഹൈമത്ത് ബദറില്‍വെച്ച് മുസ്ലിംകളുടെ ഖഡ്ഗത്തിനിരയായിട്ടുണ്ടായിരുന്നു
(തുടരും)

 
No comments:
Post a Comment