ബദറില്‍വെച്ച് കേവലം മുന്നൂറ്റിപ്പതിമൂന്ന്‍ നിരായുധരായ സത്യവിശ്വാസികള്‍ സര്‍വ്വായുധധാരികളായ ആയിരത്തോളം സത്യനിഷേധികളായ ഖുറൈശികളെ അടിച്ചോടിച്ചു. കനത്ത പ്രഹരമാണവര്‍ക്കേറ്റത്, ഒരിക്കലും ഉണങ്ങാത്ത മുറിവ്! ഖുറൈശി പ്രമാണിമാരായ എഴുപതുപേര്‍ കട പുഴകിവീണ പനകള്‍പോലെ പടക്കളത്തില്‍ മരിച്ചുവീണു. എഴുപതുപേര്‍ മുസ്ലിംകളുടെ തടവുകാരായിത്തീരുകയും ചെയ്തു. ഇത് അവരുടെ ശക്തിക്ഷയിപ്പിച്ചു. പക്ഷെ, അവരുടെ പകയെ വര്‍ദ്ധിപ്പിച്ചു. ഏറുകൊണ്ട മൂര്‍ഖനെപ്പോലെ പ്രതികാരദാഹത്തോടെ ശത്രു ഫണം വിടര്‍ത്തി. ഖുറൈശി പ്രമാണികളുടെ വീടുകളില്‍നിന്ന്‍ ഇടനെഞ്ചു പൊടിഞ്ഞുയരുന്ന വിലാപങ്ങള്‍ ഈ പകയില്‍ എണ്ണയൊഴിച്ചുകൊണ്ടിരുന്നു. അങ്ങനെ പ്രതികാരാഗ്നി ആളിക്കത്തി. ബദറില്‍ തകര്‍ന്നുപോയ അബൂജഹലിനെപ്പോലെയുള്ള നേതാക്കളെ പറ്റി ഖുറൈശിക്കവികള്‍ വിലാപകാവ്യങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു. ഖുറൈശികളുടെ അഭിമാനബോധം സടകുടഞ്ഞെഴുന്നേല്‍ക്കുകയായി. അപമാനിതരായി ജീവിക്കുന്നതിലും ഭേദം അഭിമാനത്തോടെ മരിക്കുകയാണെന്നവര്‍ തീര്‍ച്ചയാക്കി. ശോകഗാനങ്ങള്‍ അവരുടെ ചോരതിളപ്പിച്ചു. സിരകള്‍ ഇരമ്പുകയായിരുന്നു. ഹൃദയമിടിപ്പുകള്‍ ഇടിപ്പടക്കങ്ങളായി മാറിക്കഴിഞ്ഞിരുന്നു. അവരുടെ നേതാക്കളായ അബൂസുഫ്‌യാന്‍, ഖാലിദ്ബുനുല്‍വലീദ്, അബൂജഹലിന്‍റെ മകന്‍ ഇക് രിമത്ത് തുടങ്ങിയവര്‍ പ്രതിജ്ഞയെടുത്തു; ഒന്നുകില്‍ പകരം വീട്ടുക, അല്ലെങ്കില്‍ മരിക്കുക. ഈ പ്രഖ്യാപനം ഖുറൈശിപ്പടയാളികളുടെ ഞരമ്പുകളെ ചൂടുപിടിപ്പിച്ചു. ആവേശത്തെ ശതഗുണീഭവിപ്പിച്ചു. പകയുടെ തിരമാല ഹൃദയഭിത്തികളില്‍ അടിച്ചുകയറി. ബദറിനു പകരംവീട്ടണം അതുമാത്രമായി പിന്നെ അവരുടെ ജീവിതാഭിലാഷം. ഖുറൈശിയുവാക്കള്‍ സമ്മേളിച്ചു, യുദ്ധഫണ്ടുസ്വരൂപിച്ചു. കൈമെയ് മറന്നു ഓരോരുത്തരും സംഭാവന ചെയ്തു. പകരം വീട്ടല്‍ അവരുടെ ജീവല്‍പ്രശ്നം കൂടിയായിരുന്നു. വീട്ടാതിരുന്നാല്‍ നിലനില്‍പില്ല, കാരണം; ജീവിതമാര്‍ഗ്ഗം കച്ചവടമാണ്., ശാമിലേക്ക് കച്ചവടത്തിനു പോകുന്നവഴിക്കാണ് മദീന സ്ഥിതിചെയ്യുന്നത്. അവിടെനിന്നാണ് കനത്ത പ്രഹരമേറ്റിരിക്കുന്നത്. അതിനു കനത്ത തിരിച്ചടി കൊടുത്തില്ലെങ്കില്‍ കച്ചവടം നിലക്കും, വരുമാനം നിലക്കും, ഏക വരുമാനമാണീ കച്ചവടം. അതുനിലച്ചാല്‍ പിന്നെ ജീവിച്ചിട്ടു ഫലമില്ല. ജീവിക്കാന്‍ കഴിയില്ല. പട്ടിണി കിടന്ന്‍ ചാകേണ്ടിവരും. ഇക്കാര്യം അബൂസുഫയാന്‍ ഖുറൈശി യുവാക്കള്‍ക്ക് വിശദീകരിച്ചുകൊടുത്തപ്പോള്‍ അവര്‍ ആത്മാര്‍പ്പണത്തിനു തയ്യാറായി മുന്നോട്ടുവന്നു. മക്കള്‍ നഷ്‌ടപ്പെട്ട പിതാക്കന്മാര്‍, പിതാക്കന്മാര്‍ നഷ്ടപെട്ട മക്കള്‍, സഹോദരന്മാരെ നഷ്ടപെട്ടവര്‍,ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ടവര്‍, ഇങ്ങിനെയുള്ളവരുടെ ഹൃദയങ്ങള്‍ പകയുടെ അഗ്നികുണ്ഡങ്ങളായി ആളിക്കത്തുകയായിരുന്നു. അതില്‍ എണ്ണയൊഴിച്ച് ശതഗുണീഭവിപ്പിക്കാന്‍ നേതാക്കള്‍ക്ക് പ്രയാസമുണ്ടായില്ല. അവര്‍ ഒന്നടങ്കം യുദ്ധസന്നദ്ധരായി വന്നു. അങ്ങനെ ബദര്‍ യുദ്ധം കഴിഞ്ഞതിന്‍റെ പിറ്റേവര്‍ഷം ഹിജ്റ മൂന്നാംകൊല്ലം ശവ്വാല്‍മാസം ഏഴിനാണ് ആ സംഭവം നടന്നത്. ഉഹ്ദില്‍ വെച്ച് വീണ്ടും രണ്ടുവിഭാഗവും ഏറ്റുമുട്ടി ഒരു ഉഗ്രസംഘട്ടനം നടന്നു. സത്യവും അസത്യവും തമ്മില്‍, ധര്‍മ്മവും അധര്‍മ്മവും തമ്മില്‍. സത്യം ജയിച്ചു, ഏറ്റുമുട്ടലില്‍ പ്രാഥമികവിജയം സത്യവിശ്വാസികള്‍ക്കായിരുന്നു “പക്ഷേ” ആ വിജയം പൂര്‍ത്തിയാക്കാന്‍ ചിലര്‍ക്കു ക്ഷമയുണ്ടായില്ല. അവര്‍ നബി തിരുമേനിയുടെ കല്പനകള്‍ പോലും വിസ്മരിച്ചുപോയി. തന്മൂലം വിജയം പരാജയമായിമാറി. സന്തോഷം സന്താപമായി മാറി. ഏതാനും ചിലരില്‍ നിന്നുണ്ടായ ഈ വീഴ്ച മുസ്ലിംസൈന്യത്തെ ഛിന്നഭിന്നമാക്കി. ഉഹ്ദിലെ ഓരോ മണല്‍ത്തരിയും കണ്ണുനീര്‍വാര്‍ത്തു. തുടര്‍ന്നോഴുകിയ രക്തപ്പുഴയില്‍ അല്ലാഹുവിന്‍റെ സിംഹമെന്ന അപരനാമത്തില്‍ വിശ്രുതനായ ഹസ്രത്ത് ഹംസ(റ) അടക്കം ഇസ്ലാമിന്‍റെ 70 സിംഹങ്ങള്‍ രക്തസാക്ഷികളായി....
(തുടരും)

No comments:
Post a Comment