നബി(സ)തിരുമേനിയുടെ ഒരാജ്ഞ ചിലര്‍ മറന്നുകളഞ്ഞതിന്‍റെ പേരില്‍ സമുദായം മുഴുവന്‍ അപമാനിതരായി. കനത്ത നാശനഷ്ടങ്ങള്‍ക്കിരകളായി. ഉഹ്ദുമലയുടെ താഴെ ചെന്നുനില്‍ക്കാന്‍ ഭാഗ്യം ലഭിക്കുന്ന സത്യവിശ്വാസികളോട് ഇന്നും ആ പര്‍വ്വതം ഈ അപമാനത്തിന്‍റെ കഥപറഞ്ഞു കൊണ്ടിരിക്കുന്നു. നേതാവിനെ ധിക്കരിച്ചാലുണ്ടാകുന്ന മഹാവിപത്തിനെ പറ്റി അതു താക്കീതും നല്‍കിക്കൊണ്ടിരിക്കുന്നു. ഏതാനും അനുയായികളുടെ ഈ അശ്രദ്ധമൂലം അന്ത്യപ്രവാചക ശിരോമണിയുടെ പല്ലുകള്‍പോലും തെറിച്ചുപോകാനിടയായി. അവിടുത്തെ മുഖത്തേറ്റ മുറിവില്‍നിന്നും രക്തം കുടുകുടാ ഒഴുകി. അവിടുത്തേക്ക് ഏറ്റവും പ്രിയങ്കരരായ എഴുപതു സ്വഹാബിവര്യന്മാര്‍ രക്തസാക്ഷികളായി. ഉഹ്ദ് താഴ്വര സത്യവിശ്വാസികളുടെ രക്തത്തില്‍ കുതിര്‍ന്നു. എന്നാലും സ്വഹാബികളെ സംബന്ധിച്ചോടത്തോളം ഈ പരാജയം ഒരനുഗ്രഹമായികലാശിച്ചു. അവര്‍ ഇതില്‍നിന്നും പാഠംപഠിച്ചു. മേലിലോരിക്കലും നബിതിരുമേനിയുടെ(സ) നിര്‍ദ്ദേശങ്ങളില്‍ ഒരക്ഷരംപോലും ധിക്കരിച്ചുതള്ളുകയില്ലെന്നും പ്രതിജ്ഞയെടുത്തു. തന്മൂലം ഈ പരാജയത്തില്‍ നിന്നും ഒരു അന്ത്യവിജയം ഉരുത്തിരിഞ്ഞുവന്നു. ചരിത്രത്തില്‍ തുല്യത കാണാത്ത ഒരത്ഭുതമാണത്. ഉഹ്ദില്‍ വെച്ച് മുസ്ലിംകളെ തകര്‍ത്തു തരിപ്പണമാക്കിയ ഖുറൈശി പടനായകന്‍ അബൂസുഫ്യാന്‍ പില്‍കാലത്ത് അതേ ഇസ്ലാമിന്‍റെ സന്നദ്ധഭടനായി മാറി. ഉഹ്ദില്‍ ഖുറൈശികള്‍ക്കു വിജയം കൊയ്തെടുത്തുകൊടുത്ത പ്രധാന നായകരില്‍ ഒരാളായ ഖാലിദുബ്നുവലീദ് പില്‍കാലത്ത് ഇസ്ലാമിന്‍റെ ദീപശിഖയുമേന്തി ശാമിലും ഇറാഖിലുമെല്ലാം കൂരിരുട്ടിനോടു പൊരുതി വിജയം വരിക്കുകയുണ്ടായി. ഉഹ്ദില്‍ ഖുറൈശികളുടെ നട്ടെല്ലായി നിന്നു ജീവന്മരണപോരാട്ടം നടത്തി പിതാവിന്‍റെ കൊലക്ക് പകരം വീട്ടിയ ഇക്റിമത്ത്(സാക്ഷാല്‍ അബൂജഹലിന്‍റെ പുത്രന്‍) പില്‍കാലത്ത് ഇസ്‌ലാം മതത്തിന്‍റെ ധ്വജവാഹകനായി മാറുകയും അവസാനം ശാം യുദ്ധത്തില്‍ വെച്ച് ഇസ്ലാമിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്തു. ഉഹ്ദ് യുദ്ധത്തില്‍വെച്ച് ഹസ്രത്ത് ഹംസ(റ)വിനെ ഒളിയമ്പേയ്ത വഹ്ശി പില്‍കാലത്ത് ഇസ്ലാമിന്‍റെ മുന്നണിപ്പോരാളിയായി മാറുകയും കള്ളപ്രവാചകനായി വന്ന മുസൈലിമയെ വധിച്ചുകൊണ്ട് തന്‍റെ മുന്പാപത്തിനു പ്രായശ്ചിത്തം ചെയ്യുകയുമുണ്ടായി. ഹസ്രത്ത് ഹംസ(റ)വിനെ വധിച്ച വഹ്ഷിക്കുവിലമതിക്കാനാകാത്ത പാരിതോഷികങ്ങള്‍ നല്‍കുകയും പടക്കളത്തില്‍ രക്തസാക്ഷിയായിക്കിടന്നിരുന്ന ആ വീരസിംഹത്തിന്‍റെ കുടല്‍മാല പറിച്ചെടുത്ത് കഴുത്തിലണിഞ്ഞു നൃത്തം വെക്കുകയും, കരളെടുത്തു ചവച്ചുതുപ്പി പ്രതികാരദാഹം ശമിപ്പിക്കുകയും ചെയ്ത ഹിന്ത്(അബൂസുഫ്യാന്‍റെ ഭാര്യ) പില്‍കാലത്ത് തന്‍റെ ഭര്‍ത്താവിനോടൊപ്പം ഇസ്‌ലാം മതത്തിന്‍റെ കാവല്‍ഭടന്മാരില്‍ ഒന്നാംനിരയില്‍ സ്ഥാനംപിടിക്കുകയുണ്ടായി. ഈ സംഭവങ്ങള്‍ ചരിത്രത്തിലെ ലോകമഹാത്ഭുതങ്ങളില്‍ പെട്ടതാണ്. ഇസ്‌ലാംമതത്തിന്‍റെ സത്യാവസ്ഥക്കും തെളിവാണ്. ഈ വസ്തുതകള്‍ മനസ്സിലാക്കിയിട്ടുവേണം ഉഹ്ദ് ചരിത്രം വായിക്കാന്‍ അല്ലാത്തപക്ഷം പല സംശയങ്ങളും ഉത്ഭവിച്ചേക്കാം. ചുരുക്കത്തില്‍, ഉഹ്ദില്‍ പരാജയപ്പെട്ടെങ്കിലും അത് ഒരു സമ്പൂര്‍ണ്ണ വിജയത്തിന്‍റെ മുന്നോടിയായിരുന്നു. പിന്നീട് നടന്ന ഖന്തഖ്, മക്കംഫതഹ്, ഹുനൈന്‍ തുടങ്ങിയ മുഴുവന്‍ യുദ്ധങ്ങളിലും മുസ്ലിംകള്‍ക്ക് വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞത് ഉഹ്ദില്‍നിന്നവര്‍ പഠിച്ച പാഠംമൂലമായിരുന്നു. ‘അന്ത്യിമ വിജയം മുത്തഖീങ്ങള്‍ക്ക് മാത്രമായിരിക്കുമെന്ന്‍’ വിശുദ്ധഖുര്‍ആന്‍ അടിക്കടി നമ്മെ ഉണര്‍ത്തുന്നു. നാം മുത്തഖീങ്ങളാകേണമെങ്കില്‍ നമ്മുടെ പൂര്‍വ്വീകരെപ്പോലെ നാമും അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കണം. അതാണ് ഉഹ്ദ്യുദ്ധം നമുക്ക് നല്‍കുന്ന ഉപദേശവും താക്കീതും. ഈ താക്കീതിനെ അവഗണിക്കുന്നവര്‍ക്ക് ഒരിക്കലും അവര്‍ വീണു കിടക്കുന്ന പടുകുഴിയില്‍നിന്നും കരകയറാന്‍ സാധ്യമല്ല. ഈ ആധുനികക്കാലത്ത് ലോക മുസ്‌ലിംകള്‍ ധാരാളം വായിച്ചു പാഠമുള്‍ക്കൊള്ളേണ്ട ചരിത്രമാണിത്.
(തുടരും)
(തുടരും)

 
No comments:
Post a Comment