അമ്മാറുബ്നു യാസിർ (റ) ഭാഗം:18


യമാമാ യുദ്ധം അത് കത്തിപ്പടർന്നു

കള്ള പ്രവാചകന്റെ സൈന്യം ശക്തമായി മുന്നേറി മുസ്ലിം സൈന്യത്തിലെ ചെറുപ്പക്കാരുടെ അണി പിളർന്നു അവർ ചിതറിയോടി അമ്മാർ (റ)വിന് സഹിച്ചില്ല ഉറച്ചു നിന്ന് പോരാടാൻ അദ്ദേഹംവിളിച്ചു പറഞ്ഞുകൊണ്ടിരുന്നു ആര് കേൾക്കാൻ 

അബ്ദുല്ലാഹിബ്നു ഉമർ (റ) ആ രംഗം ഇങ്ങനെ വിവരിക്കുന്നു

യമാമ യുദ്ധം കൊടുമ്പിരി കൊള്ളുന്നു പഴയ തലമുറയിൽപെട്ടവർ ധീരമായി പൊരുതുന്നു ചെറുപ്പക്കാർ ചിതറിയോടി സഹികെട്ട അമ്മാർ ( റ) ഒരു പാറപ്പുറത്ത് കയറിനിന്നു ഉച്ചത്തിൽ വിളിച്ചു ചോദിച്ചു

മുസ്ലിം സമൂഹമേ നിങ്ങൾ പിന്തിരിഞ്ഞോടുകയാണോ ? സ്വർഗത്തിൽ നിന്നാണോ നിങ്ങൾ പിന്തിരിഞ്ഞോടുന്നത് ? തിരിച്ചു വരൂ  ഞാൻ അമ്മാറുബ്നു യാസിർ ആകുന്നു  ഇങ്ങോട്ടു വരൂ....തിരിച്ചു വരൂ
.....

അപ്പോൾ അദ്ദേഹത്തിന്റെ ചെവി അറ്റ് തൂങ്ങിക്കിടക്കുകയായിരുന്നു  അതിൽ നിന്ന് രക്തം ഇറ്റിറ്റ് വീണുകൊണ്ടിരുന്നു  ശത്രുക്കളെ തുരത്തണം സ്വന്തം അണികളെ പിടിച്ചു നിർത്തുകയും വേണം അതായിരുന്നു അമ്മാർ (റ)വിന്റെ അവസ്ഥ   ഒടുവിൽ മുസൈലിമത്തുൽ കദ്ദാബ് വധിക്കപ്പെട്ടു

യമാമയിൽ മുസ്ലിം സൈന്യം വിജയിച്ചു അമ്മാർ (റ)വിന്റെ ഒരു ചെവി നഷ്ടപ്പെട്ടു   ആ മുറിചെവി കാണുമ്പോൾ ആളുകൾ യമാമാ യുദ്ദം ഓർമ്മിക്കും അമ്മാർ(റ)വിനെക്കുറിച്ച് ഓർക്കാനും പറയാനും എന്തെല്ലാം കാര്യങ്ങളുണ്ട് മസ്ജിദുന്നബവി പണിയുന്ന കാലം ഒരു വലിയ പാറക്കല്ല് വളരെ വിഷമിച്ചു ചുമന്നുകൊണ്ട് വരികയാണ് അമ്മാർ (റ) നബി (സ) ആ രംഗം നോക്കി നിൽക്കുന്നു 

പാറക്കല്ല് അതിന്റെ സ്ഥാനത്തെത്തിച്ചു തലമുടി നിറയെ പൊടിയുണ്ട് ശരീരം വിയർപ്പിലും പൊടിയിലും കുളിച്ചിട്ടുണ്ട് നബി  (സ) സ്നേഹപൂർവ്വം തലമുടിയിലെ പൊടി തട്ടിക്കൊടുത്തു

അമ്മാർ (റ) വിന്റെ ഭാവി ജീവിതത്തിലേക്ക് കണ്ണയച്ചുകൊണ്ട് നബി  (സ) പറഞ്ഞു:  അമ്മാർ അക്രമികളായ ഒരു വിഭാഗക്കാരുടെ കൈകൊണ്ടായിരിക്കും നിന്റെ മരണം  എത്രയോ സ്വഹാബികൾ അത് കേട്ടു കേൾക്കാത്ത പലരും കേട്ടവരിൽ നിന്നറിഞ്ഞു

ഒരിക്കൽ ഭയാനകമായൊരു സംഭവം നടന്നു ഒരു മതിലിന് താഴെ നിന്ന് അമ്മാർ (റ) ജോലി ചെയ്തുകൊണ്ടിരിക്കുന്നു പെട്ടെന്ന് മതിൽ തകർന്നു വീണു അമ്മാർ (റ) അതിന്നടിയിൽ പെട്ടു  അമ്മാർ (റ) മരിച്ചുപോയെന്ന് എല്ലാവരും ധരിച്ചു ഇതിന്നിടയിൽ ചിലർ മണ്ണ് നീക്കാൻ തുടങ്ങി   ചിലർ നബി  (സ)യെ സമിപിച്ചു അമ്മാർ മതിലിന്നടിയിൽ പെട്ട് മരിച്ചുവെന്നറിയിച്ചു കേട്ടവർ ഭയന്നുപോയി

നബി  (സ) പറഞ്ഞു:  അമ്മാർ മരിച്ചിട്ടില്ല ഒരു വിഭാഗം അക്രമികളുടെ കൈകൊണ്ടായിരിക്കും  അമ്മാറിന്റെ മരണം  മണ്ണു നീക്കിയപ്പോൾ അമ്മാർ (റ) എണീറ്റുവന്നു അത്ഭുതം ഒരാപത്തും പറ്റിയില്ല അങ്ങനെ എത്രയെത്ര സംഭവങ്ങൾ കാലം ഒഴുകിക്കൊണ്ടിരുന്നു ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ ..
(തുടരും)

No comments:

Post a Comment