അമ്മാറുബ്നു യാസിർ (റ) ഭാഗം:15


ബദർ പോർക്കളത്തിൽ

നബി(സ) മദീനയിലെത്തിയ ആദ്യനാളുകൾ അബൂ അയ്യൂബുൽ അൻസാരി (റ) വിന്റെ വീട്ടിൽ താമസം ധാരാളമാളുകൾ നിത്യവും സന്ദർശകരായി വരുന്നുണ്ട് ഒരു മസ്ജിദ് പണിയണം സമീപത്തുളള മൈതാനം കൊള്ളാം അത് രണ്ട് യത്തീം മക്കളുടെ വകയാണ് സ്ഥലം വിലകൊടുത്തു വാങ്ങി സ്ഥലം നിരപ്പാക്കണം മണ്ണ് കുഴിച്ച് പാകപ്പെടുത്തി കട്ടയുണ്ടാക്കണം തറ കെട്ടാൻ കല്ല് വേണം  അധ്വാനമുള്ള ജോലികൾ ധാരാളം കിടക്കുന്നു നല്ല ആരോഗ്യമുള്ള അമ്മാർ (റ) ആവേശത്തോടെ വന്നു അധ്വാനത്തിന്റെ കാര്യത്തിൽ അദ്ദേഹം മറ്റുള്ളവർക്ക് മാതൃകയാണ്  തറ കൊത്തി നിരപ്പാക്കാൻ തുടങ്ങി അമ്മാർ വെയിലത്ത് നന്നായി അദ്ധ്വാനിച്ചു വിയർപ്പൊഴുക്കി  പരലോകത്തേക്കുള്ള സമ്പാദ്യം  ആഴമുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുന്നു തോൽപ്പാത്രത്തി ചുമന്ന് കൊണ്ടുപോവുന്നു മണ്ണ് കുഴക്കുന്നു കട്ടയുണ്ടാക്കുന്നു വെയിലിൽ കട്ടകൾ ഉണക്കുന്നു

ചുമർ കെട്ടാൻ തുടങ്ങിയപ്പോൾ അമ്മാർ (റ) കൂടുതൽ അധ്വാനിച്ചു മറ്റുള്ളവർ ഓരോ കട്ട ചുമന്നുകൊണ്ട് വരുമ്പോൾ അമ്മാർ (റ) രണ്ടെണ്ണം ചുമന്നുകൊണ്ടുവരും  ഒരവസരത്തിൽ വലിയൊരു കല്ല് ചുമന്നുകൊണ്ട് വന്ന് എന്തൊരു ഭാരം നടക്കാൻ നന്നെ വിഷമിച്ചുപോയി

നബി  (സ) ആ രംഗം നോക്കി കൊണ്ട് നിൽക്കുന്നു മനസ്സിൽ വല്ലാത്ത സ്നേഹം വന്നുപോയി  വലിയ കല്ല് സ്ഥാനത്തെത്തിച്ചു തലയിലും മുഖത്തും പൊടി മൂടിക്കിടക്കുന്നു ശരീരം നിറയെ പൊടിയും വിയർപ്പും

നബി  (സ)തങ്ങൾ പുണ്യം നിറഞ്ഞ കൈകൊണ്ട് മുഖത്തെ പൊടി തുടച്ചുമാറ്റി തല തടവി പൊടി നീക്കി  അമ്മാർ (റ) അനുഗ്രഹീതനായി വല്ലാത്ത അനുഭൂതി അമ്മാർ (റ)വിന്റെ ഭാവി ജീവിതം നബി  (സ) കാണുന്നു  പതിറ്റാണ്ടുകൾക്കു ശേഷം നടക്കുന്ന കാര്യം മുസ്ലിംകൾ രണ്ട് ഗ്രൂപ്പായി തിരിയുന്നു പരസ്പരം പോരടിക്കുന്നു അമ്മാർ (റ) സത്യത്തിന്റെ ഭാഗത്ത് ഉറച്ചു നിന്നു പോരാടുന്നു  അക്രമികളായ ഒരു സംഘം അമ്മാർ (റ) വിനെ  ആഞ്ഞുവെട്ടുന്നു   അദ്ദേഹം രക്തസാക്ഷിയായി മരിച്ചുവീഴുന്നു  നബി  (സ) കണ്ടു പറയുകയും ചെയ്തു  പലരും കേട്ടു അവർ ഓർമ്മയിൽ സൂക്ഷിച്ചു  മസ്ജിദുന്നബവിയുടെ നിർമ്മാണം പൂർത്തിയായി എന്നു പറയാം  നിസ്കാരം തുടങ്ങി  അമ്മാർ (റ) അതിൽ സജീവമായി പങ്കെടുത്തു മസ്ജിദ് പരിപാലനത്തിന് കഠിനാദ്ധ്വാനം ചെയ്തു

കറുത്ത നിറം പൊക്കം കൂടിയ ശരീരം വിരിഞ്ഞ മാറിടം നല്ല ആരോഗ്യം അതായിരുന്നു അമ്മാർ  (റ)  അദ്ധ്വാനത്തിൽ സംതൃപ്തി കണ്ടെത്തിയ തൊഴിലാളി നേതൃത്വ ഗുണങ്ങൾ നിറഞ്ഞുനിന്ന മഹാൻ
മസ്ജിദിൽ നടന്ന എല്ലാ ചടങ്ങുകൾക്കും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ട് അധികം സംസാരിക്കില്ല അധിക നേരവും മൗനം ഖൽബ് ദിക്റിൽ മുഴകും ആവശ്യത്തിനു മാത്രം സംസാരിക്കും  നബി  (സ) തങ്ങളുടെ ജീവിതം അമ്മാർ (റ) നന്നായി പഠിച്ചു വളരെയടുത്തു നിന്നു തന്നെ പഠിച്ചു  നബി(സ)യെ എങ്ങനെ സ്നേഹിക്കണം ? അത് നന്നായി പഠിച്ചു നന്നായി സ്നേഹിച്ചു  അവിടുത്തെ പൊരുത്തം നേടി  യുദ്ധത്തിന്റെ മേഘപാളികൾ പ്രത്യക്ഷമായ നാളുകൾ യുദ്ധം വന്നാൽ ജീവൻ നൽകാൻ അമ്മാർ (റ) തയ്യാർ

ഹിജ്റഃ യുടെ രണ്ടാം വർഷം റമളാൻ മാസം മുഴുവൻ നോമ്പെടുക്കൽ  നിർബന്ധമായി സ്വഹാബികൾ നോമ്പെടുക്കാൻ തുടങ്ങി ഒരു മാസത്തെ നോമ്പ് നോറ്റ് പരിശീലിക്കുകയാണ് അതിന്നിടയിലാണ് ഞെട്ടിക്കുന്ന വാർത്ത വന്നത് മക്കയിൽ നിന്ന് സൈന്യം പുറപ്പെട്ടിരിക്കുന്നു അബൂജഹൽ നേതൃത്വം വഹിക്കുന്ന സൈന്യം  അമ്മാർ (റ) അസ്വസ്ഥനായി മനസ്സിൽ രോഷം പുകയുന്നു  തന്റെ പ്രിയപ്പെട്ട മാതാവിനെ ഇഞ്ചിഞ്ചായി കൊന്ന കൊടും പഹയൻ ഇസ്ലാം മതത്തെ തുടച്ചുനീക്കാൻ വരികയാണ് ഇങ്ങ് വരട്ടെ കാണിച്ചു കൊടുക്കാം തന്റെ വൃദ്ധനായ പിതാവിനെ മർദ്ദിച്ചു കൊന്ന ക്രൂരൻ  അമ്മാർ (റ) പല്ല് ഞെരിച്ചു റമളാൻ പന്ത്രണ്ട് അന്നാണ് സൈന്യം പുറപ്പെടുന്നത് അതിനു മുമ്പെ സൈന്യത്തിലേക്ക് ആളെയെടുത്തു അമ്മാർ (റ) ആദ്യ സംഘത്തിൽ തന്നെയുണ്ട്  യദ്ധ സാമഗ്രികളെല്ലാം കുറവ് ഭക്ഷ്യവസ്തുക്കൾ തീരെ കുറവ് നോമ്പ് കാലവും കൊടും പരീക്ഷണം റമളാൻ പതിനാറിന് ബദ്റിലെത്തി പിറ്റേന്ന് യുദ്ധം പൊട്ടി ഒരു ഭാഗത്ത് മുന്നൂറ്റി പതിമൂന്ന് പേരുടെ സൈന്യം  മറുഭാഗത്ത് അബൂജഹലിന്റെ ആയിരം പേരുള്ള സൈന്യം അഹങ്കാരികളുടെ പട  ഇരു സൈന്യവും ബദറിൽ ഏറ്റുമുട്ടി

അമ്മാർ (റ) മക്കാ നേതാക്കളെ കണ്ടു തന്നെ ക്രൂരമായി മർദ്ദിച്ച ക്രൂരന്മാരെ കണ്ടു തന്റെ പിതാവിനെ മർദ്ദിച്ചു കൊന്ന ക്രൂരന്മാരെകണ്ടു തന്റെ മാതാവിനെ കുന്തംകൊണ്ട് കുത്തിക്കൊന്ന അബൂജഹലിനെ കണ്ടു മർദ്ദകരെ കണ്ടു കൂടി നിന്ന് പൊട്ടിച്ചിരിച്ചവരെ കണ്ടു  അമ്മാർ (റ) പരിസരം മറന്നു കൈ മെയ് മറന്നു  മിന്നൽപ്പിണറായി മാറി തിളങ്ങുന്ന വാളുമായി കുതിച്ചു കണ്ണിൽ കണ്ട ശത്രുക്കളെയെല്ലാം വെട്ടി വീഴ്ത്തി എന്തൊരു മുന്നേറ്റം

അഹദ്....അഹദ്.....അഹദ്..

അമ്മാർ (റ) വിൽ നിന്ന് ആ വാക്ക് ഉയർന്നുകൊണ്ടിരുന്നു പടവെട്ടുന്ന മുസ്ലിംകളെല്ലാം അത് പറയുന്നുണ്ട്  മക്കയിൽ വെച്ചു ക്രൂരമായി മർദ്ദിക്കപ്പെട്ടപ്പോൾ ബിലാൽ  (റ) ഉച്ചരിച്ച വാക്കാണത് അഹദ് .....അഹദ്  ......

അല്ലാഹു അഹദ് (അല്ലാഹു ഏകനാകുന്നു ) എന്നാണുദ്ദേശ്യം യുദ്ധക്കളം പെട്ടെന്നിളകി മറിഞ്ഞു തക്ബീർ ധ്വനികളുയർന്നു ആരോ ഉറക്കെ വിളിച്ചു പറയുന്നു അബൂജഹൽ വെട്ടേറ്റ് വിണു അമ്മാർ (റ) അത് കേട്ടു മേലാകെ കോരിത്തരിക്കുന്നു ഇടംവലം തിരിയാൻ നിവൃത്തിയില്ല ശത്രുക്കൾ പൊതിഞ്ഞു നിൽക്കുന്നു അമ്മാർ ആഞ്ഞുവെട്ടുന്നു എന്തൊരു കൈവേഗത  പിന്നെയും പിന്നെയും അട്ടഹാസങ്ങൾ മക്കായുടെ കരൾത്തുടിപ്പുകൾ തകർന്നുവീഴുന്നു അമ്മാർ (റ) ആ കാഴ്ച കണ്ടു അവിശ്വസനീയമായ കാഴ്ച തന്നെ പൊതിഞ്ഞു നിന്നവർ പിന്തിരിഞ്ഞോടുന്നു  തന്റെ ജീവനുവേണ്ടി ആർത്തിയോടെ പടപൊരുതിയവർ തന്നെ ഉപേക്ഷിച്ചു പോവുന്നു  എന്തൊരതിശയകരമായ കാഴ്ച ബദർ രണാങ്കണത്തിൽ മലക്കുകളിറങ്ങി അവർ മുസ്ലിംകളെ സഹായിച്ചു ശത്രുക്കൾ ചിന്നിച്ചിതറി പരാജയത്തിന്റെ രുചിയറിഞ്ഞു കൈവശമുള്ളതെല്ലാം വലിച്ചെറിഞ്ഞ് ജീവനുംകൊണ്ടോടിപ്പോയി നിന്ദ്യമായ പരാജയം സത്യവിശ്വാസികളുടെ മഹാവിജയം യുദ്ധം അവസാനിച്ചു  അമ്മാർ (റ) വാൾ തുടച്ചു വൃത്തിയാക്കി ഉറയിലിട്ടു  നെറ്റിയിലെ വിയർപ്പു തുള്ളികളും തുടച്ചു  രണാങ്കണത്തിലൂടെ നടന്നു മരിച്ചു വീണവരെ കാണാൻ നബി  (സ) അതാ നിൽക്കുന്നു വധിക്കപ്പെട്ട ശരീരത്തിലേക്ക് നോക്കിനിൽക്കുന്നു  അതാരുടെ ശവശരീരം
(തുടരും)

No comments:

Post a Comment