മദീനയിലേക്ക്
യാസിർ (റ) ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷി സുമയ്യ (റ) ആദ്യത്തെ വനിതാ രക്തസാക്ഷി ഇരുവരും രക്തസാക്ഷികളായി ചരിത്രത്തിന്റെ ഭാഗമായി അവരുടെ ഓമന മകൻ അമ്മാർ (റ) കിരാതമായ മർദ്ദനമുറകൾ തുടരുകയാണ് നിരന്തര പീഢനം ശരീരത്തിൽ എത്ര മുറിവുകൾ ചൂടുപിടിച്ച മണൽ പരപ്പിൽ നഗ്ന ശരീരം വലിച്ചെറിയ്യുന്നു മുറിവുകളിൽ ചൂടു പടർന്നു കയറുന്നു അസഹ്യമായ നീറ്റൽ ബിംബങ്ങളെ വാഴ്ത്തുക ശത്രുക്കൾ നിർബന്ധിച്ചുകൊണ്ടിരുന്നു അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരുന്നു ശത്രുക്കൾ ലാത്തയെയും ഉസ്സയെയും വാഴ്ത്തുന്ന വചനങ്ങൾ പറഞ്ഞുകൊണ്ടുരുന്നു അവ ഏറ്റു പറയാൻ നിർബന്ധിക്കുന്നു മർദ്ദിക്കുന്നു എത്ര നിർബന്ധിച്ചിട്ടും മർദ്ദിച്ചിട്ടും അനുസരിക്കുന്നില്ല തല വെള്ളത്തിൽ മുക്കി ശ്വാസം കിട്ടുന്നില്ല ബോധം നശിക്കുകയാണ് പരിസരം മറന്നിരിക്കുന്നു മർദ്ദകന്മാർ എന്തൊക്കെയോ ചൊല്ലിക്കൊടുക്കുന്നു ഒന്നും മനസ്സിൽ പതിയുന്നില്ല ഏതോ വാചകങ്ങൾ ഏറ്റു പറഞ്ഞുപോയി ഏതോ ബിംബങ്ങളുടെ പേര് പറഞ്ഞുപോയി ശത്രുക്കൾക്ക് സന്തോഷമായി തൽക്കാലത്തേക്ക് മർദ്ദനം നിർത്തി തളർന്നു വീണുപോയി കുറെ കഴിഞ്ഞ് മയക്കം വിട്ടുണർന്നു നടന്ന കാര്യങ്ങൾ ഓർത്തു നോക്കി പറയാൻ പാടില്ലാത്തത് പറഞ്ഞു പോയിരിക്കുന്നു സഹിക്കാൻ കഴിയുന്നില്ല ഇനിയെന്ത് ചെയ്യും? പിന്നെ എണീറ്റ് ഓട്ടമായിരുന്നു നബി (സ)തങ്ങളുടെ സമീപത്തേക്ക് പൊട്ടിക്കരയുന്നുണ്ട് കണ്ണീരൊഴുക്കുന്നുണ്ട് നബി (സ)തങ്ങളെ നേർക്കുനേരെ കാണുന്നു കരച്ചിൽ നിർത്താനാവുന്നില്ല നബി (സ) അമ്മാർ (റ) വിനെ സ്നേഹപൂർവ്വം സ്വീകരിച്ചു കണ്ണീർ തുടച്ചുകൊടുത്തു എന്നിട്ടങ്ങനെ ചോദിച്ചു: ശത്രുക്കൾ നിന്നെ വെള്ളത്തിൽ മുക്കി ശ്വാസ തടസ്സമുണ്ടായി പിന്നെ അവർ നിന്നോട് ചിലത് പറയാൻ നിർബന്ധിച്ചു നീ പറഞ്ഞുപോയി അല്ലേ ? അതല്ലേ ഉണ്ടായത് ?
അസഹ്യമായ വേദനയോടെ അമ്മാർ (റ) സമ്മതിച്ചു അദ്ദേഹം നബി (സ) തങ്ങളുടെ മുഖത്ത് നോക്കി അവിടെ വെറുപ്പില്ല കോപമില്ല മുഖം ശാന്തമാണ് ചുണ്ടുകളിൽ മന്ദസ്മിതം അമ്മാർ (റ)വിന് വല്ലാത്ത അതിശയം തോന്നി
നബി (സ) വിശുദ്ധ ഖുർആൻ വചനം ഓതിക്കേൾപ്പിച്ചു
സൂറത്തുന്നംലിലെ നൂറ്റി ആറാം വചനം അതിന്റെ ആശയം ഇങ്ങനെ :
ആരെങ്കിലും തന്റെ വിശ്വാസത്തിനു ശേഷം അല്ലാഹുവിനെ നിഷേധിച്ചാൽ സത്യവിശ്വാസം കൊണ്ട് തന്റെ ഹൃദയം അടങ്ങിയിരിക്കെ നിർബന്ധത്തിന് വിധേയനായവൻ ഒഴികെ ആരുടെ ഹൃദയം ദൈവനിഷേധം കൊണ്ട് വികസിച്ചുവോ അവന് അല്ലാഹുവിന്റെ കോപവും കഠിന ശിക്ഷയും ഉണ്ടായിരിക്കും (16:106)
ആരെങ്കിലും സത്യവിശ്വാസിയായി അതിനു ശേഷം ദൈവ നിഷേധിയായി എന്നാൽ അവന്റെ മേൽ അല്ലാഹുവിന്റെ കോപവുമുണ്ടാവും അവന് കഠിന ശിക്ഷ ലഭിക്കുകയും ചെയ്യും
എന്നാൽ അമ്മാർ (റ) ഇതിൽ പെടില്ല അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴും ദൈവ വിശ്വാസം രൂഢമൂലമാണ് നിർബന്ധത്തിനു വഴങ്ങി ചില വാക്കുകൾ പറഞ്ഞു പോയതാണ് അതു കാരണം ദൈവ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും ഒഴിവായി
അമ്മാർ (റ)വിനാശ്വാസമായി സത്യവിശ്വാസം കൂടുതൽ ശക്തമായി
(തുടരും)

 
No comments:
Post a Comment