ഇബ്നു ഖുറാസാ മുഖൗഖിസ് ഭാഗം:22


അസീസ് രാജാവിന്റെ മരണവാർത്തയറിഞ്ഞ് അവസാനമായി  അദ്ദേഹത്തെ ഒന്നു കാണാൻ ഖുറാസയിലെ ജനങ്ങൾ കൊട്ടാരത്തിലേക്ക് ഒഴുകി. പുതിയ രാജാവായി മുഖൗഖിസിനെ തിരഞ്ഞെടുത്തതും ഇതിനോടകം എല്ലാവരും അറിഞ്ഞു കഴിഞ്ഞിരുന്നു.  ജനങ്ങൾ അതിൽ അതിയായി സന്തോഷിച്ചു. അന്നുതന്നെ അസീസ് രാജന്റെ ഖബറടക്കം കഴിഞ്ഞു .അതിനടുത്ത ദിവസം മുഖൗഖിസ് ഖുറാ സയുടെ രാജാവായി അഭിഷിക്തനായി . പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹം സദാ ഭരണ കാര്യങ്ങളുമായി ബന്ധപ്പെട്ടു .പല ഭരണപരിഷ്കാരങ്ങളും നടത്തി . ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൊട്ടാരത്തിൽത്തന്നെ ഒരു നീതിപീഠം സ്ഥാപിച്ചു. ഉയർന്ന പണ്ഡിതന്മാരെ അതിന്റെ ന്യായാധിപൻ മാരായി നിയമിച്ചു . സാധുക്കൾക്ക് പ്രത്യേക പരിഗണനയും  നൽകപ്പെട്ടു. കൊട്ടാരത്തിൽ  അതിഥിയായി എത്തുന്നവർക്ക് മൂന്നുദിവസത്തെ ആതിഥേയത്വം അനുവദിക്കപ്പെട്ടു .ബനൂ ഖുറാ സ നാൾക്കുനാൾ പുരോഗമിച്ചുകൊണ്ടിരുന്നു . തങ്ങളുടെ പുതിയ ഭരണാധികാരിയെ എല്ലാവരും ഇഷ്ടപ്പെട്ടു. മുഖൗഖിസ് രാജാവിന്റെ കീർത്തി ബനൂഖുറാ സയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു . അദ്ദേഹത്തിൽ നിന്നുള്ള സഹായം പ്രതീക്ഷിച്ച് പല നാടുകളിൽ നിന്നും ജനങ്ങൾ  ഖുറാസയിലേക്ക് എത്തിക്കൊണ്ടിരുന്നു. മുഖൗഖിസ്  ഇക്കാലയളവിൽ തന്റെ ശമ്പളത്തിൽ നിന്ന് സമാഹരി്ച്ച ഒരു തുക ഒരു ഭടൻ വഴി തന്റെ ജന്മനാടായ മുഖൗകിസ് പട്ടണത്തിലേക്ക് കൊടുത്തുവിട്ടു . മുഖൗഖിസ് പട്ടണത്തിൽനിന്ന് ഒളിച്ചോടുമ്പോൾ അവിടെ താൻ കടം വീട്ടാനുള്ള ധനാഢ്യൻമാരിലേക്ക് ആയിരുന്നു അത്. സന്തോഷകരമായ വർഷങ്ങൾ കടന്നുപോയി.  ആ സന്തോഷത്തിൽ കരിനിഴൽ വീഴ്ത്തി കൊണ്ട്  ഇതിനിടയിൽ മുഖൗഖിസിന്റെ താങ്ങും തണലുമായി വർത്തിച്ചിരുന്നത് പ്രിയ പത്നി  റൈഹാന മരണമടഞ്ഞു .അതിന് ശേഷം ഒരു വിവാഹം കൂടി കഴിക്കാൻ പലരും നിർബന്ധിച്ചെങ്കിലും മുഖൗഖിസ് രാജാവ് അതിനു സമ്മതിച്ചില്ല .അദ്ദേഹം ഭരണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു. അങ്ങനെ ബനൂ ഖുറാസ വിഭവസമൃദ്ധവും സമ്പന്നവുമായ രാജ്യമായി അറിയപ്പെട്ടു . തങ്ങളുടെ പ്രിയ രാജാവിനെ ഖുറാ സയിലെ ജനങ്ങൾ ഇബ്നു ഖുറാസ അഥവാ ഖുറാസയുടെ പുത്രൻ എന്ന ഓമനപ്പേരിൽ വിളിച്ചു

  ഒരു പ്രഭാതം ഖുറാസയുടെ തെരുവിൽ പരദേശിയായ ഒരു യുവാവ് പ്രത്യക്ഷപ്പെട്ടു. സുന്ദരനായിരുന്ന അയാൾക്ക് ഏകദേശം മുപ്പത് കവിഞ്ഞ പ്രായം തോന്നും .അപരിചിതനായ ഒരാളെ കണ്ടപ്പോൾ നഗരത്തിൽ ഉണ്ടായിരുന്ന രാജാവിന്റെ ചാരന്മാർ അദ്ദേഹത്തെ സമീപിച്ചു .അയാളെ കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞു .എന്റെ പേര് മഹ്മൂദ് ഇബ്നു മുഖൗഖിസ് .. അകലെ നിന്നുംവരികയാണ്. ഇവിടുത്തെ രാജാവിനെ കാണുകയാണ് ലക്ഷ്യം അദ്ദേഹം വളരെ ഔദാര്യവാനും മഹാമനസ്കനും ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹം ജോലി തന്ന് എന്നെ സഹായിക്കുമോ ?....

യുവാവിന് ഉൽകണ്ഠ...തീർച്ചയായും താങ്കൾ അദ്ദേഹത്തെ നേരിൽ സമീപിക്കുക അദ്ദേഹം താങ്കളെ സഹായിക്കാതിരിക്കില്ല താങ്കളുടെ നാട് ഏതെന്ന് പറഞ്ഞില്ലല്ലോ .... എന്റെ നാട് അങ്ങ് ദൂരെയാ... പക്ഷേ ഞാൻ വരുന്നത് നജ്റിൽ നിന്നാണ് .ഇപ്പോൾ ജോലിയൊന്നുമില്ല ദാരിദ്ര്യത്തിലാണ് .എന്തെങ്കിലുമൊരു ജോലി കിട്ടണം അത്രേ എനിക്ക് ആഗ്രഹമുള്ളൂ .എന്ത് ജോലി കിട്ടിയാലും ചെയ്യും ....താങ്കളുടെ മാതാപിതാക്കൾ? .....അൽപനേരം കഴിഞ്ഞാണ് മഹമൂദ് അതിനു മറുപടി പറഞ്ഞത് എന്റെ മാതാപിതാക്കളും സഹോദരനും വർഷങ്ങൾക്ക് മുമ്പ്  ഒരപകടത്തിൽ മരിച്ചു പോയി. അതിനുശേഷം ഞാൻ ഏകനായി ഇങ്ങനെ അലയുകയാണ്... ആ യുവാവിന്റെ അവസ്ഥ കേട്ടപ്പോൾ അവർക്ക് അയാളോട് എന്തെന്നില്ലാത്ത അനുകമ്പ തോന്നി .താങ്കൾ അനാഥൻ ആണല്ലേ ?...
(തുടരും)

No comments:

Post a Comment