ബദർ യുദ്ധചരിത്രം💞 ഭാഗം:7


ഇതിന്നിടയില്‍ മറ്റൊരു പ്രശ്നവുംകൂടി അബൂജഹലിനെ നേരിട്ടു. യുദ്ധം ചെയ്യാതെ മക്കയിലേക്ക് മടങ്ങാനുള്ള നിര്‍ദേശം. ഹകീംബിന്‍ ഹസാം, ഉത്ബത്ബിന്‍ റബീഅയെ സമീപിച്ചു പറഞ്ഞു: 'അബുല്‍വലീദ്! താങ്കള്‍ ക്വുറൈശികളിലെ നേതാവും പ്രമുഖനും ആജ്ഞാശേഷിയുള്ളവനുമാണ്. ഈ അന്ത്യഘട്ടത്തില്‍ എന്നെന്നും സ്മരിക്കുന്ന ഒരു നന്മ ഞാന്‍ താങ്കള്‍ക്ക് നിര്‍ദേശിച്ചുതരട്ടെയോ? അതെന്താണ് ഹകീം? ഉത്ബ ചോദിച്ചു. അദ്ദേഹം പറഞ്ഞു. നമുക്ക് ജനങ്ങളേയും കൊണ്ട് മടങ്ങാം. താങ്കളുമായി സഖ്യത്തിലുള്ള അംറുബ്നു ഹള്റമിയുടെ ബാധ്യത താങ്കളേല്ക്കുക- ഇദ്ദേഹം നഖ്ല സംഘട്ടനത്തില്‍ വധിക്കപ്പെട്ടതാണ്-ഇതുകേട്ടപ്പോള്‍ ഉത്ബ പറഞ്ഞു: അത് ഞാനേറ്റു. നീ അതിന് സാക്ഷിയാണ്. ഇത് അബൂജഹലിനെ കണ്ടു പറയാന്‍ ഹകീമിനെ ഏല്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഉത്ബ എഴുന്നേറ്റ് പ്രസംഗിച്ചു. ക്വുറൈശികളേ!

'മുഹമ്മദിനോടും അനുചരന്മാരോടും ഏറ്റുമുട്ടിയതുകൊണ്ട് നിങ്ങള്‍ക്ക് ഒന്നും നേടാനില്ല. അല്ലാഹുവാണെ! നിങ്ങളവനെ പരാജയപ്പെടുത്തിയാലും തന്റെ പിതൃവ്യപുത്രന്മാരേയും അമ്മാവന്മാരുടെ പുത്രന്മാരേയും കുടുംബാംഗങ്ങളെയും വധിച്ച് മനുഷ്യരുടെ മുഖത്തുനോക്കാന്‍ നിങ്ങള്‍ക്ക് കഴിയാതാകും. അതിനാല്‍ മുഹമ്മദിന്റെ കാര്യം മറ്റു അറബിഗോത്രങ്ങള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് പിരിഞ്ഞുപോവുക. അവര്‍ അവനെ വകവരുത്തുകയാണെങ്കില്‍ നിങ്ങള്‍ ആഗ്രഹിച്ചത് സംഭവിച്ചതായി സമാധാനിക്കാം. മറിച്ചാണെങ്കില്‍, നിങ്ങള്‍ വിചാരിക്കുന്നതൊന്നും അവനില്‍നിന്ന് സംഭവിക്കാന്‍ പോകുന്നില്ല.'   
  ഹകീംബിന്‍ ഹസാം അബൂജഹലിനെ സമീപിച്ചു. ഉത്ബയേല്പിച്ച കാര്യം പറഞ്ഞു. ഉടനെ അബൂജഹല്‍ പ്രതികരിച്ചു. 'അല്ലാഹുവാണേ മുഹമ്മദിനേയും അനുയായികളെയും കണ്ടതോടെ അവന്‍ ശ്വാസം തിങ്ങി ഭീരുവായിമാറിയിരിക്കുന്നു. മുഹമ്മദിന്റെയും നമ്മുടെയുമിടയില്‍ അല്ലാഹു ഒരു തീരുമാനമെടുക്കുന്നതുവരെ നാം മടങ്ങുന്ന പ്രശ്നമേയില്ല. ഉത്ബയ്ക്ക് അത് പറയാം. കാരണമവന്റെ പുത്രന്‍ അബൂഹുദൈഫ മറുചേരിയിലുണ്ട്. അബൂജഹല്‍ പറഞ്ഞതുകേട്ട ഉത്ബ പ്രതികരിച്ചു. ആര്‍ക്കാണ് ശ്വാസം തിങ്ങുന്നതെന്ന് പിന്നീടറിയാം. ഇതിനെ നേരിടാന്‍ അബൂജഹല്‍ ഉടനെത്തന്നെ ആമിര്‍ബിന്‍ അല്‍ഹള്റമിയെ വിളിച്ചു-ഇദ്ദേഹം നഖ്ല സംഘട്ടനത്തില്‍ വധിക്കപ്പെട്ട അംറുബ്നു ഹള്റമിയുടെ സഹോദരനാണ്- ഇതാ നിന്റെ സഖ്യത്തിലുള്ളവന്‍ ആളുകളെ തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നു. ശത്രുക്കള്‍ നിന്റെ കണ്‍മുമ്പില്‍ തന്നെ നില്ക്കുന്നു. അതുകൊണ്ട് എഴുന്നേറ്റ് നിന്റെ സഹോദരന്റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുക! ഉടനെ ആമിര്‍ അട്ടഹസിച്ചു. എന്റെ സഹോദരന്‍ അംറ്! അതോടെ ജനങ്ങള്‍ യുദ്ധസജ്ജരായി. അവരുടെ സിരകള്‍ തപിച്ചു. യുദ്ധമൊഴിവാക്കാനുള്ള ഉത്ബയുടെ ശ്രമം വിഫലമായി. വിവേകത്തെ വികാരം അതിജയിച്ചു!

#ഇരുസൈന്യങ്ങളും മുഖാമുഖം
(തുടരും)

No comments:

Post a Comment