ഞാൻ വെറുമൊരു പാറാവുകാരൻ
തനിക്കും അനുയായികൾക്കും ജീവൻ കിടക്കാനുള്ള അന്നത്തിനെങ്കിലും വക കാണണം. അതിന്ന് എന്തെങ്കിലും ജോലി തരപ്പെട്ടാൽ നന്നായിരുന്നു എന്നോർത്ത് ഇബ്‌റാഹീം ഇറങ്ങിനടന്നു ...
കുറെ അന്വേഷിച്ചുനടന്നപ്പോൾ ഒരാപ്പിൾ തോട്ടത്തിൽ പാറാവുകാരനായി അദ്ദേഹത്തിന് ജോലി കിട്ടി...
പകൽ മുഴുവനും തോട്ടത്തിൽ കാവൽ നിൽക്കുന്നതിന് കിട്ടുന്ന വേതനത്തിൽ നിന്ന് അൽപം മാത്രമെടുത്ത് തനിക്കും ശിഷ്യന്മാർക്കും ഭക്ഷണം വാങ്ങുകയും ബാക്കി ഉള്ളത് പാവപ്പെട്ടവർക്ക് ദാനം ചെയ്യുകയുമാണദ്ദേഹം ചെയ്തിരുന്നത്. എന്നിട്ടോ രാത്രിയിൽ മുഴുവനും നിസ്കാരം തന്നെ. അങ്ങനെ ആരുമറിയാതെ അദ്ദേഹം സിറിയയിൽ തന്നെ ജീവിച്ചുപോന്നു ...
പതിവുപോലെ അന്നും ഇബ്‌റാഹീം തോട്ടത്തിന് കാവൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് ഒരാൾ അങ്ങോട്ടുവന്നത് ...
" എടോ ഒരാപ്പിൾ എനിക്ക് തരൂ ... ആഗതൻ ഘനഗംഭീരമായ സ്വരത്തിൽ ചോദിച്ചു ..."
" ആപ്പിളോ ... ഞാനതെങ്ങനെ തരും. ഞാൻ വെറും ഒരു കാവൽക്കാരനല്ലേ ... ഇതിന്റെ ഉടമസ്ഥനോട് ചോദിച്ചു നോക്കൂ ..."
" ഫാ ... ധിക്കാരി നീയെന്തു പറഞ്ഞു ... ഒരാപ്പിളിനുവേണ്ടി ഞാനിതിന്റെ മുതലാളിയെ തിരഞ്ഞുപോവുകയോ ...? എനിക്ക് വേറെ തൊഴിലുണ്ട് ..."
" എങ്കിൽ എനിക്കൊരു നിവൃത്തിയുമില്ല ..."
" എടോ, ഓശാരം ചോദിക്കുകയല്ല. ഞാൻ വിലയെന്താണെന്ന് വെച്ചാൽ തരാം ... ഒരു പഴം പറിച്ച് കൊണ്ടുവാ ..."
" ഇതിലെ പഴം വിൽക്കാനും എനിക്കനുവാദം ഇല്ല. എന്റെ തൊഴിൽ വെറും പാറാവ് മാത്രം ..."
ആഹാ നീയത്രക്കായോ ... ഒരുനീതി നടത്തുവാൻ നീയൊരു പഴം പറിച്ചുതരാൻ ഒരുക്കമല്ലെങ്കിൽ ഞാൻ തന്നെ അത് പറിച്ചെടുക്കും ...
ഇത്രയും പറഞ്ഞ് അയാൾ തോട്ടത്തിൽ അതിക്രമിച്ചുകടക്കാൻ തുടങ്ങി. ഇബ്‌റാഹീം ഒരിഞ്ച് വിട്ടുകൊടുത്തില്ല. ഈ തോട്ടത്തിന്റെ യജമാനൻ തന്നെ വിശ്വസിച്ചേല്പിച്ചതാണ്. അദ്ദേഹത്തിന്റെ പഴം മറ്റൊരാളെ തീറ്റിക്കാൻ അനുവദിക്കാൻ പാടില്ല. അങ്ങനെ ഉന്തും തള്ളും പിടിയും വലിയുമായി...
ആഗതന് അതി കലശലായ ദേഷ്യം വന്നു. ഭക്ഷണത്തിന്റെ കുറവുകൊണ്ടും, അത്യദ്ധ്വാനം കൊണ്ടും, ഉറക്കമൊഴിച്ചിൽ കൊണ്ടും ക്ഷീണിച്ചവശനായ ഇബ്റാഹീമിനെ കീഴ്പ്പെടുത്താൻ ആരോഗ്യദൃഢഗാത്രനായ അയാൾക്ക് അധിക പ്രായത്നമൊന്നും വേണ്ടിവന്നില്ല. ഇബ്റാഹീമിനെ അയാൾ കോപം തീരുവോളം മർദ്ദിച്ചു. മർദ്ധനമേറ്റ് ശരീരമാസകലം രക്തം വാർന്ന് അവശനായി അദ്ദേഹം കിടന്നു...അപ്പോഴും ഇബ്‌റാഹീം തന്റെ ശരീരത്തോട് ഇപ്രകാരം പറയുന്നുണ്ടായിരുന്നു ...
" ഹേ ശരീരമേ, രക്തം വാർന്ന് അവശനായി നീയിന്ന് കിടക്കുന്നു.ലോകത്തെ കിടിലം കൊള്ളിച്ച ബൽഖയിലെ ഇബ്‌റാഹീം ചക്രവർത്തി നീ തന്നെയായിരുന്നില്ലേ ...
എവിടെ നിന്റെ പ്രതാപം ? എവിടെപ്പോയി നിന്റെ അന്തസ്സ് ? എവിടെ നിന്റെ അംഗരക്ഷകർ ? സഹിക്കണം... നീതന്നെ സഹിക്കണം ... നിന്റെ അഹങ്കാരത്തിന്റെ സ്വപ്നഗോപുരത്തെ തകർന്നടിയണം ..."
പാറാവിന്റെ സമയം കഴിഞ്ഞിട്ടാണ് അദ്ദേഹം അവിടം വിട്ടുപോയത്. ദേഹമാസകലം ചുടുചോരയൊലിപ്പിച്ച് വേച്ചു വേച്ച് നടന്നുവരുന്ന തങ്ങളുടെ പ്രിയപ്പെട്ട ശൈഖിനെ കണ്ട് ശിഷ്യന്മാർ ഞെട്ടിത്തറിച്ചുപോയി. അത് വകവെക്കാതെ ഇബ്‌റാഹീം പറഞ്ഞു ...
സാരമില്ല മക്കളെ ..., ഈ ശരീരം ഇതെല്ലാം അനുഭവിക്കേണ്ടതാണ് ...
(തുടരും)

 
No comments:
Post a Comment