ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:30


ഏറ്റവും വലിയ പട്ടണം ...


ഒരു വഴിപോക്കൻ, പട്ടണത്തിലാണയാൾക്ക് എത്തേണ്ടത്. എത്ര നടന്നിട്ടും ഉദ്ദിഷ്ടസ്ഥാനത്തെത്തിച്ചേരുന്നില്ല. ഇബ്രാഹീമിബ്നു അദ്ഹം കാവൽനിക്കുന്ന വഴിയിലൂടെയാണയാൾ നടന്നുവന്നത് ...


" ഹേ, പാറാവുകാരാ..., പട്ടണത്തിലേക്കുള്ള വഴിയേത്...?" ആ യാത്രക്കാരൻ ഇബ്രാഹീമിബ്നു അദ്ഹമിനോട് ചോദിച്ചു ...


" ദാ ആ കാണുന്നത് തന്നെയാണ് പട്ടണം." ഇബ്രാഹീമിബ്നു അദ്ഹം ഒരു സംശയം പോലും പ്രകടിപ്പിക്കാതെ നേരെ മുമ്പിലേക്ക് ചൂണ്ടി. യാത്രക്കാരൻ അദ്ദേഹം ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് നോക്കി ...


" എന്ത് അവിടെ ഒരു മനുഷ്യക്കുഞ്ഞുപോലുമുള്ള ലക്ഷണമില്ലല്ലോ പിന്നയെങ്ങിനെയാണവിടെ പട്ടണമുണ്ടാകുന്നത് ...?"


പെട്ടെന്നാണ് അയാളുടെ ദൃഷ്ടിയിൽ ഒരു വിശേഷസംഗതി പെട്ടത്. നിരനിരയായി നിൽക്കുന്ന മീസാൻകല്ലുകൾ. അതൊരു ഖബർസ്ഥാനാണെന്നയാൾക്ക് ലക്ഷണം കണ്ട് മനസ്സിലായി. ഈ പാറാവുകാരൻ തന്നെ പരിഹസിക്കുകയാണോ അയാൾ വീണ്ടും ചോദിച്ചു ...


എടോ മനുഷ്യാ ശ്മശാനത്തിലേക്കുള്ള വഴിയല്ല ഞാൻ ചോദിച്ചത്. പട്ടണത്തിലേക്കുള്ള വഴിയാണ്. നീ ചൂണ്ടിക്കാണിച്ച് തന്നത് ശ്മശാനത്തിലേക്കുള്ള വഴിയല്ലേ ..? ഇനിയെങ്കിലും എന്നെ കബളിപ്പിക്കാതെ ശരിയായ വഴിപറഞ്ഞുതരിക... വിദേശികളോട് ഇങ്ങനെയാണോ പെരുമാറേണ്ടത് ...


ഇബ്രാഹീം അയാളുടെ വാക്കുകൾ കേട്ട് ഒട്ടും തന്നെ ആശ്ചര്യപ്പെടാതെ വീണ്ടും ശ്മശാനത്തിലേക്കുള്ള വഴിതന്നെ ചൂണ്ടിക്കാണിച്ചുകൊടുത്തു. ആ യാത്രക്കാരന് കലികയറി. അയാൾ അല്പം ദേഷ്യത്തോടുകൂടി പറഞ്ഞു. എടാ ധിക്കാരി ഞാനാരാണെന്നാണ് നീ കരുതിയത് ... ഉന്നതനായ ഒരു സൈനിക ഉദ്യോഗസ്ഥനാണ് ഞാൻ. ടൗണിലേക്കുള്ള വഴി പറഞ്ഞു തന്നില്ലെങ്കിൽ ഇനിയെന്റെ കോലം മാറും ...


എന്നിട്ടും ഇബ്രാഹീമിബ്നു അദ്ഹമിന്ന് ഇളക്കവുമുണ്ടായില്ല ...


അരിശംമൂത്ത പട്ടാളക്കാരൻ അദ്ദേഹത്തെ കഠിനമായി മർദ്ദിച്ചു. പക്ഷെ എത്രതന്നെ മർദ്ദിച്ചിട്ടും ഇബ്രാഹീമിബ്നു അദ്ഹമിന്ന് ഭാവഭേദമുണ്ടായില്ല. അവസാനം ക്ഷീണിതനായ പട്ടാളക്കാരൻ ഇയാൾ വല്ല ചിത്തഭ്രമക്കാരനുമായിരിക്കുമെന്ന് തെറ്റിദ്ധരിച്ച് തന്റെ പാട്ടിനുപോയി ...


അയാളുടെ ശക്തമായ പ്രഹരങ്ങൾക്ക് വിധേയനായി അതികഠിനമായ വേദന അനുഭവിച്ചു കെണ്ടിരിക്കുമ്പോൾ  ഇബ്രാഹീമിബ്നു അദ്ഹം തന്റെ ശരീരത്തോട് പഴയപടിയുള്ള കഠോരവചനങ്ങൾ പറഞ്ഞു...


തന്റെ ശരീരത്തിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന മർദ്ദനങ്ങളൊന്നും തന്നെ അധികപ്പറ്റല്ല എന്നദ്ദേഹം വിശ്വസിച്ചിരുന്നു
(തുടരും)

No comments:

Post a Comment