ബദർ യുദ്ധചരിത്രം💞 ഭാഗം:6



 ഉടനെ ഹുബാബ് ബിന്‍ മുന്‍ദിര്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! ഈ സ്ഥലം യുദ്ധതന്ത്രമെന്ന നിലയ്ക്ക് താങ്കളുടെ വ്യക്തിപരമായ വീക്ഷണമനുസരിച്ചോ അതല്ല, മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമല്ലാത്ത അല്ലാഹുവിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലോ എങ്ങനെയാണ് തെരഞ്ഞെടുത്തത്.
ഇതെന്റെ വീക്ഷണം മാത്രമാണ് നബി(സ) പറഞ്ഞു: എന്നാല്‍ ഇത് അനുയോജ്യമായ സ്ഥലമല്ല, നമുക്കല്പം മുന്നോട്ടുനീങ്ങി ക്വുറൈശികള്‍ക്ക് സമീപമുള്ള ജലാശയം മൂടി അതിനടുത്ത് ഒരു സംഭരണിയില്‍ ജലം ശേഖരിച്ചശേഷം ബാക്കികിണറുകള്‍ നിരത്താം. അങ്ങനെയായാല്‍ നമുക്ക് വെള്ളം ലഭിക്കും. അവര്‍ക്ക് വെള്ളം ലഭിക്കുകയുമില്ല. ഹബ്ബാബ് പറഞ്ഞു: 'ഇതാണ് ശരിയായ അഭിപ്രായം നബി(സ) പറഞ്ഞു: തുടര്‍ന്ന് രാത്രിയുടെ മധ്യത്തോടെ അങ്ങോട്ടുനീങ്ങി മേല്‍പ്പറഞ്ഞതുപോലെയെല്ലാം ചെയ്തു.

ഇതെല്ലാം പൂര്‍ത്തിയായപ്പോള്‍ സഅദ്ബിന്‍ മുആദ് അടിയന്തര സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും അഥവാ പരാജയം ഭവിക്കുകയാണെങ്കില്‍ അത് മുന്നില്‍ക്കണ്ടും നബി(സ)ക്ക് ഒരു താവളം നിര്‍മിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. അദ്ദേഹം പറഞ്ഞു: "പ്രവാചകരേ, അങ്ങേക്ക് ഞങ്ങള്‍ ഒരു കൂടാരം പണിതുതരാം. താങ്കള്‍ക്കതില്‍ വിശ്രമിക്കാം. താങ്കളുടെ വാഹനവും ഞങ്ങള്‍ അതില്‍ ഒരുക്കിവെക്കാം. തുടര്‍ന്ന് ഞങ്ങള്‍ ശത്രുവിനെ നേരിടും. അല്ലാഹു നമ്മുടെ യശസ്സുയര്‍ത്തുകയും ശത്രുവിനെതിരെ വിജയം നല്കുകയും ചെയ്താല്‍ നാം ആഗ്രഹിക്കുന്നത് പോലെയായി. മറിച്ചാണെങ്കില്‍ താങ്കള്‍ക്ക് വാഹനത്തിലേറി നമ്മുടെ കൂടെ യുദ്ധത്തില്‍ പങ്കുചേരാന്‍ കഴിയാത്ത നമ്മുടെ ആളുകളുമായി സംബന്ധിക്കുകയും ചെയ്യാം. നമ്മുടെ കൂടെ യുദ്ധത്തിനെത്താത്ത അവര്‍ പ്രവാചകരേ! താങ്കളോടുള്ള സ്നേഹത്തില്‍ ഞങ്ങളേക്കാള്‍ ഒട്ടും കുറവുള്ളവരല്ല. താങ്കളൊരു യുദ്ധത്തിന് പുറപ്പെടുന്നു എന്നറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലും മാറിനില്ക്കുമായിരുന്നില്ല. അവിടെയെത്തിയാല്‍, അവര്‍ താങ്കളെ സംരക്ഷിക്കുകയും താങ്കളുടെ കൂടെ പോരാടുകയും ചെയ്യും.'' റസൂല്‍(സ) അദ്ദേഹത്തിന് നന്മക്കായി ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. മുസ്ലിംകള്‍ യുദ്ധക്കളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി അല്പം ഉയര്‍ന്ന സ്ഥലത്ത് ഒരു കൂടാരം ഉ അന്‍സാരി യുവാക്കളെ തെരഞ്ഞെടുക്കുകയും ചെയ്തു.

റസൂല്‍(സ) അന്ന് രാത്രി സൈന്യത്തെ സജ്ജീകരിക്കുകയും യുദ്ധക്കളത്തില്‍ ഓരോ ശത്രുനേതാവും വെട്ടേറ്റു പതിക്കുന്ന സ്ഥലം ചൂണ്ടിക്കാണിച്ചുകൊടുക്കുകയും ചെയ്തു. അന്ന് പുലരുവോളം ഒരു ഈത്തപ്പനയിലേക്ക് തിരിഞ്ഞു. അവിടുന്ന് നമസ്കരിച്ചു. സ്വഹാബികള്‍ നിറഞ്ഞ മനസ്സുകളോടെ സ്വസ്ഥമായി അല്ലാഹുവിന്റെ സന്തോഷവാര്‍ത്ത കാലത്ത് പുലരുന്നതും പ്രതീക്ഷിച്ച് ശാന്തമായി നിദ്രയിലാണ്ടു.
"അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കംകൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭവും നിങ്ങളെ ശുദ്ധീകരിക്കുന്നതിനും നിങ്ങളില്‍നിന്ന് പിശാചിന്റെ ദുര്‍ബോധനം നീക്കിക്കളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും'' (സ്മരിക്കുക). (8:11)
ഹിജ്റ രണ്ടാംവര്‍ഷം റമദാന്‍ 17ന്റെ രാവായിരുന്നു ഈ രാത്രി. നബി(സ) പുറപ്പെട്ടത് ഇതേ മാസം എട്ടിനോ പന്ത്രണ്ടിനോ ആയിരുന്നു
  ക്വുറൈശികള്‍ അന്ന് രാത്രി അവരുടെ സൈനികതാവളത്തില്‍-ഉദ്വത്തുല്‍ ഖുസ്വ്വാ-കഴിച്ചുകൂട്ടി. പുലര്‍ന്നപ്പോള്‍ മണല്‍ക്കുന്നിനിപ്പുറം ബദ്റിന്റെ താഴ്വരയിലേക്കവര്‍ ഇറങ്ങി. അതില്‍ ചിലര്‍ പാനജലത്തിനുവേണ്ടി നബി(സ)യുടെ ജലസംഭരണിയെ സമീപിച്ചു. നബി(സ) പറഞ്ഞു: 'അവരെ വിട്ടേക്കൂ.' അന്ന് അതില്‍നിന്ന് പാനം ചെയ്തവരെല്ലാം വധിക്കപ്പെട്ടു. ഹകീംബിന്‍ ഹസാം ഒഴികെ അദ്ദേഹം പിന്നീട് മുസ്ലിമായി നന്നായി ജീവിച്ചു. പില്‍ക്കാലത്ത് അദ്ദേഹം ഏതെങ്കിലും കാര്യത്തില്‍ സത്യം ചെയ്യേണ്ടിവരുമ്പോള്‍ ബദ്ര്‍ ദിനം എന്നെ രക്ഷിച്ചവന്‍ തന്നെ സത്യം എന്നായിരുന്നു പറഞ്ഞിരുന്നത്. ക്വുറൈശികള്‍ അവരുടെ സ്ഥാനത്ത് സ്വസ്ഥമായപ്പോള്‍ ചാരനായി ഉമൈര്‍ബിന്‍ വഹ്ബ്അല്‍ജൂമഹിയെ പറഞ്ഞുവിട്ടു. അദ്ദേഹം തന്റെ കുതിരപ്പുറത്തേറി ചുറ്റിക്കറങ്ങിയശേഷം വന്നു പറഞ്ഞു: 'അവര്‍ മുന്നൂറ് പേരുണ്ട്. അല്പം കൂടുതലോ കുറവോ വന്നേക്കാം.' അവരുടെ സന്നാഹങ്ങളറിയാന്‍ എന്ന് പറഞ്ഞു ഒരിക്കല്‍ക്കൂടി അദ്ദേഹം ചുറ്റിക്കറങ്ങിവന്നു. തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു: "അവരുടെ പക്കല്‍ സന്നാഹങ്ങളൊന്നും ഞാന്‍ കണ്ടില്ല. പക്ഷെ, ക്വുറൈശികളേ! മരണത്തെ നിസ്സാരമാക്കുന്ന ധീരതയാണ് ഞാന്‍ കണ്ടത്.
 വാളല്ലാതെ മറ്റൊരു രക്ഷാകവചവും ഇല്ലാത്ത ജനത! അല്ലാഹുവാണേ! നിങ്ങളില്‍ നിന്നൊരാള്‍ വധിക്കപ്പെടാതെ അവരിലൊരാളെ വധിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങളിലെ പ്രമുഖരെ അവര്‍ വധിച്ചുകളഞ്ഞാല്‍ പിന്നീട് ജീവിക്കുന്നതിലര്‍ഥമില്ല. അതിനാല്‍ സഗൌരവം ചിന്തിക്കുക!
(തുടരും)

No comments:

Post a Comment