പ്രപഞ്ചത്യാഗിയായ ആ യോഗീവര്യന്ന് ജനങ്ങളിൽനിന്നുള്ള പ്രലോഭനങ്ങൾ കൂടിക്കൂടി വന്നു. പലരും പാരിതോഷികങ്ങളുമായി വന്നു. ബൽകയിലെ സിംഹാസനം വലിച്ചെറിഞ്ഞുവന്ന തനിക്കെന്തിനു ഈ നിഷ്കൃഷ്ടമായ സ്വർണ്ണനാണയങ്ങൾ... ഇതാന്നും തന്നെ പ്രലോഭിപ്പിക്കില്ല. പക്ഷെ ഏകാന്തത അതു മാത്രം തനിക്ക് കിട്ടുന്നില്ല. താൻ ആരാണെന്നറിയാത്ത ഒരു സ്ഥലത്തെത്തിച്ചേരണം. അതായി ഇബ്രാഹീമിന്റെ പിന്നത്തെ ചിന്ത ...
അങ്ങനെ വീണ്ടും താവളം മാറാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ ശിഷ്യഗണങ്ങളെ അരികിൽ വിളിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു .
" പ്രിയപ്പെട്ടവരെ നമ്മുടെ താവളം ഇനിയിവിടെ നിന്നും മാറ്റുന്നതാണ് നല്ലതെന്ന് തോന്നുന്നു. അതു കൊണ്ട് ഞാൻ ഒരു പുതിയ സ്ഥലം തേടി പുറപ്പെടാനാഗ്രഹിക്കുന്നു. പുറപ്പെടുന്നതിനുമുമ്പ് നിങ്ങളുമായി ഒരുടമ്പടിയുണ്ടാക്കണമെന്നാണെന്റെ നിശ്ചയം. ഞാൻ ഒരുകാര്യം ആവശ്യപ്പെട്ടാൽ നിങ്ങളെല്ലാവരും അതംഗീകരിക്കുമെന്ന് ആദ്യമായി എനിക്ക് ഉറപ്പുനൽകണം ..."
" അഭിവന്ദ്യഗുരോ അങ്ങയുടെ ഏതാവശ്യവും അംഗീകരിക്കാൻ ഏതുസമയത്തും ഈ ശിഷ്യന്മാർ സന്നദ്ധരാണ്. പിന്നയെന്തിനാണി മുഖവുരയൊക്കെ ..."
" എങ്കിൽ കേൾക്കൂ ... എന്റെ ശരീരത്തെ ശക്തമായ ഭാരംകൊണ്ട് തളർത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഈ യാത്രയിൽ നിങ്ങളുടെ ഭാണ്ഡങ്ങളെല്ലാം എന്റെ ചുമലിൽ വെച്ചുതരണം ..."
ശിഷ്യന്മാർക്ക് ഓർക്കാൻപോലും കഴിയാത്ത ഒരാവശ്യമായിരുന്നു അത്. എന്തുംചെയ്യും ഗുരുവുമായികരാറുണ്ടാക്കിയതല്ലെ ... ഇനി അത് ലംഘിക്കുന്നതെങ്ങനെ. എങ്കിലും ഏതെങ്കിലും വിധേന ഈ തീരുമാനത്തിൽ നിന്ന് ഗുരുവിനെ പിന്തിരിപ്പിക്കാനാവുമോ എന്നവർ വളരെയധികം പരിശ്രമിച്ചുനോക്കി ... പക്ഷെ അദ്ദേഹം പിന്തിരിയുന്ന മട്ട് കണ്ടില്ല. അങ്ങനെ മുപ്പത് ശിഷ്യന്മാരുടേയും ഭാണ്ഡങ്ങൾ സ്വന്തം മുതുകിലേറ്റി അദ്ദേഹം കൂനിക്കൂടി നടന്നു ..."
എന്റെ ശരീരമേ, നീയെത്ര അഹങ്കരിച്ചു. എല്ലാം നിന്റെ കാൽക്കീഴിൽ വരുത്തി. നീ സിംഹാസനത്തിൽ മേലനങ്ങാതെ ഇരിക്കുകയായിരുന്നില്ലേ... ഇപ്പോൾ അതിന്നുള്ള ശിക്ഷയാണ് നീ അനുഭവിക്കുന്നത്. എന്ന് ആത്മഗതം ചെയ്ത് കൊണ്ട് വേച്ച് വേച്ച് അദ്ദേഹം നടന്നു ...
ശിഷ്യന്മാർ വളരെയധികം സങ്കടത്തോടുകൂടി ഗുരുവിനെ അനുഗമിച്ചു ...
സിറിയയിലാണ് ആ ഗുരുവും ശിഷ്യന്മാരും ചെന്നു ചേർന്നത്. ഇനി കുറച്ചുകാലം തങ്ങളുടെ താവളം ഇതാവട്ടെ എന്ന് ഇബ്രാഹീമിബ്നു അദ്ഹം തീരുമാനിച്ചു ... ചെറിയ ഒരു ഖൈമയുണ്ടാക്കി (ടെന്റ്)അവിടെ അനുയായികളോടൊപ്പം അദ്ദേഹം താമസം തുടങ്ങി
(തുടരും)

 
No comments:
Post a Comment