ബദർ യുദ്ധചരിത്രം💞 ഭാഗം:5


സൈന്യം മുന്നോട്ട് നീങ്ങുന്നു
തുടര്‍ന്ന് നബി(സ) ദഫിറാനില്‍നിന്ന് അല്‍അസ്വാഫിര്‍ മലയിടുക്കുകള്‍ താണ്ടിക്കടന്ന് അദ്ദബ്ബ എന്ന സ്ഥലത്തിറങ്ങി ഈത്തപ്പനത്തോട്ടങ്ങള്‍ക്കെതിരെ ഇടതുവശത്തേക്ക് നീങ്ങി ബദ്റിന് സമീപം താവളമടിച്ചു.
തുടര്‍ന്ന് നബി(സ)യും സന്തതസഹചാരി അബൂബക്കര്‍(റ)യും നേരിട്ടുതന്നെ താവളത്തിനുചുറ്റും സഞ്ചരിച്ച് ശത്രുക്കളുടെ വിവരങ്ങള്‍ അന്വേഷിക്കാനായി പുറപ്പെട്ടു. വഴിയില്‍വെച്ച് ഒരു അറബി വൃദ്ധനെ കണ്ടുമുട്ടി. റസൂല്‍(സ) അദ്ദേഹത്തോട് ക്വുറൈശികളെക്കുറിച്ചും മുഹമ്മദിനെയും അനുയായികളേയും കുറിച്ചും അന്വേഷിച്ചു. നിങ്ങളാരാണെന്ന് അറിയിക്കാതെ മറുപടി പറയില്ലെന്ന് വൃദ്ധന്‍ അറിയിച്ചപ്പോള്‍ വിവരം പറഞ്ഞുതന്നാല്‍ ആരാണെന്നറിയിക്കാം എന്ന് റസൂല്‍(സ) പറഞ്ഞു: അവസാനം അങ്ങനെയാകട്ടെയെന്നായി. വൃദ്ധന്‍ സംസാരിച്ചുതുടങ്ങി. മുഹമ്മദും അനുയായികളും ഇന്നദിവസം യാത്രപുറപ്പെട്ടിട്ടുണ്ട് എന്നാണ് എനിക്ക് വിവരം കിട്ടിയത്. അത് ശരിയാണെങ്കില്‍ അവരിപ്പോള്‍ ഇന്നസ്ഥലത്തെത്തിയിട്ടുണ്ടാവും. ക്വുറൈശികള്‍ ഇന്നദിവസം പുറപ്പെട്ടിട്ടുണ്ടെന്നാണ് അറിഞ്ഞത്. അത് ശരിയാണെങ്കില്‍ ഇന്നസ്ഥലത്ത് അവരെത്തിയിട്ടുണ്ടാകും 'തുടര്‍ന്ന് നിങ്ങള്‍ രണ്ടുപേരും ആരാണെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ മാഅ്കാരാണ് എന്ന് പറഞ്ഞു. ഇറാക്വിലെ മാആണോ? അതോ... എന്ന് വൃദ്ധന്‍ ചോദിച്ചുകൊണ്ടിരിക്കുന്നതിന്നിടയില്‍ അവര്‍ അവിടംവിട്ടു.

അന്ന് തന്നെ വൈകുന്നേരം പുതുവിവരങ്ങളറിയാന്‍ അലിയുബിന്‍ അബീത്വാലിബിനേയും സുബൈര്‍ ബിന്‍ അല്‍ അവ്വാമിനേയും സഅദുബിന്‍ അബീവഖാസിനേയും നിയോഗിച്ചു. ബദറിലെ വെള്ളമുള്ള സ്ഥലത്തേക്ക് നീങ്ങിയ അവര്‍ക്ക് ക്വുറൈശികള്‍ക്കുവേണ്ടി വെള്ളം സംഭരിക്കാന്‍ എത്തിയ രണ്ട് അടിമബാലന്മാരെ കിട്ടി. അവരെ ബന്ധിച്ചുകൊണ്ടുവന്നു. അപ്പോള്‍ നബി(സ) നമസ്കരിക്കുകയായിരുന്നു. ഇതിന്നിടയ്ക്ക് ജനങ്ങള്‍ അവരെ വളഞ്ഞു വിവരങ്ങള്‍ അന്വേഷിച്ചുതുടങ്ങി. നമസ്കാരശേഷം നബി(സ) അവരോട് ശത്രുസൈന്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. ഖുറൈശ് പ്രമുഖര്‍ ആരെല്ലാമുണ്ട് എന്ന ചോദ്യത്തിന് അവര്‍ മറുപടി പറഞ്ഞു. അവര്‍ ഉത്ബ, ശൈബ, അബുല്‍ബഖ്തരി, ഹകിംബിന്‍ ഹസ്സാം, നൌഫല്‍ ബിന്‍ ബുവൈലിദ്, ഹാരിഥ്ബിന്‍ ആമിര്‍, ത്വുഅയ്മബിന്‍ അദിയ, നള്ര്‍ബിന്‍ അല്‍ഹാരിഥ്, സംഅബിന്‍ അല്‍ അസ്വദ്, അബൂജഹല്‍, ഉമയ്യ ബിന്‍ ഖലഫ് തുടങ്ങിയവരെല്ലാമുണ്ട്. റസൂല്‍(സ) സൈന്യത്തിന്റെ നേരെ തിരിഞ്ഞുകൊണ്ടുപറഞ്ഞു. "ഇതാ മക്ക അതിന്റെ കരള്‍ തുണ്ടങ്ങള്‍ നിങ്ങള്‍ക്കെറിഞ്ഞു തന്നിരിക്കുന്നു.''
   അന്ന് രാത്രി അവിടെ മഴ വര്‍ഷിച്ചു. ബഹുദൈവാരാധകര്‍ക്ക് അത് കടുത്ത പേമാരിയായി മാറിയപ്പോള്‍ മുസ്ലിംകള്‍ക്ക് അവരുടെ ആലസ്യത്തില്‍നിന്ന് ഉണര്‍ത്തുന്നതും പൈശാചിക മാലിന്യത്തില്‍നിന്ന് ശുചീകരിക്കുന്നതുമായ കുളിര്‍മഴയായി അതുഭവിച്ചു. മുസ്ലിംകളുടെ പ്രദേശത്ത് മണല്‍ ഉറച്ച് പാദങ്ങള്‍ ഉറപ്പിക്കാവുന്ന അവസ്ഥയും കൈവന്നു. തുടര്‍ന്ന് മുസ്ലിം സൈന്യം ബദ്റിലെ ജലാശയത്തിന് സമീപമായി തമ്പടിച്ചു. ഉടനെ ഹുബാബ് ബിന്‍ മുന്‍ദിര്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! ഈ സ്ഥലം യുദ്ധതന്ത്രമെന്ന നിലയ്ക്ക് താങ്കളുടെ വ്യക്തിപരമായ വീക്ഷണമനുസരിച്ചോ അതല്ല, മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമല്ലാത്ത അല്ലാഹുവിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലോ എങ്ങനെയാണ് തെരഞ്ഞെടുത്തത്.
(തുടരും)

No comments:

Post a Comment