ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:27



ഇതുതന്നെയാണ് നിങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഇബ്റാഹീമിബ്നു അദ്ഹം. അദ്ദേഹത്തെയാണോ നിങ്ങൾ ക്രൂരമായി മർദ്ധിക്കുന്നത് ? ഇങ്ങനെ പറയാൻ ഓരോ ശിഷ്യന്മാരുടെയും നാവ് തരിച്ചു ... പക്ഷെ, അവരെല്ലാം ഗുരുവിന്റെ താക്കീതോർത്തു ... ഏത് പ്രതിസന്ധിയിലും താനാരാണെന്നുള്ള സത്യം തുറന്ന്പറയരുത്...


അങ്ങിനെ ജനങ്ങളിൽ നിന്നുള്ള അതികഠിനമായ മർദ്ധനമേറ്റ് അവശനായി ഇബ്റാഹീമും ശിഷ്യഗണങ്ങളും കഅബ ശരീഫിലെത്തി. അവിടെവെച്ച് ചിലർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു ... നിമിഷങ്ങൾക്കകം ആ കഥ നാടെങ്ങും പരന്നു ... മർദനമേറ്റത് ഇബ്റാഹീബ്നു അഡ്മിനാണ് ...


പിന്നെയുള്ള അവസ്ഥ പറയണോ ... ജനങ്ങൾ എന്തുചെയ്യണമെന്നറിയാതെ ഷോക്കേറ്റപോലെ നിന്നുപോയി. പലരും വാവിട്ടുകരഞ്ഞു ... തങ്ങൾ സ്നേഹാദരങ്ങളോടെ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ശൈഖിനെ തങ്ങൾ തന്നെ നിർദ്ദയമായി മർദ്ധിക്കുക. അവർക്ക് ആ കാര്യം ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. പക്ഷെ, എന്തുചെയ്യാം എല്ലാം സംഭവിച്ചുപോയി. ഇനി ആരോട് പറയാനാണ്. അവരിൽ പലരും നേരെ ഇബ്റാഹീമിനു അദ്ഹമിന്റെ അരികിലേക്കോടി അദ്ദേഹത്തിന്റെ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞ്കൊണ്ട് മാപ്പപേക്ഷിച്ചു ...


ഈ കോലാഹലങ്ങളെല്ലാം കണ്ട് ശാന്തരായിരിക്കുകയായിരുന്നു ഇബ്‌റാഹീം. അപ്പോഴും അദ്ദേഹത്തിന് ഒരു പരാതിയും ഉണ്ടായിരുന്നില്ല. ഇതെല്ലാം ഞാൻ അനുഭവിക്കേണ്ടത് തന്നെയാണെന്നുള്ള ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇബ്‌റാഹീം തന്റെ ചുറ്റും നിന്ന് ഖേദത്തോടുകൂടി വിലപിക്കുന്ന ജനങ്ങളോടായി പറഞ്ഞു ...


" എന്റെ പ്രിയപ്പെട്ട ജനങ്ങളെ, നിങ്ങൾ ചെയ്തതിൽ എനിക്കൊട്ടും പരാതിയില്ല. ഒരുപാട് അഹങ്കാരിച്ചതാണെന്റെ ഹൃദയം. അത് ഏറ്റവും നിന്ദ്യമായ നിലയിൽ അവഹേളിക്കപ്പെടണം. ഒരുപാട് പാവപ്പെട്ടവരെ മർദ്ദിക്കുകയും, അവരുടെ കണ്ണുനീര് കണ്ട് സായൂജ്യമടയുകയും ചെയ്ത എനിക്ക് അർഹിക്കുന്ന ശിക്ഷ തന്നെയാണ് കിട്ടിയത്. അതുകൊണ്ട് നിങ്ങളാരോടും തന്നെ എനിക്കൊരു പകയും പ്രതികാര ചിന്തയുമില്ല. തൽകാലം നിങ്ങൾ പിരിഞ്ഞുപോകണം. ഏകാഗ്രതയാണെനിക്കാവശ്യം അതെനിക്ക് നൽകുമെങ്കിൽ ഞാൻ കൃതാർത്ഥനായി ...

   അഹങ്കരിച്ചതിന്റെ ഫലം ...


എന്തൊരു ഉദാര മനസ്കത, എന്തൊരു മഹനീയ മാതൃക ഇത്തരം നല്ലൊരു സൂഫിവര്യനെയാണെല്ലൊ തങ്ങൾ മർദ്ദിച്ചതെന്ന് ഓർക്കുന്തോറും ആ ജനങ്ങളുടെ ദു:ഖം അധികരിച്ചു. അവർ മനസ്സില്ലാമനസ്സോടെ അവിടെനിന്നും  പിരിഞ്ഞുപോയി ...


മക്കയിൽവെച്ച് പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ച ശേഷം മഹാനും ശിഷ്യഗണങ്ങളും അവിടെ താമസം തുടങ്ങി. ലാളിത്യത്തിന്റെ പ്രതീകങ്ങളായി അവർ ജീവിച്ചു. ഇബ്രാഹീമിബ്നു അദ്ഹം സ്വന്തം ശിരസ്സിൽ വിറകേറ്റിക്കൊണ്ട് വന്ന് അതിൽനിന്ന് കിട്ടുന്ന പ്രതിഫലംകൊണ്ട് തന്റേയും ശിഷ്യന്മാരുടേയും വിശപ്പടക്കി. അങ്ങനെ കാലം ഒരുപാട് കഴിഞ്ഞു ...
(തുടരും)

No comments:

Post a Comment