'അപ്പോള്‍ സഅദ് പ്രഖ്യാപിച്ചു. ഞങ്ങള്‍ താങ്കളെ വിശ്വസിക്കുകയും അംഗീകരിക്കുകയും താങ്കള്‍ കൊണ്ടുവന്നത് സത്യമാണെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്തവരാണ്. തദടിസ്ഥാനത്തില്‍ താങ്കള്‍ പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന കരാറും പ്രതിജ്ഞയും ഞങ്ങള്‍ ചെയ്തിട്ടുമുണ്ട്. അതിനാല്‍ താങ്കള്‍ ഉദ്ദേശിച്ചത് പ്രവര്‍ത്തിച്ചുകൊള്ളുക. താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെ സത്യം! ഈ സമുദ്രം താങ്കള്‍ മുറിച്ചുകടക്കുകയാണെങ്കില്‍ ഞങ്ങളും താങ്കളോടൊപ്പമുണ്ടാകും. ഞങ്ങളില്‍ ആരും തന്നെ പിന്‍മാറുകയില്ല. നാളെത്തന്നെ ഞങ്ങളെയുംകൊണ്ട് താങ്കള്‍ ശത്രുക്കളെ നേരിട്ടാലും ഞങ്ങള്‍ വെറുപ്പു പ്രകടിപ്പിക്കാതെ യുദ്ധരംഗത്ത് ഉറച്ചുനില്ക്കുന്നതാണ്. ഞങ്ങള്‍ യുദ്ധരംഗത്തും ഏറ്റുമുട്ടുന്നേടത്തും ഉറച്ചുനിന്നവരും നിഷ്ഠപുലര്‍ത്തിയവരുമാണ്. കണ്‍കുളിര്‍ക്കാവുന്ന രംഗങ്ങള്‍ ഞങ്ങളിലൂടെ അല്ലാഹു താങ്കള്‍ക്ക് കാണിച്ചേക്കാം! അല്ലാഹുവിന്റെ അനുഗ്രഹത്തോടെ അങ്ങ് ഞങ്ങളെ നയിച്ചാലും!
മറ്റുചില നിവേദനങ്ങളനുസരിച്ച് സഅദ് പ്രതികരിച്ചതിങ്ങനെയാണ്: 'അന്‍സ്വാറുകള്‍ക്ക് മദീനക്കകത്ത് വെച്ചേ താങ്കളെ സഹായിക്കാന്‍ ബാധ്യതയുള്ളല്ലോ എന്നതിന്റെ പേരില്‍ താങ്കള്‍ ഭയപ്പെടുന്നതുപോലെ തോന്നുന്നു. എന്നാല്‍, ഞാന്‍ അന്‍സ്വാറുകള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്.
താങ്കള്‍ ഉദ്ദേശിക്കുന്ന വഴിക്ക് നീങ്ങിക്കൊള്ളുക. ഉദ്ദേശിക്കുന്നവരുമായി ബന്ധം ചേര്‍ക്കുകയും ഉദ്ദേശിക്കുന്നവരുമായി വിഛേദിക്കുകയും ചെയ്യുക. ഞങ്ങളുടെ സമ്പത്തില്‍നിന്ന് താങ്കള്‍ ഉദ്ദേശിക്കുന്നത് എടുക്കുക. താങ്കള്‍ ഉദ്ദേശിക്കുന്നതുമാത്രം തിരിച്ചു നല്കുകയും ചെയ്യുക. താങ്കള്‍ ഞങ്ങള്‍ക്ക് തിരിച്ചുതരുന്നതിനേക്കാള്‍ ഞങ്ങള്‍ക്കേറ്റം പ്രിയം താങ്കള്‍ഞങ്ങളില്‍ നിന്ന് എടുത്തതാണ് താങ്കളുടെ കല്പനയ്ക്ക് വിധേയമായിരിക്കും ഞങ്ങളുടെ കാര്യങ്ങള്‍. അല്ലാഹുവാണേ! ഗിംദാനിലെ ജലാശയം വരെ അങ്ങ് സഞ്ചരിക്കുകയാണെങ്കിലും ഞങ്ങള്‍ അങ്ങയുടെകൂടെയുണ്ടാകും. ഈ സമുദ്രം തന്നെ ഞങ്ങളേയും കൊണ്ട് അങ്ങ് മുറിച്ചുകടക്കുകയാണെങ്കിലും അല്ലാഹുവാണേ ഞങ്ങള്‍ അങ്ങയുടെ കൂടെത്തന്നെയുണ്ടാകും! "സഅദിന്റെ പ്രസ്താവനകേട്ട് റസൂല്‍(സ) സന്തുഷ്ടനും ഉന്മേഷവാനുമായി. എന്നിട്ട് അവിടുന്ന് പറഞ്ഞു. 'നിങ്ങള്‍ സഞ്ചരിക്കുക, സന്തോഷവാര്‍ത്തയുമായി. രണ്ടാലൊരു വിഭാഗത്തെ അല്ലാഹു എനിക്ക് നല്കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹുവാണേ! ശത്രുക്കളുടെ പതനം ഞാന്‍ കണ്‍മുമ്പില്‍ കാണുന്നതുപോലെ തോന്നുന്നു.''
സൈന്യം മുന്നോട്ട് നീങ്ങുന്നു
(തുടരും)

No comments:
Post a Comment