ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:26


അദ്ദേഹം തന്റെ ശിഷ്യഗണങ്ങളെ അരികിൽ വിളിച്ച് ഇപ്രകാരം പറഞ്ഞു ...
" ഏകാന്തതയിലിരുന്ന് അല്ലാഹുവിന് ഇബാദത്ത് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇവിടെ ഇനിയതിന് സാധ്യമാകുമെന്ന്‌ തോന്നുന്നില്ല... മാത്രമല്ല, മക്കയിൽ പോകണമെന്നും ഹജ്ജ് ചെയ്യണമെന്നുമുള്ള ഉൾക്കടമായ ആഗ്രഹവും എനിക്കുണ്ട്. അതുകൊണ്ട് ഈ നിമിഷം നമുക്കിവിടെ നിന്നും പുറപ്പെടാം... പുറപ്പെടുന്നതിന് മുമ്പ് ഒരുകാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു ... അതായത്, ഞാൻ ആരാണെന്നുള്ള കാര്യം നിങ്ങളിലൊരാളും പുറത്ത് വിടരുത്. എന്തുതന്നെ പ്രതിസന്ധികളുണ്ടായാലും ശരി ഈ ഉപദേശം എപ്പോഴും നിങ്ങളുടെ ഓർമ്മയിൽ ഉണ്ടായിരിക്കണം. അതിന്ന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ തൽക്ഷണം അവർ എന്റെ ശിഷ്യഗണങ്ങളിൽ നിന്ന് പുറത്താകുന്നതാണ് ..."


ഇബ്റാഹീമിന്റെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ട് അവരെല്ലാം മക്കയിലേക്ക് യാത്ര പുറപ്പെട്ടു...

പക്ഷെ, പരീക്ഷണങ്ങൾ അവരെ വഴിയിൽ പ്രതീക്ഷിച്ചു നിൽക്കുന്നുണ്ടായിരുന്നു ...


ഇബ്റാഹീമിനു അദ്ഹമിന്റെ നേതൃത്വത്തിൽ ഒരുസംഘം പരിശുദ്ധ മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന വാർത്ത ജനങ്ങൾക്കിടയിൽ പ്രചരിച്ചു. ആ മഹാനുഭാവന് വരവേൽപ്പ് നൽകാനും, അദ്ദേഹത്തിന്റെ ആശീർവാദങ്ങൾ സ്വീകരിക്കുവാനും ലക്ഷക്കണക്കിന് ജനങ്ങൾ തടിച്ചുകൂടി ... ഇബ്റാഹീമിന്റെ വരവുംകാത്ത് വഴിയിൽ നിന്നു ...


തികച്ചും ലളിതമായ വേഷത്തിൽ അനർഭാഢമായി നീങ്ങുന്ന യാത്രാസംഘം. പരിശുദ്ധ മക്കയിൽ എത്തണം. കഅബാ ശരീഫ് ത്വവാഫ് ചെയ്യണം. ഏക ഇലാഹിന്റെ പ്രീതി സമ്പാദിക്കണം. ഇതു മാത്രമായിരുന്നു അവരുടെ മനസ്സിൽ ...


കുറെ നടന്നുനീങ്ങിയപ്പോൾ വഴിയിൽ ഒരു വലിയ ജനക്കൂട്ടം നിൽക്കുന്നത് അവരുടെ ദൃഷ്ടിയിൽപെട്ടു. ഇബ്റാഹീമും കൂട്ടുകാരും ജനങ്ങളുടെ അരികിലെത്തി. ആ യാത്രാസംഘത്തോട് അവിടെ കൂടിനിൽക്കുന്ന ജനങ്ങളിൽ നിന്നൊരാൾ മുന്നോട്ടുവന്ന് ചോദിച്ചു ...


" ഹേ യാത്രക്കാരാ ... നിങ്ങൾ എവിടെ നിന്നാണ്  വരുന്നത് ? നിങ്ങളുടെ ഉദ്ദേശമെന്താണ് ? നിങ്ങളുടെ യാത്രക്കിടയിൽ മഹാനായ ഇബ്റാഹീമിബ്നു അദ്ഹമിനെയെങ്ങാനും കണ്ടുമുട്ടിയോ ? ഞങ്ങൾ അദ്ദേഹത്തിന്റെ വരവും പ്രതീക്ഷിച്ചാണിവിടെ കൂടിയിരിക്കുന്നത് ..."


അയാളുടെ ചോദ്യം കേട്ടപ്പോൾ ഇബ്റാഹീമിന്ന് കാര്യത്തിന്റെ കിടപ്പ് മനസ്സിലായി. ഈ ജനങ്ങൾ ഇവിടെയും തനിക്ക് സ്വൈര്യം തരില്ലെന്ന്  അദ്ദേഹം ഉറപ്പിച്ചു ... ഏതായാലും ഒരു സമാധാനമുണ്ട്. അവർ തന്നെ തിരിച്ചറിഞ്ഞിട്ടില്ല. എന്തെങ്കിലും മറുപടി പറഞ്ഞ് ഇവിടുന്ന് രക്ഷപ്പെടുന്നതാണ് നല്ലത്. ഇങ്ങനെയെല്ലാം ആലോചിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ...


" അല്ലയോ ജനങ്ങളെ ... ബൽഖയിലെ സ്വർത്ഥമോഹിയായ ഇബ്റാഹീമിനെയാണോ നിങ്ങൾ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത് ...?

ഇത്രയധികം സാമ്രാജ്യമോഹിയായ ഒരു രാജാവിനെകുറിച്ച് ഞാൻ കേട്ടിട്ടില്ല... ഏതായാലും, ആ മഹാപാപിയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്ന നിങ്ങളുടെ അവസ്ഥ മഹാ കഷ്ടം തന്നെ..."


ഇബ്റാഹീമിന്റെ അഭിപ്രായം അവിടെ കൂടിയിരിക്കുന്നവർക്ക് ഒട്ടും രസിച്ചില്ല ... പിന്നെ നടന്നതെന്താണ് ...?

അവർ കൂട്ടത്തോടെ അദ്ദേഹത്തിനടുത്തേക്ക് പാഞ്ഞടുത്തു. തുടരെ തുടരെ പ്രഹരങ്ങളാരംഭിച്ചു. അത് തടയാൻ വന്ന ശിഷ്യന്മാർക്കും പൊതിരെ തല്ലുകിട്ടി ...
(തുടരും)

No comments:

Post a Comment