കഠിനമായ അദ്ധ്വാനംകൊണ്ട് അദ്ദേഹം ശരീരത്തെ വെറുക്കാൻ തുടങ്ങി. മലയിൽനിന്ന് വിറക് ശേഖരിച്ച് ചുമലിലേറ്റി വിറ്റ് അതിൽ നിന്ന് കിട്ടുന്ന കാശ് കൊണ്ട് മാത്രം അദ്ദേഹം വിശപ്പടക്കാനുള്ള എന്തെങ്കിലും വാങ്ങി. അങ്ങനെ ആ ശരീരം ശേഷിച്ചു എല്ലും തൊലിയുമായി. കണ്ടാൽ തിരിച്ചറിയാതായി ...
പകൽ മുഴുവനും ഇബ്രാഹിം നോമ്പനുഷ്ഠിച്ചു. രാത്രി മുഴുവൻ ഇബാദത്തിൽ മുഴുകി. അങ്ങനെ ഇബാദത്തുകൾകൊണ്ട് തന്റെ ജീവിതം തന്നെ അദ്ദേഹം സാന്ദ്രമാക്കി. വിശപ്പിന്റെ രുചിയെന്തന്നറിയാതെയാണ് ഇത്രയുംകാലം ജീവിച്ചത്. ആ വയറിനെയാണ് ഇപ്പോൾ പട്ടിണിക്കിട്ട് മെരുക്കുന്നത് ...
ദിനരാത്രങ്ങൾ പലതും കഴിഞ്ഞു. ആ വനം ഇബാഹിമിന്ന് സ്വന്തം നാടുപോലെ സുപരിചിതമായി. അവിടെയുള്ള ഹിംസ്രജന്തുക്കൾപോലും അദ്ദേഹത്തിന്റെ മുന്നിൽ ഓച്ഛാനിച്ചുനിന്നു. അങ്ങനെ അള്ളാഹുവിന്റെ പ്രീതിക്ക് പാത്രമായി യതിവര്യനായി താമസിയാതെ ഇബ്രാഹീമുബ്നു അദ്ഹം മാറി ...
അള്ളാഹുവിന്റെ കോപത്തിന് പാത്രീഭൂതമാകുന്ന ഒരു സിസ്സാരകാര്യത്തിൽ പോലും അദ്ഹം ഏർപ്പെട്ടില്ല ...
വർഷങ്ങളോളം ആ ജീവിതം തുടർന്നു. യാതൊരല്ലലുമലട്ടുമില്ലാത്ത ജീവിതം. കുടുംബങ്ങളില്ല, പ്രജകളില്ല, കെട്ടുപാടുകളില്ല. അഹമെന്ന ചിന്തയിൽ നിന്ന് വ്യതിചലിപ്പിക്കാൻ ആരുമില്ല. പക്ഷെ സ്ഫടികസമാനമായി കിടക്കുന്ന വെള്ളത്തിൽ ചെളിവാരിയിട്ടതു പോലെ അദ്ദേഹത്തിന്റെ ഏകാന്തതയിലേക്ക് ജനങ്ങൾ ഇരമ്പിവന്നു ...
സ്വന്തം സാമ്രാജ്യം ഉപേക്ഷിച്ച് കരിമ്പടം പുതച്ചിറങ്ങിയ ചക്രവർത്തി എവിടെയാണെന്നറിയാൻ ആകാംക്ഷഭരിതരായി കാത്തിരിക്കുകയായിരുന്നു ജനങ്ങൾ...
അങ്ങനെയിരിക്കെ രാജാവ് വനത്തിലെ ഗുഹയിൽ അധിവസിക്കുന്ന വിവരം ആരോ മണത്തറിഞ്ഞു. പിന്നെ വാർത്ത പ്രചരിക്കാൻ അധികസമയം വേണ്ടിവന്നില്ല. അതിന്നുശേഷം ജനങ്ങളുടെ ഒരു പ്രവാഹം തന്നെയായിരുന്നു ...
എല്ലാവർക്കും സൂഫിവര്യനായ ഇബ്രാഹീമിബ്നു അദ്ഹമിനെ കാണണം. അതിന്നുവേണ്ടിയുള്ള തിക്കിത്തിരക്ക് തന്നെ, തികച്ചും ഏകാന്തതമാത്രമായിരുന്നു ഇബ്രാഹീമുബ്നു അദ്ഹം ആഗ്രഹിച്ചിരുന്നത്. ഇത്രയും കാലം ആ ഏകാന്തത ലഭിച്ചു. കാട്ടുമൃഗങ്ങൾ എത്ര നല്ലവർ. അവർ തന്റെ ഏകാന്തതക്ക് ഒരു ഭംഗവും വരുത്തിയില്ല. എന്നാൽ ഇപ്പോഴിതാ മനുഷ്യർ ഒരു ശല്യമായിമാറിയിരിക്കുന്നു...
തന്നെയുമല്ല, പലരും പലവിധ പാരിതോഷികങ്ങളുമായിട്ടാണ് എത്തിച്ചേരുന്നത്. ദുനിയാവിന്റെ കെട്ടുപാടുകളിൽ നിന്ന് ഒഴിഞ്ഞു മാറാൻ വേണ്ടി വനത്തിൽ വന്ന തനിക്കെന്തിനാണ് ഈ സമ്മാനങ്ങൾ. ഇല്ല ഇനിയിവിടെ നിന്നാൽ തന്റെ ഉദ്ദേശം സഫലീകൃതമാവുകയില്ല ...
ഇബ്രാഹീമിബ്നു അദ്ഹം പിന്നെ അവിടെ നിന്നില്ല. ഒരു സുപ്രഭാതത്തിൽ അദ്ദേഹം ആ ഗുഹയിൽ നിന്ന് യാത്ര പറഞ്ഞു
വഴിയിലൊരു ഉപദേശി ...
യാത്ര അനന്തമായ യാത്ര തന്നെ. ഏകാന്തത അതൊന്നുമാത്രമാണ് തനിക്കാവശ്യം. അത് കിട്ടുവോളം നടക്കണം. അങ്ങിനെ നിനച്ചുകൊണ്ട് ഇബ്റാഹീമിബ്നു അദ്ഹം മുന്നോട്ട് ഗമിച്ചുകൊണ്ടിരുന്നു ...
വഴിയിൽ ഒരപരിചിതൻ എതിരിൽ വരുന്നത് ഇബ്‌റാഹീം കണ്ടു. മുമ്പ് കണ്ട വയോവൃദ്ധന്മാരുമായി സാമ്യമുണ്ട്. വേഷത്തിൽ മാത്രമേ സാദൃശ്യമുള്ളൂ ... ശുഭവസ്ത്രം, നീളൻ തലയിൽകെട്ട്, വെള്ളത്താടി എല്ലാമെല്ലാം ... പക്ഷെ, ഒന്നുമാത്രമില്ല, മുഖത്ത് ഒളിമിന്നുന്ന തേജസ്സ്. ഇയാളുടെ മുഖം മാരിക്കാർ പോലെ കരുത്തിരുണ്ടതാണ്. ഒരു പ്രസാദവുമില്ല...
അപരിചിതൻ ഇബ്റാഹീമിബിനു അദ്ഹമിന്റെ സമീപം വന്ന് ഇപ്രകാരം പറഞ്ഞു ...
(തുടരും)

 
No comments:
Post a Comment