ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:22


ഇബ്റാഹീമിന്നുണ്ടായ അത്ഭുതത്തിന് അതിരുണ്ടായിരുന്നില്ല. മുമ്പൊരു വയോധികൻ ഇതേ ചോദ്യം ചോദിച്ചു. ഇപ്പോൾ ഇദ്ദേഹവും ... ആരായിരിക്കും ഇവർ ...അറിയാനുള്ള ജിജ്ഞാസയോടെ അദ്ദേഹം ചോദിച്ചു ...
" അങ്ങാരാണ് ... ഞാൻ രാജപദവി കയ്യൊഴിഞ്ഞു വന്നതാണെന്ന് അങ്ങ് എങ്ങനെ മനസ്സിലാക്കി..."


" അതൊക്കെ പിന്നെ പറയാം ... സർവ്വശക്തനായ അല്ലാഹുവിലേക്ക് അടുക്കാനും അവന്റെ തൃപ്തി സംഭരിക്കാനുമല്ലേ നിങ്ങൾ ഇറങ്ങിയിരിക്കുന്നത്. നല്ലൊരു കാര്യം തന്നെയാണത്... പക്ഷെ, അത്ര പെട്ടെന്ന് അതിന് സാധ്യമാകുമെന്ന്‌ തോന്നുന്നില്ല. ഹൃദയത്തിലെ അഭിലാഷങ്ങളെ അടക്കിനിർത്താനുള്ള കഴിവുണ്ടെങ്കിലേ ഇക്കാര്യത്തിൽ താങ്കൾ വിജയം വരിക്കുകയുള്ളൂ ..."


ഇബ്‌റാഹിം ആ വയോധികന്റെ ഉപദേശങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കേട്ടു ...


മുമ്പ് കണ്ടയാളെപ്പോലെതന്നെ പുതിയ ആളും ഇബ്റാഹീമിനൊപ്പം അംഗസ്നാനം ചെയ്ത് നിസ്കരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അവർ പരസ്പരം വേർപിരിയാനടുത്തപ്പോൾ ആ വയോധികൻ ഇബ്റാഹീമിബ്നു അദ്ഹമിനോട് ഇപ്രകാരം ചോദിച്ചു  ...


" താങ്കൾ ഞാനാരാണെന്ന് ചോദിച്ചില്ലേ ...? "


"അതെ... അതറിയാനുള്ള മോഹം എനിക്കിപ്പോഴുമുണ്ട് ..."


" നിങ്ങൾ ഖിളർ നബിയെ കുറിച്ച് കേട്ടിട്ടുണ്ടോ ... ?"


" ഉവ്വ് ... ഖിളർ നബിയും ഇൽയാസ് നബിയും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട് ..."


" എങ്കിൽ ഞാനാണ് ഖിളർ നബി. നിങ്ങൾ മുമ്പ് കണ്ട വയോധികനില്ലേ, അദ്ദേഹമാണ് ഇൽയാസ് നബി ... നിങ്ങൾക്ക് പ്രത്യേക ഉപദേശങ്ങൾ നൽകുക എന്നതാണ് ഞങ്ങളുമായി കാണാനിടയായതിന്റെ ലക്ഷ്യം തന്നെ ... "


ഇത്രയും പറഞ്ഞ് ഖിളർ നബി (അ) അവിടെ നിന്നും അപ്രത്യക്ഷനായി ...


ഇബ്റാഹീമിബ്നു അദ്ഹമിന്റെ ഹൃദയങ്ങളിൽ ആ നബിപുംഗവന്മാർ നൽകിയ സാരോപദേശങ്ങൾ മങ്ങാതെ, മായാതെ ജ്വലിച്ചുനിന്നു

വേണ്ടാത്ത സമ്മാനങ്ങൾ ...


വനാന്തരത്തിലെ ഒരു ഗുഹ. അതാണിന്ന് ഇബ്രാഹിമിബ്നു അദ്ഹമിന്റെ വസതി. സ്വന്തം ശരീരത്തെ എല്ലാവിധ ദുരാഗ്രഹങ്ങളിൽനിന്നും അദ്ദേഹം മുക്തനാക്കിയിരുന്നു ...


സ്വന്തം ശരീരത്തോട് അദ്ദേഹം എല്ലാഴ്പ്പോഴും ഉപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. തന്റെ പൂർവ്വകാല ജീവിതത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിക്കും അത് കൈവിട്ടതിലുള്ള നഷ്ടബോധത്തോടെയല്ല നേരെ മറിച്ച് താരതമ്യപഠനം നടത്താൻ മാത്രം. രാജാവായിരിക്കുമ്പോൾ ഉത്തുംഗ മണിസൗധത്തിൽ വസിച്ച ശരീരമേ നീയിന്ന് ഈ കാട്ടുഗുഹയിൽ താമസിക്കുന്നു ...


സ്വാദിഷ്ടമായ ഭക്ഷ്യവിഭവങ്ങൾ കഴിച്ചിരുന്ന നീ ഇന്ന് വെറും ചവർക്കുന്ന കാട്ടുകനികൾ മാത്രം ഭക്ഷിക്കുന്നു. നാവിൽ നിന്ന് രുചി നീങ്ങിപോവാത്ത മധുര പാനീയങ്ങളും പാൽപായസവും കുടിച്ച നീ കാട്ടാറിലെ വെള്ളം കൊണ്ട് തൃപ്തിപ്പെടുന്നു. രാജ്യത്തുവെച്ച് ഏറ്റവും സുന്ദരികളായ കന്യകമാരെ തിരഞ്ഞെടുത്ത നീ പെണ്ണിന്റെ ചൂടുപോലും മറന്നിരിക്കുന്നു ...


ഇനിയൊരിക്കലും നിന്റെ ആ പഴയ നിലപാടിലേക്ക് നീ തിരിച്ച് പോകരുത്. സ്വന്തം ശരീരത്തോട് എപ്പോഴും ഉപദേശം നൽകുമായിരുന്നു അദ്ദേഹം ...


തന്റെ ഏതഭിലാഷവും നിറവേറ്റിത്തരാൻ ആജ്ഞയും കാത്ത് നിൽക്കുന്ന ദാസന്മാർ ആ പാവപ്പെട്ടവരെ കഷ്ടപ്പെടുത്തിയ സ്വന്തം ശരീരത്തെ തന്നെ കഷ്ടപ്പെടുത്താൻ ഇബ്രാഹീം തീരുമാനിച്ചു ...
(തുടരും)

No comments:

Post a Comment