ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:21



രണ്ട് അപരിചിതർ ...

ഇബ്‌റാഹീം തന്റെ യാത്ര തുടരുകയായിരുന്നു. വഴിയിൽ വെച്ച് അദ്ദേഹം ഒരപരിചിതനെ കണ്ടുമുട്ടി. അയാളുടെ മുഖത്ത് എന്തോ ഒരു പ്രത്യേക തേജസ്സ് തെളിഞ്ഞുകാണുന്നതായി ഇബ്റാഹീമിന് തോന്നി. ശുഭവസ്ത്രധാരിയായ അപരിചിതന്റെ താടിയും നരച്ചു വെളുത്തതായിരുന്നു. വേഷം കൊണ്ടും ഭാവം കൊണ്ടുമെല്ലാം ഒരു പ്രത്യേകത ആദ്ദേഹത്തിൽ ദൃശ്യമായിരുന്നു. തന്റെ കയ്യിലിരിക്കുന്ന ജപമാലയിൽ വിരലോടിക്കുകയും അതോടൊപ്പം ചുണ്ടുകൾ ചലിക്കുന്നതും ചെയ്യുന്നത് കാണാൻ പ്രത്യേക രസമായിരുന്നു. ഇബ്‌റാഹീം ആ വയോധികനെ അഭിവാദ്യം ചെയ്തു. സലാം മടക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു ...


" ഒരു വലിയ സാമ്രാജ്യം ഉപേക്ഷിച്ചുകൊണ്ട് ഇങ്ങിനെ ഇറങ്ങിത്തിരിക്കാൻ കാരണമെന്താണ് ഇബ്റാഹീംമേ ..."


അപരിചിതന്റെ ചോദ്യം കേട്ട് ഇബ്‌റാഹീം തെല്ല് മിഴിച്ചുനിന്നു ... താൻ ചക്രവർത്തിയായിരുന്നുവെന്നും, സാമ്രാജ്യം വിട്ടിറങ്ങിയതാണെന്നും ഇയാളെങ്ങനെയോ മനസ്സിലാക്കി ... താൻ അക്കാര്യം എത്ര രഹസ്യമാക്കി വെച്ചതായിരുന്നു ... ഏതായാലും അയാളോട് നേരിട്ട് ചോദിക്കുകതന്നെ ...


" അല്ലയോ മഹാനുഭാവാ ... ഞാൻ ചക്രവർത്തിയാണെന്നും, സാമ്രാജ്യം വിട്ടിറങ്ങിയതാണെന്നും അങ്ങേക്ക് എങ്ങനെ മനസ്സിലായി ...? അങ്ങയെ എനിക്കൊരു മുൻപരിചയവുമില്ലല്ലോ ... അങ്ങാരാണ് ...?"


" തൽക്കാലം ഞാനാരാണെന്നറിയേണ്ട. ഒരു കാര്യം ഞാൻ പറയട്ടെ ..., നീ ഉദ്ദേശിച്ചുവന്നത് അല്ലാഹുവിന്റെ സാമീപ്യമല്ലേ ...? അതുനേടിയെടുക്കണമെങ്കിൽ ഒരുപാട് പ്രായത്നങ്ങൾ ചെയ്യേണ്ടതുണ്ട്. ഒരുപാട് ക്ലേശങ്ങൾ അനുഭവിക്കേണ്ടതുണ്ട്. രാജപദവിയും മറ്റു സുഖസൗകര്യങ്ങളും ഉപേക്ഷിച്ചുവന്ന നിനക്ക് ആ ലക്ഷ്യം കൈവരിക്കാൻ സാധിക്കട്ടെ എന്നു ഞാൻ ആശംസിക്കുന്നു ..."


" ഇബ്റാഹീമേ ഒരു കാര്യം നീ ഓർമ്മിക്കണം. ശപിക്കപ്പെട്ട പിശാച് നിനക്ക് എല്ലായ്പ്പോഴും മർഗ്ഗതടസ്സം ഉണ്ടാക്കാൻ നോക്കും. അതിൽനിന്ന് രക്ഷപ്പെട്ടാൽ മാത്രമേ നീ വിജയം കൈവരിക്കുകയുള്ളൂ ...പരീക്ഷണങ്ങളെ തരണം ചെയ്യാൻ പരിശീലിക്കണം. നിന്റെ പഴയ കൂട്ടുകെട്ടുകളെല്ലാം ഉപേക്ഷിക്കുകയും, സമ്പത്തിലും സ്ഥാനമാനങ്ങളിലും ഭ്രമിക്കാതിരിക്കുകയും, ഏറ്റവും നിസ്സാരന്മാരുമായി സഹവാസിക്കുകയും വേണം..."


ഇപ്രകാരം പലവിധ സാരോപദേശങ്ങളും അദ്ദേഹം ഇബ്റാഹീമിന് നൽകി... അനന്തരം അവർ രണ്ടുപേരും ഒന്നിച്ച് അംഗസ്നാനം ചെയ്ത് നിസ്കാരം നിർവഹിക്കുകയും ഭക്ഷണം പകുത്ത് ഭക്ഷിക്കുകയും ചെയ്തു...


ഇബ്‌റാഹീം വീണ്ടും യാത്ര തുടർന്നു. വഴിയിലൊന്നും ഒരൊറ്റ മനുഷ്യനെയും കണ്ടില്ല. വന്യമൃഗങ്ങളുടെ മുരൾച്ചയും, കാട്ടാറുകളുടെ കളകളാരവവും, പറവകളുടെ ചിലചിലപ്പും മാത്രം ഇടക്കിടെ ഏകാന്തതയെ ക്ഷണിച്ചുകൊണ്ടിരുന്നു ...


മറ്റൊരിക്കൽ ഒരു തേജസ്വരൂപിയായ ഒരു വയോവൃദ്ധനെക്കൂടി ഇബ്റാഹീമിബ്നു അദ്ഹം കണ്ടുമുട്ടി. വയോവൃദ്ധനും വേഷഭൂഷാധികളിലും മുഖഭാവത്തിലും എല്ലാം മുമ്പ്കണ്ട അയാളുടെ രൂപം തന്നെയായിരുന്നു. ഇബ്‌റാഹീം അദ്ദേഹത്തിന് അഭിവാദ്യമർപ്പിച്ചു. അന്നേരം അദ്ദേഹവും മുമ്പത്തെ ആളിന്റെ അതേ ചോദ്യം ആവർത്തിച്ചു...


"വലിയൊരു സാമ്രാജ്യം ഉപേക്ഷിച്ച് ഈ വനത്തിലൂടെ തെണ്ടിനടക്കുന്നതെന്താണ് ഇബ്റാഹീമേ ...?"


ഇബ്റാഹീമിന്നുണ്ടായ അത്ഭുതത്തിന് അതിരുണ്ടായിരുന്നില്ല. മുമ്പൊരു വയോധികൻ ഇതേ ചോദ്യം ചോദിച്ചു. ഇപ്പോൾ ഇദ്ദേഹവും ... ആരായിരിക്കും ഇവർ ...അറിയാനുള്ള ജിജ്ഞാസയോടെ അദ്ദേഹം ചോദിച്ചു ...
(തുടരും)

No comments:

Post a Comment