ക്വുറൈശികളേ! അബൂസുഫ്യാന്റെ കൂടെയുള്ള നിങ്ങളുടെ കച്ചവടസംഘം ഇതാ മുഹമ്മദും കൂട്ടുകാരും തടഞ്ഞുവെച്ചിരിക്കുന്നു! നിങ്ങള്‍ക്കത് തിരിച്ചുകിട്ടുമെന്ന് തോന്നുന്നില്ല. സഹായം! സഹായം!
മക്കക്കാർ യുദ്ധത്തിന്
ഈ അട്ടഹാസത്തിന്റേയും വിളിച്ചുകരയലിന്റേയും പ്രതികരണം പെട്ടെന്ന് ദൃശ്യമായി. പ്രമുഖരെല്ലാം യുദ്ധത്തിനായി പുറപ്പെട്ടു. അബൂലഹബ് ഒഴികെ, അവന്‍ തന്നോട് കടബാധ്യതയുണ്ടായിരുന്ന ഒരാളെ പകരം നിയോഗിച്ചു. അറബ് ഗോത്രങ്ങളെയെല്ലാം ഇതിലേക്ക് സംഘടിപ്പിച്ചു. ക്വുറൈശ് ഗോത്രത്തില്‍നിന്ന് എല്ലാ ശാഖകളും സംഘത്തോടൊപ്പം ചേര്‍ന്നു. അദിയ് ശാഖയൊഴികെ, അവരാരും സംഘത്തില്‍ ചേര്‍ന്നില്ല.
നൂറു കുതിരപടയാളികളും അറുനൂറ് അങ്കികളും ധാരാളം ഒട്ടകങ്ങളുമുണ്ടായിരുന്ന ഈ സൈന്യത്തിന് മൊത്തം 1300 അംഗങ്ങളുടെ ശക്തിയുണ്ടായിരുന്നു. സൈന്യാധിപന്‍ അബൂജഹല്‍ ബിന്‍ ഹിശാം. ഭക്ഷണകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് പ്രമുഖരായ ഒമ്പത് ക്വുറൈശികള്‍. ഓരോ ദിവസവും ഒമ്പതും പത്തും വീതം ഒട്ടകങ്ങളെ അവര്‍ ഭക്ഷണത്തിനായി അറുത്തുകൊണ്ടിരുന്നു.
സൈന്യം മുന്നോട്ട് നീങ്ങിയപ്പോള്‍ തങ്ങളുമായി ശത്രുതയിലുള്ള കിനാന ഗോത്രത്തിലെ ബക്ര്‍ വംശം പിന്നില്‍ നിന്നാക്രമിക്കുമോ എന്ന ഭയം അവരെ പിടികൂടി. ഈ സന്നിഗ്ദഘട്ടത്തില്‍ പിശാച് കിനാനവംശ നായകന്‍ സുറാഖബിന്‍ മാലിക്ബിന്‍ ജൂഅ്ശും അല്‍ മുദ്ലജിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. "കിനാനവംശം പിന്നില്‍നിന്ന് ആക്രമിക്കുകയില്ലെന്ന് ഞാന്‍ ഉറപ്പുതരുന്നു.''
സൈന്യം അല്ലാഹു ക്വുര്‍ആനില്‍ പറഞ്ഞതുപോലെ: "ഗര്‍വോടുകൂടിയും ജനങ്ങളെ കാണിക്കാന്‍വേണ്ടിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) തടഞ്ഞുനിര്‍ത്താന്‍ വേണ്ടിയും'', (8:47) നബി(സ) പറഞ്ഞതുപോലെ 'അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുന്നവരായും' ധിക്കാരപൂര്‍വം പുറപ്പെട്ടു. വടക്കുമാറി ബദ്റിനുനേരെ പുറപ്പെട്ട ഇവര്‍ക്ക് അബൂസുഫ്യാനില്‍ നിന്ന് ഒരു പുതിയ സന്ദേശം കിട്ടി. നിങ്ങള്‍ നിങ്ങളുടെ സമ്പത്തിനേയും ആളുകളേയും കച്ചവടത്തേയും രക്ഷപ്പെടുത്താനാണല്ലോ പുറപ്പെട്ടത്. അല്ലാഹു അത് രക്ഷപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ മടങ്ങാവുന്നതാണ്.
അബൂസുഫ്യാന്‍ മക്കയിലേക്കുള്ള പ്രധാനവഴിക്ക് തന്നെയായിരുന്നു തന്റെ സാര്‍ഥവാഹകസംഘത്തെ നയിച്ചിരുന്നത്. പക്ഷെ, ഏറെ സൂക്ഷ്മതയും ജാഗ്രതയും അദ്ദേഹം പുലര്‍ത്തിയിരുന്നു. മുസ്ലിംകളുടെ നീക്കങ്ങളെക്കുറിച്ചു പഠിച്ചശേഷം തന്റെ സംഘത്തെ അദ്ദേഹം ബദ്റിന്റെ അടുത്തെത്താറായപ്പോള്‍ ചെങ്കടലിന്റെ തീരത്തേക്കുള്ള വഴിയിലേക്ക് തിരിച്ചു മുസ്ലിംകളുടെ പിടുത്തത്തില്‍നിന്ന് രക്ഷപ്പെടുകയാണുണ്ടായത്. അങ്ങനെയാണ് ജുഹ്ഫവരെയെത്തിയ മക്കാസൈന്യത്തിന് മടങ്ങാന്‍ സന്ദേശമയക്കുന്നത്
അബൂസുഫ്യാന്റെ സന്ദേശം കൈപറ്റിയ മക്കാ സൈന്യം മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ധിക്കാരത്തിന്റെ കൊടുമുടിയിലേറി അബൂജഹല്‍ പ്രഖ്യാപിച്ചു. 'അല്ലാഹുവാണെ! ബദറിലെത്തി മൂന്നു നാള്‍ അവിടെ കുടിച്ചും ഒട്ടകമാംസം കഴിച്ചും നര്‍ത്തനമാടിയും നമ്മുടെ ശക്തി തെളിയിച്ച ശേഷമല്ലാതെ മടങ്ങുന്ന പ്രശ്നമില്ല.' പക്ഷെ, അബൂജഹലിന്റെ ആജ്ഞ ധിക്കരിച്ചുകൊണ്ട് അഖ്നസ് ബിന്‍ ശരീക്കും അനുയായികളായ സുഹ്റ ഗോത്രവും മടങ്ങാന്‍തന്നെ തീരുമാനിച്ചു. ഇവര്‍ മുന്നൂറ് പേരുണ്ടായിരുന്നു. അഖ്നസിന്റെ തീരുമാനത്തില്‍ പിന്നീട് സന്തുഷ്ടരായ അനുയായികള്‍ അദ്ദേഹത്തെ അനിഷേധ്യ നേതാവായി അംഗീകരിക്കുകയാണുണ്ടായത്. ബനൂഹാശിമും മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അബൂജഹലിന്റെ താക്കീതിനെ മറികടക്കാന്‍ അവര്‍ക്കായില്ല. അവശേഷിക്കുന്ന ആയിരംപേരെയും കൊണ്ട് സൈന്യം മുന്നോട്ട് നീങ്ങി. ബദ്റിന് സമീപം 'അല്‍ ഉദ്വത്തുല്‍ ക്വുസ്വ്വാ' എന്ന താഴ്വരയില്‍ അവര്‍ താവളമടിച്ചു.
ക്വുറൈശി സൈന്യത്തിന്റെ വിവരം ലഭിച്ചശേഷം പ്രവാചകന്‍ ഗാഢമായി ചിന്തിച്ചു.
(തുടരും)

 
No comments:
Post a Comment