ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:8



ആ സുപ്രമഞ്ചത്തിലെ സുഖശീതളിമയിൽ അവൾ മെല്ലെമെല്ലെ ഉറക്കത്തിലേക്ക് വഴുതിപ്പോയി ... ഈ കാഴ്ച കണ്ടുകൊണ്ടാണ് ചക്രവർത്തി വന്നത്...


ഒരു തൂപ്പുകാരി, കേവലം അടിമ തന്റെ ശയ്യയിൽ കയറിക്കിടക്കുക... എന്നിട്ട് എല്ലാം മറന്ന് കൂർക്കം വലിച്ചുറങ്ങുക... ഒരു സാധാരണ നാട്ടുപ്രമാണിക്കുപോലും ക്ഷമിക്കാനാവാത്ത കൃത്യമാണിത്. പിന്നെ എങ്ങിനെ ചക്രവർത്തിയായ ഇബ്റാഹീമിബ്നു അദ്ഹത്തിന്‌ ക്ഷമിക്കാനാകും...


രോഷം അദ്ദേഹത്തിന്റെ സിരകളിലൂടെ ഇരച്ചുകയറി. ആ രക്തം ചൂടുപിടിച്ചു. കോപം കൊണ്ട് മഹാരാജാവ് വിറച്ചു...


എന്റെ മെത്തയിൽ കയറിക്കിടക്കാൻ ധൈര്യം വന്നവൾ ആരടാ ...? എന്നാക്രോശിച്ചുകൊണ്ട് അദ്ദേഹം ഉറങ്ങിക്കിടക്കുന്ന അടിമസ്ത്രീയുടെ കരണത്തുതന്നെ ശക്തമായൊരു അടികൊടുത്തു. അടിയേറ്റുകൊണ്ട്‌ തൂപ്പുകാരി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. പെട്ടന്നവൾക്ക് പരിസരബോധമുണ്ടായി...


താൻ ഉറങ്ങിപ്പോയോ ...? ആ മെത്തയുടെ മൃതുലത കണ്ട് ഭ്രമിച്ച് അതിലൊന്ന് കയറിക്കിടന്നതാണ്. അപ്പോഴേക്കും നിദ്രയിലേക്ക് വഴുതിയോ ... രാജാവ് തന്റെ അഹംഭാവം കണ്ടുപിടിച്ചോ ...? ബുദ്ധിമതിയായ ആ അടിമസ്ത്രീ രാജാവിൽ നിന്ന് കിട്ടിയ പ്രഹരമോർത്ത് ചിരിച്ചു. പൊട്ടിച്ചിരിതന്നെ ... രാജാവ് ആ അടിമസ്ത്രീയെ തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്കിട്ടതുപോലെ അവളുടെ ചിരി നിന്നു. ഇതാ ഇപ്പോൾ അവൾ പൊട്ടിക്കരയുകയാണ്. അലമുറയിട്ട് കരയുകയാണ് ...


തന്റെ അടികൊണ്ട് അടിമസ്‌ത്രീ പൊട്ടിച്ചിരിക്കുന്നു... നിമിഷങ്ങൾക്കകം പൊട്ടിക്കരയുന്നു. ചക്രവർത്തിക്കുണ്ടായ അത്ഭുതത്തിനളവുണ്ടായിരുന്നില്ല. ആ ദാസിയോട് അദ്ദേഹം ചോദിച്ചു ...


ഹേ ... അടിമപ്പെണ്ണേ ... നീയെന്താണ് ഭ്രാന്തിയെപ്പോലെ പെരുമാറുന്നത്. എന്റെ മെത്തയിൽ കയറിക്കിടന്നതിന് ഞാൻ നിന്നെ പ്രഹരിച്ചു. പ്രഹരമേറ്റാൽ എല്ലാവരും സാധാരണ കരയാറാണ് പതിവ്. എന്നാൽ പതിവിന്ന് വിപരീതമായി നീ ചിരിക്കുകയാണ് ചെയ്തത്. അത് പോട്ടെ ... നിന്റെ ചിരി പെട്ടെന്ന് നിൽക്കുകയും പിന്നെ അതേ സ്വരത്തിൽ പൊട്ടിക്കരയുകയും ചെയ്തു. എന്താണ് ഇതിന്റെയൊക്കെ അർത്ഥം ...?


രാജാവിന്റെ ചോദ്യത്തിന് അടിമസ്‌ത്രീ മറുപടി പറയാൻ തുടങ്ങി...

അതൊരു പരിവർത്തനത്തിന്റെ തുടക്കമായിരുന്നു ...

അല്ലയോ മഹാരാജാവേ എനിക്കൊരബദ്ധം

പിണഞ്ഞു തൊട്ടുമുന്നില്‍ സുഖം കണ്ടപ്പോള്‍ അതൊന്നാസ്വദിക്കണമെന്നുതോന്നി.

അങ്ങ് മലര്‍വാടിയില്‍ ഉല്ലസിക്കാന്‍ പോയ

സന്ദര്‍ഭത്തിലാണ് ഈ മുറി തൂത്തു വാരാന്‍

ഞാനെത്തിയത്. എന്‍റെ അവിവേകമല്ലാതെന്തുപറയാന്‍ ... അങ്ങയുടെ സപ്രമഞ്ചത്തിന്റെ മനോഹാരിതയും മൃതുത്വവും എന്നെ വല്ലാതെ ആകര്‍ഷിച്ചു ...


എനിക്കതൊന്നു തൊട്ടു നോക്കാനാണ് ആദ്യം

തോന്നിയത്. തൊട്ടപ്പോള്‍ ഒരുതരം വിഭ്രമാവസ്ഥ എന്നെ പിടികൂടി. ആ മൃദു മെത്തയില്‍ ഒന്ന് ശയിക്കണം അതായി എന്‍റെ ഒടുങ്ങാത്ത അഭിലാഷം. അങ്ങയുടെ ഭീമമായ ശിക്ഷകളെ കുറിച്ചൊന്നും ഞാനോര്‍ത്തില്ല. അതില്‍

കേറിക്കിടന്നങ്ങനെ ഉറങ്ങിപ്പോയി. അതാണ്‌

സംഭവിച്ചത്...


ദാസിയുടെ വിശദീകരണം കേട്ട്

രാജാവ് പറഞ്ഞു, ഈ കഥയെല്ലാം നിന്‍റെ മുഖഭാവത്തില്‍നിന്നു തന്നെ എനിക്ക് മനസ്സിലായി. നീ അടികൊണ്ടയുടനെ ചിരിച്ചതെന്തിനാണെന്നാണ് എനിക്ക് മനസ്സിലാകാത്തത് ...?
(തുടരും)

No comments:

Post a Comment