ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:7



യാ റബ്ബീ ... എന്തൊരു ജീവിതമാണ് ഞാൻ ഇതുവരെ നയിച്ചത്. വെറും നശ്വരമായ ഐഹിക ജീവിതത്തിലെ സുഖഭോഗങ്ങൾക്കു വേണ്ടി ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ എത്രയാണ് തുലച്ചത്. ചിന്തിക്കുന്തോറും എന്തോ ഒരു ഭീതി അദ്ദേഹത്തിന്റെ ഹൃദയത്തിൽ അടിഞ്ഞുകൂടി ...


ഭൗതിക സുഖങ്ങൾ വെട്ടിപ്പിടിക്കാൻ വേണ്ടി യത്നിച്ചതല്ലാതെ പാരത്രിക ജീവിതത്തിന്റെ നന്മക്കു നിതാനമായ ഒരു പ്രവർത്തനവും തന്നിൽ നിന്ന് ഉണ്ടായിട്ടില്ല. മാത്രമല്ല, ഇപ്പോൾ അങ്ങനെ ഒരു ചിന്ത ഉണ്ടായതോ,  സുഖസമൃദ്ധിയുടെ ചുമലിലേറിയിരുന്നു കൊണ്ടും കുടം കമിഴ്ത്തി വെള്ളമൊഴിക്കുന്നതിന് തുല്യമല്ലേ ഇപ്പണി ... ഇത് തനിക്ക് തീരെ ബാധമുണ്ടായില്ല. എന്റെ മനസ്സിനെ നേർ വഴിയിലേക്കു തിരിക്കാനായി വന്ന ആ അജ്ഞാനതനായ അതിഥി ആരായിരിക്കും ...? അയാൾ പറഞ്ഞതത്ര ശരി... രാജകൊട്ടാരത്തിൽ ഒട്ടകത്തെ തിരയുന്നു ...


സുഖസൗഭാഗ്യങ്ങളുടെ മുകളിൽ ഇരുന്നുകൊണ്ട് പാരത്രിക മോക്ഷം കൊതിക്കുന്നു. ഇല്ല ... ഒരിക്കലും ഞാനിനി ഈ സിംഹാസനത്തിൽ ഇരിക്കില്ല ...

   അഹങ്കാരത്തിന്റെയും അഹന്തയുടെയും പ്രതീകമായി രാജ്യമായ രാജ്യമെല്ലാം വെട്ടിപ്പിടിച്ച് സമൃദ്ധിയുടെ മടിത്തട്ടിൽ ജീവിച്ചുപോന്ന ചക്രവർത്തി ... അദ്ദേഹത്തിന് ഒരു സുപ്രഭാതത്തിൽ പെട്ടന്നങ്ങോട്ട് മാനസാന്തരം സംഭവിച്ചതല്ല. പിന്നെയോ ...?


ആ മനഃപരിവർത്തനത്തിന്റെ പിന്നിൽ ഒരുപാട് ചരിത്രങ്ങളുണ്ട്. ചിന്തിക്കുന്നവർക്ക് പാഠമായ ഒരുപാട് അനുഭവങ്ങൾ. ഇബ്റാഹീമിബ്നു അദ്ഹം ചക്രവർത്തിയുടെ ഹൃദയത്തിൽ ചലനങ്ങൾ ഉണ്ടാക്കിയ ചില സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണിവിടെ ...


പതിവുപോലെ അന്ന് രാജ്യസഭ കൂടി. തന്റെ സാമ്രാജ്യത്തോട് ചേർത്ത പുതിയ രാജ്യങ്ങളെക്കുറിച്ച് രാജാവ് സന്തോഷത്തോട്കൂടി സഭയെ അറിയിക്കുകയും അതിൽ പുളകമണിയുകയും ചെയ്തു. ദർബാർ പിരിഞ്ഞപ്പോൾ രാജാവ് അല്പം മാനസികോല്ലാസത്തിന് വേണ്ടി കൊട്ടാരത്തിന് സമീപമുള്ള പൂന്തോട്ടത്തിലെത്തി. പലവിധ സുഗന്ധങ്ങൾ മന്ദമാരുതൻ അദ്ദേഹത്തിന്റെ നാസദ്വാരങ്ങളിലേക്കെത്തിച്ചു. അനന്തരം രാജാവ് തന്റെ ശയനമുറിയിലേക്ക് തിരിച്ചു. പതിവുപോലെ പള്ളിയുറക്കത്തിലേക്ക് വഴുതിവീഴാനടുത്ത അദ്ദേഹം തന്റെ വിശേഷപ്പെട്ടതും പതുപതുത്തതുമായ തന്റെ മെത്തയിലേക്ക് മറിയാൻ വേണ്ടി അടുത്തുചെന്നു...


ഹെന്ത് ...! ഇവിടെയാരോ കിടക്കുന്നുണ്ടല്ലോ ... എന്നാത്മഗതം ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ശയ്യ കീഴടക്കിയതാരെന്ന് സൂക്ഷിച്ച് നോക്കി ...


സാധാരണ രാജാവിന്റെ കിടപ്പ് മുറിയും മറ്റും അടിച്ചുവാരുന്ന തൂപ്പുകാരി പതിവുപ്രകാരം ആ മുറിയിലേക്ക് കയറിവന്നു ...

മഹാരാജാവപ്പോൾ പതിവുപോലെ പൂന്തോട്ടത്തിൽ ഉലാത്താൻ പോയതായിരുന്നു ... ദാസി ചൂലുമായി അറയിലെത്തി. അടിച്ചുവാരുന്നതിനിടയിൽ അലംകൃതമായ ആ മുറിയാകെ ഒന്നു സൂക്ഷിച്ചുനോക്കി...


താഴെ വിരിച്ചിരിക്കുന്നത് ഉയർന്ന തരം പരവതാനികൾ. കൊത്തുപണികളും മറ്റലങ്കാരങ്ങളുമുള്ള കട്ടിൽ. അതിൽ വിരിച്ചിരിക്കുന്ന മെത്ത എത്ര അഴകാർന്നതാണ്...


തൂപ്പുകാരിക്ക് ആ മെത്തയിൽ ഒന്നു തൊട്ടുനോക്കാൻ തോന്നി. അവൾ തൊട്ടു. ഹാവൂ ... എന്ത് മൃദുലത. പിന്നെ പെണ്ണിന്റെ മനസ്സ് സ്വസ്ഥമായില്ല...


ആ മെത്തയിൽ കിടന്നാൽ എന്ത് രസമായിരിക്കും, അവൾ ആത്മഗതം ചെയ്തു. ആ രാജമെത്തയിൽ ഒന്നു കയറിക്കിടക്കുവാനുള്ള അദമ്യമായ അഭിനിവേശം ആ തൂപ്പുകാരിപ്പെണ്ണിനെ പിടികൂടി. ഇത് രാജാവ് പള്ളിയുറക്കം കൊള്ളുന്ന അറയാണ്. രാജാവ് മാത്രം ശയിക്കുന്ന മെത്തയാണ്. അതിൽ കയറിക്കിടന്നാൽ കിട്ടാൻ പോകുന്ന ശിക്ഷ അതിഭയങ്കരമായിരിക്കും. ഈ ചിന്തയൊന്നും അപ്പോൾ ആ യുവതിക്കുണ്ടായില്ല. അവൾക്ക് ഒരൊറ്റ ആഗ്രഹം മാത്രം. ആ ശയ്യയിലൊന്ന് കയറിക്കിടക്കണം...


പിന്നെ മുമ്പിലും പിന്നിലും ആലോചിച്ചില്ല. വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ ആ പെണ്‍കൊടി രാജാവിന്റെ പട്ടുമെത്തയിൽ കയറിക്കിടന്നു.  മെത്തയിൽ കിടന്നപ്പോൾ താൻ കേവലം ഒരു അടിച്ചുതളിക്കാരിയാണ്, താനിവിടെ വന്നത്  രാജാവിന്റെ മുടി അടിച്ചുവാരാനാണ് എന്നുള്ള വിചാരമെല്ലാം അവളിൽ നിന്നകന്നുപോയി. ഇവിടെ താൻ തന്നെ രാജകുമാരി എന്ന് ആ പാവം തൂപ്പുകാരിക്ക് തോന്നിപ്പോയി...
(തുടരും)

No comments:

Post a Comment