രാജാവ് കല്പിച്ച നിമിഷങ്ങൾക്കകം രാജകീയാജ്ഞ നിറവേറ്റപ്പെട്ടു ...
ആഗതൻ ചക്രവർത്തിയുടെ മുന്നിലെത്തി...
താങ്കൾ ആരാണ് ...? എങ്ങനെ ഈ കൊട്ടാരത്തിനകത്തെത്തി ... ചക്രവർത്തി ചോദിച്ചു ...
അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞാനിവിടെ എത്തിച്ചേർന്നു ... അവന്റെ കഴിവിന്നതീതമായി വല്ലതുമുണ്ടോ ... ആഗതൻ പ്രതിവചിച്ചു ...
ആട്ടെ, നിങ്ങൾ ഇത്രയും പാടുപെട്ട് ഇവിടെ വന്നതെന്തിനാണ്...
എന്റെ ഒരൊട്ടകം കാണാതായിരിക്കുന്നു ... അത് ഇവിടെയെങ്ങാനും വന്നുപെട്ടിട്ടുണ്ടോ എന്നന്വേഷിച്ചു വന്നതാണ്...
താങ്കൾക്ക് ചിത്തഭ്രമം പിടിപെട്ടോ... ? രാജകൊട്ടാരത്തിനകത്ത് ആരെങ്കിലും ഒട്ടകത്തെ തിരഞ്ഞു വരുമോ ...?
രാജാവിന്റെ ചോദ്യം കേട്ട് ആഗതൻ പൊട്ടിച്ചി രിച്ചു ...
എന്താ ഹേ നിങ്ങൾ ചിരിക്കുന്നത് ... രാജാവ് കോപാകുലനായി ചോദിച്ചു ...
ഒന്നുമില്ല. രാജകൊട്ടാരത്തിൽ വന്ന് ഒട്ടകത്തെ അന്വേഷിക്കുന്ന എനിക്ക് ഭ്രാന്താണെന്ന് അങ്ങയും പരിചാരകന്മാരും ഒന്നടങ്കം പറയുന്നു. ശരി സമ്മതിച്ചിരിക്കുന്നു എനിക്ക് ഭ്രാന്ത് തന്നെ. എന്നാൽ എന്നെക്കാൾ വലിയ ഭ്രാന്തൻ ചക്രവർത്തിയാണെന്നു ഞാൻ പറയുന്നു ...
ഹെന്ത് നമുക്ക് ഭ്രാന്താണെന്നോ ...?
അതേ തിരുമേനി. അങ്ങ് സുകലോലുപനായി ഈ കൊട്ടാരത്തിൽ ജീവിക്കുന്നു. വെഞ്ചാമരം വീശാൻ കന്യകമാർ, ആജ്ഞാനുവർത്തികളായ പരിചാരകന്മാർ, രാസ സമ്പൂർണ്ണമായ ഭക്ഷ്യ വിഭവങ്ങൾ, എല്ലാമെല്ലാം കൈപ്പിടിയിൽ അമർന്നുനിൽക്കുന്നു. അങ്ങ് ഭൗതിക സുഖത്തിന്റെ ഏറ്റവും വലിയ പറുദീസയിലാണ് വാഴുന്നത്. ഇങ്ങനെ സുഖസമൃദ്ധിയിൽ വാഴുന്നതോടൊപ്പമാണ് അങ്ങ് അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുന്നു. പാരത്രിക വിജയം കൊതിക്കുന്നു... സർവ്വലോക രക്ഷിതാവിന്റെ പ്രീതി കാംക്ഷിക്കുന്ന ഭൗതിക സുഖത്തിന്റെ പരിലാണനമേറ്റുകൊണ്ട് ആഖിറത്തിന്ന് വേണ്ടി ആഗ്രഹിക്കുന്നത് രാജകൊട്ടാരത്തിൽ ഒട്ടകത്തെ തിരയുന്നതിനെക്കാൾ എത്രയോ മടങ്ങ് അബദ്ധമാണ്...
ഇബ്റാഹീമിബ്നു അദ്ഹം എന്ന മഹാരാജാവ് ആ മനുഷ്യന്റെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചുപോയി ... ഇത്രയും കാലം മൂഢസ്വർഗ്ഗത്തിലായിരുന്നു താൻ എന്ന ഉത്തമ വിശ്വാസം അദ്ദേഹത്തിനുണ്ടായി ... ചക്രവർത്തിയുടെ ഹൃദയത്തിൽ ആയിരമായിരം ചിന്താശകലങ്ങൾ മുള പൊട്ടുവാൻ തുടങ്ങി. അദ്ദേഹം എന്തോ സംശയം തീർക്കുവാൻ വേണ്ടി ആഗതന്റെ മുഖത്തേക്ക് ഒന്നുകൂടി തലയുയർത്തി നോക്കി. അത്ഭുതം അയാളെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല... തന്റെ അടുക്കൽ വന്നത് വെറും ഒരു സാധാരണ മനുഷ്യനല്ലെന്നു രാജാവിന് ബോധ്യമായി. പശ്ചാത്താപം കൊണ്ട് ആ ഹൃദയം നീറിപ്പുകഞ്ഞു ... രാജാവിന്റെ ഇരു നയങ്ങളിൽ നിന്നും കണ്ണുനീർ കണങ്ങൾ ധാരധാരയായി ഒഴുകാൻ തുടങ്ങി...
(തുടരും)

No comments:
Post a Comment