മുസ്ഹഫിന്റെ ചരിത്രം - 5


ടി. ഹസന്‍ ഫൈസി കരുവാരകുണ്ട്

ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)
വഹ്‌യ് എഴുത്തുകാരനായ ഉസമാന്‍(റ) ജാമിഉല്‍ ഖുര്‍ആന്‍ എന്നപേരിലാണ് ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്. ക്രസ്താബ്ദം 576 ല്‍ ജനിച്ചു. ആദ്യകാലത്തു തന്നെ നബി(സ്വ) യെ വിശ്വസിച്ചു. ആദ്യം നബി(സ്വ) യുടെ മകള്‍ റുഖിയ്യയെ വിവാഹം കഴിച്ചു. അവരുടെ മരണശേഷം മറ്റൊരു മകള്‍ ഉമ്മുകുല്‍സൂമിനെ വിവാഹം ചെയ്തു. നബി(സ്വ) യുടെ രണ്ടു മക്കളെ ഇണകളാക്കാന്‍ ഭാഗ്യം സിദ്ധിച്ചത് കാരമാണ് ‘ദുന്നൂറൈന്‍’ എന്ന് ഉസ്മാന്‍(റ) അഭിസംബോധനം ചെയ്യപ്പെടുന്നത്. എത്യേപ്യയിലേക്കു ഹിജ്‌റ പോയ ആദ്യ സംഘത്തില്‍ ഉസ്മാന്‍(റ) വും ഭാര്യയുമുണ്ടായിരുന്നു. അഫ്ഫാന്‍ എന്നവരാണ് പിതാവ്, അര്‍വ മാതാവും. വലിയ സമ്പന്നനും വര്‍ത്തക പ്രമാണിയുമായിരുന്നു അദ്ദേഹം. പല പ്രതിസന്ധി ഘട്ടങ്ങളിലും നബി(സ്വ) യെ സാമ്പത്തികമായി സഹായിച്ചത് ഉസ്മാന്‍(റ) ആയിരുന്നു. ബിഅ്‌റുമ, മുസ്‌ലിംകള്‍ക്കുവേണ്ടി വിലകൊടുത്തു വാങ്ങി വഖ്ഫ് ചെയ്തും ജൈശുല്‍ ഉസ്‌റയെ ധനം നല്‍കി സഹായിച്ചും അദ്ദേഹം സ്വര്‍ഗം കരസ്ഥമാക്കുകയായിരുന്നു.
ഉമര്‍(റ) ന്റെ രക്തസാക്ഷിത്വത്തിനുശേഷം ഖലീഫയായി ബൈഅത്തു ചെയ്യപ്പെട്ടത് ഉസ്മാന്‍(റ) ആയിരുന്നു. ഇസ്‌ലാമിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായകമായി അടയാളപ്പെടുത്തപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഭരണകാലം. മസ്ജിദുന്നബവിയെ വിശാലമാക്കിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. ഖുര്‍ആന്‍ പാരായണത്തിനും എഴുത്തിനും ഏകീകൃതമായി ശൈലിയും രൂപവും കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ഉസ്മാന്‍(റ) നാമത്തെ അനശ്വരമാക്കുന്ന തീരുമാനമായിരുന്നു ‘റസ്മുല്‍ ഉസ്മാനി’.
ആഫ്രക്കന്‍ രാജ്യങ്ങളിലേക്കു ഇസ്‌ലാമിക സാമ്രാജ്യം വളര്‍ന്നതു ഉസ്മാന്‍(റ) ന്റെ കാലത്തായിരുന്നു. പന്ത്രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭരണം. ഹിജ്‌റ 35 ാം വര്‍ഷം(എ.ഡി 656) ല്‍ അദ്ദേഹം രക്തസാക്ഷിയായി. ഉസ്മാന്‍(റ) ന്റെ വധം ഇസ്‌ലാമിക ലോകത്ത് പലകുഴപ്പങ്ങള്‍ക്കും ഹേതുവായി. ജമല്‍, സ്വിഫീന്‍ യുദ്ധങ്ങളൊക്കെ അതിനെത്തുടര്‍ന്നാണുണ്ടായത്. നബി(സ്വ) യുടെ രണ്ടു മക്കളെകൂടാതെ ഫാഖിത, ഉമ്മുല്‍ബനീന്‍, റംല, നാഇല എന്നിവരേയും അദ്ദേഹം വിവാഹം ചെയ്തിട്ടുണ്ട്. അബ്ദുല്ല, അബ്ദുല്ലാഹിബ്‌നു അസ്ഗര്‍, അംറ്, ഖാലിദ് അബാന്‍, ഉമര്‍, വലീദ്, സഈദ്, അബ്ദുല്‍ മലിക് എന്നീ ആണ്‍മക്കള്‍ക്കു പുറമെ ഏഴ് പെണ്‍മക്കളുമുണ്ടായിരുന്നു.
അലിയ്യുബ്‌നു അബീത്വാലിബ്(റ)
ക്രസ്താബ്ദം 599 ലാണ് അലി(റ) ജനിച്ചത്. പിതാവ് അബൂത്വാലിബ്, മാതാവ് ഫാത്വിമ ബിന്‍ത് അസദ്(റ). ചെറുപ്രായത്തില്‍ തന്നെ നബി(സ്വ) യില്‍ വിശ്വസിച്ചു. കുട്ടികളില്‍ നിന്ന് ആദ്യം വിശ്വസിച്ചത് അലി(റ) ആയിരുന്നു. നബി(സ്വ) യുടെ പിതൃസഹോദര പുത്രന്‍, മരുമകന്‍, നാലാം ഖലീഫ, സ്വര്‍ഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട പത്തില്‍ പ്രമുഖന്‍, അറിവിലും ധീരതയിലും മറ്റെല്ലാവരേക്കാളും മികച്ചവന്‍ തുടങ്ങി നീണ്ടുപോകുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകള്‍. തബൂക്ക് ഒഴികെയുള്ള യുദ്ധങ്ങളിലെല്ലാം അദ്ദേഹം സംബന്ധിച്ചു. തബൂക്ക് യുദ്ധവേളയില്‍ ഉത്തരാധികാരിയായി അലി(റ) നെയാണ് നബി(സ്വ) ഏല്‍പിച്ചത്. ഉസ്മാന്‍(റ) വധത്തിനു ശേഷം സ്വഹാബികള്‍ അലി(റ) നെ ഖലീഫയായി ബൈഅത് ചെയ്തു. ഹിജ്‌റ 40(എഡി 661) ല്‍ രക്തസാക്ഷിത്വം വഹിക്കുന്നത് വരെ അലി(റ) യായിരുന്നു ഖലീഫ. പലകുഴപ്പങ്ങളും അദ്ദേഹത്തിന്റെ കാലത്തു പൊട്ടിപ്പുറപ്പെട്ടു. അതിനെയെല്ലാം ശക്തമായ പ്രതിരോധത്തിലൂടെ അദ്ദേഹം ചെറുത്തുതോല്‍പിച്ചു. പ്രവാചക പുത്ര ഫാത്വിമ(റ) നെ കൂടാതെ എട്ട് സ്ത്രീകളെകൂടി അലി(റ) വിവാഹം കഴിച്ചിരുന്നു. സ്വര്‍ഗത്തിലെ യുവാക്കളുടെ നേതാക്കന്മാരെന്ന് നബി(സ്വ) വിശേഷിപ്പിച്ച ഹസന്‍(റ) ഹുസൈന്‍(റ) എന്നിവര്‍ക്കു പുറമെ പന്ത്രണ്ടുമക്കള്‍ അദ്ദേഹത്തിനു വേറെയുമുണ്ടായിരുന്നു. തന്റെ മുന്‍ഗാമികളായ ഖലീഫമാരോട് ഒരു നിലയ്ക്കുമുള്ള അനിഷ്ടമോ വിയോജിപ്പോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അവരോടെല്ലാം അതിരറ്റ ആദരവും ആത്മബന്ധവുമാണ് അദ്ദേഹം പുലര്‍ത്തിയത്. തന്റെ മക്കള്‍ക്ക് അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍ എന്ന് നാമകരണം ചെയ്തു. അതിന്റെ പിന്നിലുള്ള ചേതോവികാരം മുന്‍ഗാമികളോടുള്ള സ്‌നേഹമായിരുന്നു.

റഫറന്‍സ്: ഇത്ഖാന്‍ (ഇമാം സുയൂത്വി)
താരീഖുല്‍ ഖുലഫ (ഇമാം സുയൂത്വി)
തജ്‌വീദ് പഠനം (കെ. വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍)
വിക്കി പീഡിയ

കടപ്പാട്:
നൂറുൽ ഉലമാ സ്റ്റുഡന്റ്സ് അസോസിയേഷൻ ബ്ലോഗ്

No comments:

Post a Comment