മുസ്ഹഫിന്റെ ചരിത്രം - 4


ടി. ഹസന്‍ ഫൈസി കരുവാരകുണ്ട്

അബൂബക്ര്‍ സിദ്ദീഖ് (റ)
വഹ്‌യ് എഴുത്തുകാരില്‍ ശ്രദ്ധേയ സ്ഥാനം അലങ്കരിക്കുന്നവരാണ് അബൂബക്കര്‍(റ). നബി(സ്വ) യുടെ ഉത്തരാധികാരി, ഒന്നാം ഖലീഫ, ഹിജ്‌റയിലെ സഹയാത്രികന്‍, അമ്പിയാക്കള്‍ക്കു ശേഷം ഏറ്റവും ഉത്തമനായ വ്യക്തി, വിശ്വാസത്തലും പരിത്യാഗത്തിലും സ്വാഹാബികളില്‍ ഒന്നാമന്‍ ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍. ക്രസ്താബ്ദം 573 ല്‍ അദ്ദേഹം ജനിച്ചു. നബി(സ്വ) ക്കു നുബുവ്വത്തു വഭിച്ചു പ്രബോധനം തുടങ്ങിയപ്പോള്‍ ആദ്യം വിശ്വസിച്ചത് അബൂബക്കര്‍(റ) ആയിരുന്നു. പിന്നീട് നിഴല്‍പോലെ നബി(സ്വ) യെ പുന്‍തുടര്‍ന്നു. ജീവനും സമ്പാദ്യവുമെല്ലാം ഇസ്‌ലാമിനു വേണ്ടി സമര്‍പിച്ചു. അബൂബക്കര്‍(റ) സമ്പാദ്യം എനിക്കുപകരിച്ച പോലെ മറ്റൊരാടു ധനം എനിക്കുപകരിച്ചപോലെ മറ്റാരുടേയും ധനം എനിക്കുപകരിച്ചിട്ടില്ലെന്ന് നബി(സ്വ) ഒരിക്കല്‍ പറയുകയുണ്ടായി. എല്ലായുദ്ധങ്ങളിലും നബി(സ്വ) യോടൊപ്പം അദ്ദേഹം പങ്കെടുത്തു. നബി(സ്വ) രോഗിയായപ്പോള്‍ ജനങ്ങള്‍ക്ക് ഇമാം നില്‍ക്കാന്‍ കല്‍പിക്കപ്പെട്ടത് അദ്ദേഹത്തെയായിരുന്നു. പ്രവാചകന്റെ വഫാത്തിനു ശേഷം സര്‍വാംകൃതമായി അദ്ദേഹം ഖലീഫയായി. ഒരുപാട് പ്രതിസന്ധികള്‍ ഭരണകാലത്ത് അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അതെല്ലാം വിജയകരമായി അദ്ദേഹം അതിജീവിച്ചു. തിരിച്ചുപോയ അറബിഗോത്രങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നത് അബൂബക്കര്‍(റ) സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണമായിരുന്നു. സകാത്ത് നിഷേധപ്രസ്ഥാനത്തോട് അദ്ദേഹം വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്. കള്ളപ്രവാചകന്മാരുടെ അരങ്ങേറ്റത്തേയും അദ്ദേഹം ശക്തമായി പ്രതിരോധിച്ചു. മുസൈലിമത്തുല്‍കദ്ദാബിനോട് ശക്തമായ ഏറ്റുമുട്ടല്‍വരെ നടത്തേണ്ടിവന്നു. യമാമയില്‍ വെച്ചുനടന്ന യുദ്ധത്തില്‍ മുസൈലിമ കൊല്ലപ്പെട്ടു. നിരവധി ഹാഫിളുകളുടെ രക്തസാക്ഷിത്വത്തിന് യുദ്ധം നിമിത്തമായി.ഖുര്‍ആന്‍ ക്രോഡീകരണത്തിലേക്ക് നയിച്ച പശ്ചാതലം ഇതായിരുന്നു.
നിരവധി സൈനിക മുന്നേറ്റങ്ങള്‍ അബൂബക്കര്‍(റ) ന്റെ കാലത്തു നടന്നിട്ടുണ്ട്. യമാമ, ഒമാന്‍, മിഫ്‌റ, ഹളര്‍മൗത്, യമന്‍, ശാം, ബഹറൈന്‍, സ്വന്‍ആഅ്, തിഹാമ തുടങ്ങിയ അവിടങ്ങളിലെല്ലാം നാടുകളിലേക്കെല്ലാം അദ്ദേഹം സൈന്യത്തെ അയച്ചു. അപ്രതീക്ഷിത വിജയങ്ങളാണ് മുസ്‌ലീംകള്‍ക്കുണ്ടായത്. രണ്ട് വ്ഷവും ഏതാനും മാസങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. അറുപത്തിമൂന്നാം വയസ്സില്‍ അദ്ദേഹം വഫാത്തായി. നബി(സ്വ) യുടെ ചാരത്ത് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.
സ്വീദ്ദീഖ്, അതീഖ്, സ്വാഹിബ്, അത്ഖാ, അവ്വാഹ് തുടങ്ങിയ അപരനാമങ്ങള്‍ അദ്ദേഹത്തിനുണ്ട്. അതുല്ല്യമായ ആ വ്യക്തിത്വത്തെ പ്രകാശിപ്പിക്കുന്നതാണ് ഇടവേരുകളൊക്കെ, ഖത്വീലബിന്‍ത് അബില്‍ഉസ്സ, ഉമ്മുറൂമാന്‍, അസ്മാഅ് ബിന്‍ത് അമീസ്, ഹബീബ ബന്‍ത് ഖാരിജ എന്നിവര്‍ ഭാര്യമാരാണ്. അബ്ദുറഹ്മാന്‍, അബ്ദുല്ല, മുഹമ്മദ് എന്നീ മൂന്ന് ആണ്‍മക്കളും അസ്മാഅ്, ആയിശ, ഉമ്മുകുല്‍സൂം എന്നീ മൂന്ന് പെണ്‍മക്കളും അദ്ദേഹത്തിനുണ്ട്. നൂറ്റി നാല്‍പത്തി രണ്ട് ഹദീസുകള്‍ അബൂബക്കര്‍(റ) നബി(സ്വ) യില്‍ നിന്ന് നിവേദനം ചെയ്തിട്ടുണ്ട്.
ഉമര്‍(റ)
ഉമറുബ്‌നുല്‍ ഖത്വാബ്(റ) വഹ്‌യ് എഴുത്തുകാരില്‍ എടുത്തുപറയേണ്ടവരാണ്. നബി(സ്വ) യുടെ ജനനത്തിന്റെ പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഉമര്‍(റ) ജനിച്ചത്. ബത്വാബ് പിതാവും ഹന്‍തമ മാതാവുമാണ്. ചെറുപ്രായത്തില്‍ ദ്വന്ദയുദ്ധം, കുതിരപ്പട, കവിത എന്നിവയിലെല്ലാം നൈപുണ്യം നേടി. ഉക്കാള്‍, മജന്ന, ദുല്‍ മജാസ് തുടങ്ങിയ കീര്‍ത്തിപ്പെറ്റ ചന്തകളില്‍ പോയി വ്യാപാര വിദ്യകള്‍ സ്വായത്തമാക്കി. അസാമാന്യ ബുദ്ധിശക്തിയും ധീരതയും നേതൃപാഠവവും ഉമര്‍(റ) ന്റെ പ്രത്യേകതയായിരുന്നു. സ്വാഹാബികളില്‍ രണ്ടാമനായി അദ്ദേഹം ഗണിക്കപ്പെട്ടു. അബൂബക്കര്‍(റ) ന്റെ ശേഷം ഭരണസാരധ്യം വഹിച്ചത് ഉമര്‍(റ) ആയിരുന്നു. അവിസ്മരണീയ ഭരണമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഒരുപാട് ഭരണപരിഷ്‌കരണങ്ങള്‍കൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. നീതി നിഷ്ഠയും പ്രജാസ്‌നേഹവും കൊണ്ട് എല്ലാ ഭരണാധികാരികള്‍ക്കും അദ്ദേഹം മാതൃക കാണിച്ചു. അബൂബക്കര്‍(റ) തുടങ്ങിവെച്ച പലതും പൂര്‍ത്തീകരിച്ചത് ഉമര്‍(റ) ആയിരുന്നു. ഇറാഖ്, ഈജിപ്ത്, ലിബിയ, സിറിയ, പേര്‍ഷ്യ, ഖുറാസാന്‍, അര്‍മീനിയ, സിജിസ്താന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ഇസ്‌ലാമിനു കീഴില്‍ വന്നത് ഉമര്‍(റ) ന്റെ ഭരണകാലത്താണ്. ബൈതുല്‍ മുഖദ്ദസ് മോചിപ്പിച്ചത് ഉമര്‍(റ) ന്റെ ഭരണകാലത്തെ എടുത്തു പറയേണ്ട ഒരു നേട്ടമാണ്. സമ്പൂര്‍ണ മദ്യ നിരൊധനം, ഹീജാബിന്റെ ആയത്ത്, ഇബ്‌റാഹീം മഖാമില്‍ വെച്ചുള്ള നിസ്‌കാരകല്‍പന തുടങ്ങിയ പലഖുര്‍ആനിക ആഹ്വാനങ്ങളും ഉണ്ടായത് ഉമര്‍(റ) ന്റെ ഇടപെടല്‍ മൂലമായിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനത്തിന്റെ ഫലമാണ് ഒന്നാം ഖുര്‍ആന്‍ ക്രോഡീകരണം തന്നെ. അബൂബക്കര്‍(റ) ന്റെ ഭരണത്തിലാണ് അങ്ങനെ ഒരു തീരുമാനം വന്നതെങ്കിലും അതിന്റെ പിന്നിലെ പ്രേരക ശക്തി ഉമര്‍(റ) ആയിരുന്നു. ആദ്യം ഉമര്‍(റ) ന്റ അഭിപ്രായം അബൂബക്കര്‍(റ) നിരസിച്ചെങ്കിലും അത്ശരിയാണെന്ന് പിന്നീടദ്ദേഹത്തിന് ബോധ്യമായി. ഉമര്‍(റ) ന്റെ അഭിപ്രായം പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍ ദൂരവ്യപകമായ പ്രത്യാഘാതങ്ങള്‍ക്കത് കാരണമാവുമായിരുന്നു. ഖുര്‍ആന്‍ ഈ ഉമ്മത്തിന് കൈമോശം വന്നുപോകുമായിരുന്നു. ഖുര്‍ആന്‍ സംരക്ഷണം ഉമര്‍(റ) വിലൂടെ അല്ലാഹു നിറവേറ്റുകയായിരുന്നു.
ക്രിസ്താബ്ദം 644 ല്‍ അദ്ദേഹം വഫാത്തായി. റൗളാ ശരീഫില്‍ തന്റെ രണ്ടു മാതൃകാപുരുഷന്മാരുടെ കൂടെ അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്നു. ഖരീബ, മുലൈഖ, ജമീല, ആതിഖ, ഉമ്മുല്‍ ഹക്കീം, ഉമ്മുകുല്‍സൂം എന്നിവര്‍ ഭാര്യമാരാണ്. നബി(സ്വ) യുടെ ഭാര്യ ഹഫ്‌സ(റ) ഉള്‍പ്പടെ പന്ത്രണ്ട് മക്കള്‍ ഉമര്‍(റ) വുനുണ്ട്.

തുടരും...
📚📚📚📚📚📚📚📚📚
കടപ്പാട്:
നൂറുൽ ഉലമാ സ്റ്റുഡന്റ്സ് അസോസിയേഷൻ ബ്ലോഗ

No comments:

Post a Comment