മുസ്ഹഫിന്റെ ചരിത്രം - 3


ടി.ഹസന്‍ ഫൈസി കരുവാരകുണ്ട്

വഹ്‌യ് എഴുത്തുകാര്‍
ദിവ്യസന്ദേശവുമായി ജിബ്‌രീല്‍(അ) അവതരിക്കുമ്പോള്‍ നബി(സ്വ) അവകള്‍ ഹൃദിസ്ഥമാക്കും. പിന്നീട് സ്വഹാബികള്‍ക്ക് അത് ഓതിക്കേള്‍പ്പിക്കും. അവരും അത് മനഃപാഠമാക്കും. ഇറക്കപ്പെട്ട ഖുര്‍ആന്‍ വാക്യങ്ങള്‍ എഴുതിവെക്കാനും നബി(സ്വ) കല്‍പിക്കും. ഖുര്‍ആനല്ലാതെ മറ്റൊന്നും എന്നില്‍ നിന്ന് നിങ്ങള്‍ എഴുതിവെക്കരുതെന്ന് നബി(സ്വ) നിഷ്‌കര്‍ശിച്ചിരുന്നു. ഖുര്‍ആനുമായി മറ്റൊന്നും ഇടകലരാതിരിക്കാന്‍ വേണ്ടിയായിരുന്നു അപ്രകാരം കല്‍പിച്ചത്. ഈത്തപ്പനയുടെ ഓല ഉരിച്ചുകളഞ്ഞ മട്ടല്‍,കല്‍പാളികള്‍,തോല്‍ കഷ്ണങ്ങള്‍ എന്നിവയിലായിരുന്നു ഖുര്‍ആന്‍ രേഖപ്പെടുത്തിയിരുന്നത് . വഹ്‌യ് എഴുതിവെക്കുന്ന നിരവധി സ്വഹാബികള്‍ ഉണ്ടായിരുന്നു. ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട എഴുത്തുകാര്‍ ഇവരാണ്. അലി(റ), ഉസ്മാന്‍(റ), അബൂബക്കര്‍(റ), ഉമര്‍(റ), ഖാലിദുബ്‌നു സഈദ്(റ), അബ്ദുല്ലാഹിബ്‌നു അബ്ദുല്‍ അസദ്(റ), ആമിറുബ്‌നു ഫുഹൈറ(റ), അര്‍ഖമുബ്‌നുല്‍ അര്‍ഖം(റ), ജഅ്ഫറുബ്‌നു അബീത്വാലിബ്(റ), ഹാത്വിബുബ്‌നു അംദ്(റ), സുബൈറുബ്‌നുല്‍ അവ്വാം(റ), ത്വല്‍ഹത്തുബ്‌നു ഉബൈദില്ല(റ), അബ്ദുല്ലാഹിബ്‌നു അബീബക്കര്‍(റ), അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ), ഖാലിദുബ്‌നു സൈദ്(റ), ഉബയ്യുബ്‌നു കഅ്ബ്(റ), സൈദുബ്‌നു സാബിത്(റ), അബ്ദുല്ലാഹിബ്‌നു റവാഹ(റ), മുആദുബ്‌നു ജബല്‍(റ), മുഐഖിബ്(റ), അബ്ദുല്ലാഹിബ്‌നു അബ്ദില്ല(റ), അബ്ദുല്ലാഹിബ്‌നു സൈദ്(റ), മുഹമ്മദുബ്‌നു ഉസ്‌ലമ(റ), ബുറൈദ(റ), സാബിത്ബ്‌നു ഖൈസ്(റ), ഹുദൈഫത്തുല്‍ യമാന്‍(റ), ഹന്‍ള്വല(റ), അബ്ദുല്ലാഹിബ്‌നു സഅദ്(റ), അബൂസുഫ്‌യാന്‍(റ), മുആവിയ്യ(റ), ഖാലിദുബ്‌നു വലീദ്(റ), ജുഹ്മുബ്‌നു സല്‍ത്വ്(റ), ജുഹ്മുബ്‌നു സഅ്ദ്(റ), അബ്ദുല്ലാഹിബ്‌നു സഅദ്(റ), അബ്ബാസ്(റ), അബ്ബാനുബ്‌നു സഈദ്(റ), മുഗീറതുബ്‌നു ശുഅ്ബ(റ), അംറുബ്‌നുല്‍ ആസ്വ്(റ), ശുറന്‍വീല്‍(റ), അലാഅ്(റ) ഇവരില്‍ ഏറ്റവും പ്രധാനികളെ ഹൃസ്വമായി പരിചയപ്പെടുത്തുകയാണ്.
സൈദുബ്‌നു സാബിത്(റ)
മദീനയിലെ ബനൂ നജ്ജാര്‍ ഗോത്രമാണ് സൈദ്(റ) ന്റേത് പിതാവ് സാബിത്, ഹവ്വാര്‍ ആണ് മാതാവ്. ക്രിസ്താബ്ദം 611 ലാണ് ജനനം, അന്‍സ്വാരീ വനിതയായ ഉമ്മുല്‍ അലാഅ്(റ) യാണു ഭാര്യ. കാരിജത്ബ്‌നു സൈദ്(റ) മകനാണ്. യതീമായിട്ടാണ് മഹാനവര്‍കള്‍ വളര്‍ന്നത്. പതിനൊന്നാം വയസ്സില്‍ ബുഗാസാ നാളില്‍ പിതാവ് കൊല്ലപ്പെട്ടു. കുടുംബത്തോടൊപ്പം അദ്ദേഹം നബി(സ്വ) യില്‍ വിശ്വസിച്ചു. നബി(സ്വ) അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകയുണ്ടായി, കുശാഗ്ര ബുദ്ധിയുടേയും അസാമാന്യ സാമര്‍ഥ്യത്തിന്റേയും ഉടമയായിരുന്നു അദ്ദേഹം. ഭാഗമായി വിവധ രാജാക്കന്മാര്‍ക്ക് കത്തെഴുതാന്‍ നബി(സ്വ) തീരുമാനിച്ചു. അപ്പോള്‍ അവരുടെ ഭാഷകള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തിയത് സൈദ്(റ) നെയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ പലഭാഷകളും അദ്ദേഹം സ്വായത്തമാക്കി. പതിനഞ്ച് ദിവസത്തിനുള്ളില്‍ അദ്ദേഹം ജൂതന്മാരുടെ ഒരു ഗ്രന്ഥം മനഃപാഠമാക്കുകയുറണ്ടായി. നബി(സ്വ) ജൂതന്മാര്‍ക്ക് കത്തെഴുതിയിരുന്നതും അവരുടെ എഴുത്തുകള്‍ നബി(സ്വ) ക്ക് വായിച്ചു കൊടുത്തിരുന്നതും അദ്ദേഹമായിരുന്നു. ജൂതരുടെ ഗ്രന്ഥം പഠിക്കാന്‍ നിര്‍ദേശിച്ച പ്രകാരം സുരിയാനി ഭാഷ പഠിക്കാനും നബി(സ്വ) അദ്ദേഹത്തേട് കല്‍പിച്ചു. പതിനേഴ് ദിവസംകൊണ്ടാണ് പ്രസ്ഥുത ഭാഷയില്‍ അദ്ദേഹം അവഗാഹം നേടിയത്. ഖുര്‍ആന്‍ നബി(സ്വ) യില്‍ നിന്ന് കേള്‍ക്കുന്നമാത്രയില്‍ അദ്ദേഹം മനഃപാഠമാക്കി. വഹ്‌യ് ഇറങ്ങിയാല്‍ നബി(സ്വ) അതെഴുതിവെക്കാന്‍ സൈദ്(റ) നോട് കല്‍പിച്ചിരുന്നു. എന്റെ സമൂഹത്തില്‍ അനന്തരാവകാശ സംബന്ധിയായ വിജ്ഞാനത്തില്‍ ഏറ്റവും അവഗാഹമുള്ളത് സൈദ്(റ) ആണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
ഖുര്‍ആനിലുള്ള അദ്ദേഹത്തിന്റെ ആഴമേറിയ അറിവിനെ എല്ലാവരും അംഗീകരിച്ചിരുന്നു. വഫാത്തിന്റ വര്‍ഷം ഖുര്‍ആന്‍ രണ്ടുതവണ ഓതിക്കേള്‍പ്പിച്ചിരുന്നു. ഒന്നാം ഖലീഫ അബൂബക്കര്‍(റ) ന്റെയും മൂന്നാം ഖലീഫ ഉസ്മാന്‍(റ) ന്റേയും കാലഘട്ടങ്ങളില്‍ നടന്ന ഖുര്‍ആന്‍ ക്രോഡീകരണ ചുമതല ഏല്‍പിക്കപ്പെട്ടത് സൈദ്(റ) നെയായിരുന്നു. നബി(സ്വ) യുടെ കാലത്ത് നടന്ന നിരവധി യുദ്ധങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. നബി(സ്വ) യുടെ വഫാത്തിന് ശേഷം മുഹാജിറുകളും അന്‍സ്വാറുകളും ബനൂസാഇദയുടെ പന്തലില്‍ സമ്മേളിച്ചു, ആര് ഖലീഫയാകണമെന്ന ചര്‍ച്ചയില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നു അഭിപ്രായഭിന്നത രൂക്ഷമായ സന്ദര്‍ഭത്തില്‍ സുചിന്തിതമായ തീരുമാനം പ്രഖ്യാപിച്ചത് സൈദ്(റ) ആയിരുന്നു. മുഹാജിറുകളില്‍നിന്നു തന്നെയാണു ഖലീഫയെ തെരഞ്ഞെടുക്കപ്പെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. അത് എല്ലാവരും അംഗീകരിച്ചു. ഹിജ്‌റ 42 ല്‍ മുആവിയ(റ) ന്റ കാലത്ത് അദ്ദേഹം വഫാത്തായി.”ഉമ്മത്തിലെ പണ്ഡിതന്‍ ദ്വിവംഗതനായി” എന്നായിരുന്നു അബൂഹുറൈറ(റ) സൈദ്(റ) ന്റെ മരണത്തെ അനുശേചിച്ചത്.
ഉബയ്യുബ്‌നു കഅ്ബ്(റ)
”നാലു പേരില്‍ നിന്നും ഖുര്‍ആന്‍ പഠിക്കുക. ഇബ്‌നു മസ്ഊദ്(റ), ഉബയ്യുബ്‌നു കഅ്ബ്(റ), മുആദുബ്‌നു ജബല്‍(റ), സാലിം(റ) എന്നിവരാണവര്‍” എന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു. വഹ്‌യ് എഴുത്തുകാരില്‍ പ്രധാനിയായ ഉബയ്യുബ്‌നു കഅ്ബ്(റ) ന്റെ വൈജ്ഞാനിക മികവ് ഈ ഹദീസില്‍ നിന്ന് ഗ്രഹിക്കാം. നബി(സ്വ) യുടെ മദീനാ ഹിജ്‌റക്ക് പശ്ചാതലമൊരുക്കിയ രണ്ടാം അഖബാ ഉടമ്പടിയില്‍ സംബന്ധിച്ച പ്രമുഖനാണ് അദ്ദേഹം വഹ്‌യ് എഴുത്തുകാരന്‍ എന്നതിലുപരി വലിയ പണ്ഡിതനും വശ്യമധുരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഖാരിഉമായിട്ടാണ് സ്വഹാബികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ഖസ്‌റജ് ഗോത്രക്കാരനായ ഉബയ്യ്(റ) നെ ‘അബുല്‍ മുന്‍ദില്‍’ എന്നാണ് നബി(സ്വ) വിളിച്ചിരുന്നത്. അബൂത്വല്‍ഹത്തുല്‍ അന്‍സ്വാരി(റ) ന്റെ പിതൃസഹോദരി സുലൈഖയാണ് മാതാവ്. ഖുര്‍ആനലെ ഏറ്റവും ഉത്തമമായ ആയത്തേതാണെന്ന് ഒരിക്കല്‍ ഉബയ്യ്(റ) നോട് നബി(സ്വ) ചോദിച്ചപ്പോള്‍ ആയതുല്‍കുര്‍സിയ്യ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറുപടിയില്‍ സന്തുഷ്ഠനായ നബി(സ്വ) അദ്ദേഹത്തിന്റെ നെഞ്ചത്തടിച്ചു. ജ്ഞാന തപസ്യ അങ്ങയെ ആവേശ ഭരിതനാകട്ടെ! അബുല്‍ മുന്‍ദിര്‍ എന്നാശംസിക്കുകും ചെയ്തു. പരിത്യാഗത്തിന്റ പരിഛേതമായിരുന്നു ഉബയ്യ്(റ). ജ്ഞാനാന്വേശ്വകനായി ജുന്‍ദുബുല്‍ ബജലി(റ) ഒരിക്കല്‍ മദീനയിലെത്തി അന്നേരം മദീനാ പള്ളിയില്‍ ജനങ്ങള്‍ കൂട്ടംകൂടി സംസാരിക്കുകയായിരുന്നു. ജനമധ്യത്തില്‍ പരിക്ഷീണിതനായ ഒരാളെ അദ്ദേഹത്തിനു കാണാനായി”സമ്പന്നര്‍ നാശമടുഞ്ഞിരിക്കുന്നു, കഅ്ബയുടെ രക്ഷിതാവ് തന്നെ സത്യം, ഞാന്‍ അവരുടെ മേല്‍ ഖേദിക്കുന്നില്ല” ഇത് പല ആവര്‍ത്തി പറയുന്നത് അദ്ദേഹം കേട്ടു. അപ്പോള്‍ അയാളെക്കുറിച്ച് ജുന്‍ദുബ്(റ) അന്വേഷിച്ചു, മുസ്‌ലിംകളുടെ നേതാവ് ഉബയ്യുബ്‌നു കഅ്ബ്(റ) ആണെന്നാണ് മറുപടി കിട്ടിയത്. അദ്ദേഹം ഉബയ്യ(റ) നെ പിന്തുടര്‍ന്നു അദ്ദേഹത്തിന്റെ വീട്ടിലെത്തി. കാലപ്പഴക്കം ചെന്ന ഒരു കുടിലായിരുന്നു അദ്ദേഹത്തിന്റേത്, വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമൊക്കെ പഴകി ദ്രവിച്ചതായിരുന്നു. എല്ലാ ഐഹിക സുഖങ്ങളേയും ത്യജിച്ച ത്യാഗിയായിരുന്നു അദ്ദേഹം.
സൂക്ഷ്മത നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നബി(സ്വ) മേല്‍ സ്വലാത്ത് ചൊല്ലി ആത്മാനാന്ദം കണ്ടെത്തിയ ആശിഖായിരുന്നു അദ്ദേഹം. നബി(സ്വ) യുടെ വഫാത്തിന് ശേഷവും പ്രവാചക കാലത്തു ജീവിച്ചതുപോലെ ധ്യാനത്തിലും ത്യാഗത്തിലുമായി അദ്ദേഹം ജീവിച്ചു. ”നബി(സ്വ) യുടെ കാലത്ത് നമ്മുടെ ദിശ ഒന്നായിരുന്നു. അവിടുത്തെ വഫാത്തിനു ശേഷം നാം ഇടതും വലതും മുഖം തിരിച്ച് ഭിന്നിച്ചിരിക്കുന്നു” എന്നദ്ദേഹം സ്വഹാബികളെ ഓര്‍മിപ്പിക്കുമായിരുന്നു.
പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിച്ചിരുന്നവരില്‍ പ്രധാനിയായിരുന്നു ഉബയ്യ്(റ). പല വിപല്‍ സന്ധികളിലും മുസ്‌ലിംകള്‍ക്ക് അദ്ദേഹത്തിന്റെ പ്രാര്‍ഥന ഫലം ചെയ്തിട്ടുണ്ട്. പനി ബാധിച്ചുകൊണ്ടാണ് അദ്ദേഹം വഫാത്തായത്. ഹിജ്‌റ 30 ലായിരുന്നു വഫാത്ത്. രോഗിയായി വിഷമിച്ചിരിക്കുമ്പേഴും നിസ്‌കാരമോ, നോമ്പോ മറ്റു കര്‍മങ്ങളോ അദ്ദേഹം മുടക്കിയിരുന്നില്ല.
മുആദുബ്‌നു ജബല്‍(റ)
തബൂക്ക് യുദ്ധാനന്തരം യമനിലേക്ക് ഖാസിയായി നബി(സ്വ) നിയമിച്ച സ്വഹാബിയാണ് മുആദ്(റ). ”എന്റെ ഉമ്മത്തില്‍ ഹലാല്‍, ഹറാം വിഷയ സംബന്ധിയായി ഏറ്റവും അറിവുള്ളവന്‍ മുആദ്(റ) വാണെ”ന്ന് നബി(സ്വ) ശ്ലാഖിച്ചിട്ടുണ്ട്. മദീനാ നിവാസിയായ അദ്ദേഹം ഖസ്‌റജ് ഗോത്രക്കാരനാണ്. അബൂഅബ്ദി റഹ്മാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. പതിനെട്ടാം വയസ്സില്‍ മുആദ്(റ) ഇസ്‌ലാം സ്വീകരിച്ചു. യമനില്‍ ഖാസിയായി നിയോഗിക്കപ്പെട്ടത് ഇരുപത്തിയെട്ടാം വയസ്സിലായിരുന്നു. മുആദ്(റ) മായി നബി(സ്വ) വളരെയധികം അടുപ്പം പുലര്‍ത്തിയിരുന്നു. മുആദ്(റ) നെ യമനിലേക്ക് യാത്രയയക്കാന്‍ വേണ്ടി അദ്ദേഹം വാഹനപ്പുറത്ത് കയറി, നബി(സ്വ) കൂടെ നടന്നു, പല നിര്‍ദേശങ്ങളും നല്‍കി അവസാനം നബി(സ്വ) പറഞ്ഞു: ”മുആദ്, ഒരു പക്ഷേ അടുത്ത വര്‍ഷം താങ്കള്‍ക്കെന്നെ കാണാന്‍ കഴിഞ്ഞേക്കില്ല. താങ്കള്‍ എന്റ പള്ളിയുടേയും മിമ്പറിന്റെയും അടുത്തുകൂടെ നടന്നേക്കാം”. ഇതുകേട്ട മുആദ്(റ) നബി(സ്വ) യുടെ വേര്‍പാടില്‍ മനംനൊന്ത് പൊട്ടിക്കരഞ്ഞു. പിന്നീട് സാന്നിധ്യത്തിലും അസാനിധ്യത്തിലും കൂടെ ജീവിതം നയിക്കുന്നവരാണ് ജനങ്ങളില്‍ എന്നോട് ഏറ്റം ചേര്‍ന്നവന്‍ എന്ന് പറഞ്ഞുകൊണ്ട് നബി(സ്വ) മദീനയിലേക്ക് തിരിച്ചു.
”മുആദ്, അല്ലാഹുവിനുവേണ്ടി ഞാന്‍ താങ്കളെ സ്‌നേഹിക്കുന്നു” എന്ന് മുആദ്(റ) നെ അഭിസംബോധനം ചെയ്തുകൊണ്ട് നബി(സ്വ) പറഞ്ഞു. ആരാധനയിലും സൂക്ഷ്മതയിലും പരിത്യാഗത്തിലും ഉമ്മതിന് മാതൃകയായിരുന്നു മുആദ്(റ). ഇസ്‌ലാമിന്റെ സന്ദേശം വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതില്‍ അനല്‍പമായ പങ്കുവഹിച്ചിട്ടുണ്ട് മുആദ്(റ).ഫലസ്തീന്‍ ഗ്രാമമായ അവാമിസില്‍(ഋാാമൗ)െ വെച്ച് പ്ലാക് ബാധിച്ച് മുപ്പത്തിയെട്ടാം വയസ്സില്‍ അദ്ദേഹം ദിവംഗതനായി. ഖുര്‍ആന്‍ പാരായണത്തില്‍ അനുകരണീയനാണ് മുആദ്(റ) യെന്ന് നബി(സ്വ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മുആവിയതുബ്‌നു അബീസുഫ്‌യാന്‍(റ)
വഹ്‌യ് എഴുത്തുകാരില്‍ പ്രമുഖരായി ഗണിക്കപ്പെടുന്ന സ്വഹാബിയാണ് മുആദ്(റ). അബൂസുഫ്‌യാന്‍(റ) വാണ് പിതാവ്, ഹിജ്‌റയുടെ അഞ്ച് വര്‍ങ്ങള്‍ക്കു മുന്‍പ് ക്രിസ്താബ്ദം 602 ല്‍ അദ്ദേഹം മക്കയില്‍ ജനിച്ചു. ഹുദൈബിയ സന്ധിയുടെ ഉടനെ വിശ്വസിച്ചെങ്കിലും വിശ്വാസം രഹസ്യമാക്കി, മക്കം ഫത്ഹിനു ശേഷമാണ് പരസ്യപ്പെടുത്തിയത്. വിശ്വസിച്ച ശേഷം നബി(സ്വ) യോട് ഏറെ അടുപ്പം പുലര്‍ത്തി. നയതന്ത്രജ്ഞനും മികച്ച രാഷ്ട്ര മീംമാംസകനുമായ മുആവിയ(റ) ഖുലഫാഉ റാശിദുകളുടെ കാലത്ത് ഭരണത്തിലും നിര്‍ണായക പങ്കുവഹിച്ചു. ഹിജ്‌റ 21 ല്‍ ഉമര്‍(റ) ന്റെ ഭരണകാലത്ത് ശാം നാടുകളിലെ ജോര്‍ദാനില്‍ ഗവര്‍ണറായി നിശ്ചയിക്കപ്പെട്ടു. സഹോദരന്‍ യസീദ്(റ) ന്റെ മരണശേഷം ഡമസ്‌കസിന്റേയും പരിസര പ്രദേശങ്ങളുടേയും ചുമതല അദ്ദേഹത്തെ ഏല്‍പിക്കപ്പെട്ടു. ഉസ്മാന്‍(റ) ന്റെ കാലത്ത് ശാം നാടുകളിലെ മുഴുവന്‍ അധികാരവും മുആവിയ(റ) നെ ഏല്‍പിക്കുകയുണ്ടായി.
ഉസ്മാന്‍(റ) ന്റെ വഫാത്തിനു ശേഷം അലി(റ) ഖലീഫയായി ബൈഅത് ചെയ്യപ്പെട്ടു. ശേഷം ഹസന്‍(റ) വും ഹുസൈന്‍(റ) വും ഭരണം മുആവിയ(റ) നെ ഏല്‍പിച്ച് സ്ഥാനത്യാഗം ചെയ്തു. അങ്ങനെയാണ് ഡമസ്‌കസ് കേന്ദ്രമായി അമവിഭരണകൂടം സ്ഥാപിതമായത്. മുസ്‌ലിം സമൂഹം വലിയ വളര്‍ച്ചയും വികാസവും നേടിയ കാലമായിരുന്നു മുആവിയ(റ) ന്റേത്. ഭരണതലത്തില്‍ നിരവധി പരിഷ്‌കരണങ്ങള്‍ മുആവിയ(റ) കൊണ്ടുവന്നു.
നബി കുടുംബത്തേട് വളരെ അടുപ്പം പുലര്‍ത്തിയിരുന്ന അദ്ദേഹം അവരെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു. പലപ്പോഴും അവര്‍ക്ക് വലിയ ധനസഹായം ചെയ്യാനും അദ്ദേഹം സന്നദ്ധനായി. ഇരുപ് വര്‍ഷം അദ്ദേഹം ഭരണം നടത്തി. ഹിജ്‌റ 60 ല്‍ 78 ാം വയസ്സില്‍ അദ്ദേഹം വഫാതായി. ഡമസ്‌കസിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

തുടരും...


No comments:

Post a Comment