ഈ ശരീരം എനിക്ക് വഴങ്ങുന്നതാകണമെന്നാണ് എന്റെ ആഗ്രഹം. അമിതമായ അന്നപാനം ശരീരം നമുക്ക് വഴങ്ങുന്നതല്ലാതാക്കിത്തീർക്കുന്നു. അത് ശരീരത്തിന് വൈകാരികമായ ആസക്തിയുണ്ടാക്കുന്നു. തന്നെയുമല്ല ഒരിക്കൽ അങ്ങിനെ ഭക്ഷിച്ചാൽ പിന്നെ എല്ലായ്പ്പോഴും അമിതമായി തിന്നാനുള്ള അഭിനവേശം ഉടലെടുക്കുകയും ചെയ്യും ...
വെറുതെയെന്തിനാണ് ഈ വയ്യാവേലകൾക്കെല്ലാം ഒരുങ്ങുന്നത്.
ഇതൊക്കെ പൊറുക്കാം പക്ഷേ നല്ലതും ചീത്തയും കൂടിക്കലർന്ന കാലമാണിത്. ഹറാമും ഹലാലും എതെന്ന് തിരിച്ചറിയാൻ കൂടി പ്രയാസം. ഞാൻ ഭക്ഷിക്കുന്നത് ഹറാമോ ഹലാലോ എന്ന് എനിക്ക് തന്നെ സൂക്ഷ്മമായി അറിയില്ല. അതുകൊണ്ട് അത്രയും കുറച്ച് തിന്നുന്നത്. വെറും നശ്വരമായ ഈ ഭൗതികജഡത്തിനെ തിന്നുകൊഴുപ്പിച്ചിട്ട് എതായാലും ആഖിറത്തിലേക്ക് ഒന്നുംതന്നെ നേടാനില്ല ...
ഇത്രയും നിസ്സാരമായ ജീവിതം നിങ്ങളെന്തിനു തിരഞ്ഞൊടുത്തു, ഈ വെറും മണലിൽ എങ്ങിനെയാണ് നിങ്ങൾക്ക് സുഖകരമായി ഉറങ്ങാൻ കഴിഞ്ഞത് ...?
എവിടേക്കിടക്കാനും, എങ്ങിനെ ജീവിക്കാനും ഞാനെന്റെ ശരീരത്തിന് പരിശീലനം നൽകിയിരിക്കുന്നു. മണ്ണടിയേണ്ട എന്റെ ശരീരത്തിന്ന് ഞാൻ വെറും മണ്ണിന്റെ വിലയെ കൽപ്പിക്കുന്നുള്ളൂ. അതിനെ സുഖകരമായ പട്ടുമെത്തയിലിട്ട് സുഖിപ്പിച്ചിട്ടെന്തു ഫലം. ഇതിനെ ദുനിയാവിൽ നാമെത്ര ഉയരങ്ങളിൽ വിലസിയാലും അതെല്ലാം മരണംവരെമാത്രമേയുള്ളൂ. ഇയാെരുബോധം എനിക്കുള്ളതുകൊണ്ടാണ് ഞാൻ വെറും മണലിൽ കിടക്കുന്നതുകൊണ്ട് സംതൃപ്തനാകുന്നത്...
ആ പാവപ്പെട്ട വഴിപോക്കന്റെ വാക്കുകൾ രാജാവിന്റെ ഹൃദയത്തിൽ ഒന്നു കൂടി ചലനങ്ങൾ സൃഷ്ടിച്ചു. അല്ലാഹു മനുഷ്യന്റെ ബാഹ്യ സൗന്ദര്യത്തിലേക്കല്ല നോക്കുന്നത് അവന്റെ ഹൃദയത്തിലേക്കാണ്. നിഷ്കളങ്കമായ ഒരു ഹൃദയമുണ്ടെങ്കിൽ അതു തന്നെയാണ് വിജയത്തിന്നു നിദാനം . താനും വഴിപോക്കനും തമ്മിലുള്ള അന്തരവും അതുതന്നെ ...
വേണ്ടാ ... തനിക്കിനി ഭൗതിക സുഖങ്ങളൊന്നും വേണ്ട. ഇനി ഇവിടന്നങ്ങോട്ടുള്ള ജീവിതം പരലോകവിജയത്തിന്നു വേണ്ടി മാത്രമാണ്. ഇപ്രകാരം ചിന്തിച്ചുകൊണ്ട് രാജാവ് ആ വഴിപോക്കനെ നോക്കി ഇപ്രകാരം പറഞ്ഞു...
പ്രിയപ്പെട്ട സഹോദരാ അങ്ങേക്ക് എന്നൊടൊപ്പം ജീവിക്കാം. അങ്ങയുടെ ഏതാവശ്യവും ഞാൻ നിറവേറ്റിത്തരാം. പരിശുദ്ധ ഒരു ഹൃദയത്തിന്റെ ഉടമയായ അങ്ങയുടെ സാന്നിദ്ധ്യം കൊണ്ട് ഈ കൊട്ടാരം ധന്യമാകട്ടെ...
രാജാവിന്റെ ആവശ്യത്തിന് ആഗതൻ വഴങ്ങിയില്ല. ഭൗതികമായ സുഖദായക വസ്തുക്കളിലൊന്നും തന്നെ അദ്ദേഹത്തിന് തെല്ലുതാൽപര്യമുണ്ടായിരുന്നില്ല. അയാൾ കൊട്ടാരത്തിൽ നിന്ന് യാത്ര പറഞ്ഞിറങ്ങി പോകാൻ നേരത്ത് രാജാവ് നൽകിയ പാരിതോഷികങ്ങളും സ്വീകരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല...
പ്രപഞ്ചപരിത്യാഗിയായ ഒരു യോഗിവര്യന് കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണനാണയങ്ങളും മുത്ത് രത്നക്കല്ലുകളും എന്തിന് ...
കൊട്ടാരത്തിലെ അടിച്ചുതളിക്കാരിയും, മതപ്രഭാഷണത്തിനുവന്ന സൂഫിവര്യനും, സത്രത്തിൽ ഒരു രാവ് പൊറുക്കാൻ അനുമതി തേടിവന്ന വഴിപോക്കനും, മരത്തണലിൽ ശയ്യ തീർത്ത സാധുമനുഷ്യനും, എല്ലാതന്നെ രാജാവിന്റെ ഹൃദയത്തിൽ ചിന്താശകലങ്ങൾ ഉതിർത്തുകൊണ്ടാണ് കടന്ന് പോയത് ... ഓരോരുത്തരും രാജാവിന്ന് ഒരുപാട് ചിന്തിക്കാനുള്ള വക നൽകി. അവസാനമായാണ് കൊട്ടാരത്തിൽ ഒട്ടകത്തെയന്വേഷിച്ചു വന്ന വഴിപോക്കൻ ഹൃദത്തിൽ അഘാധമേൽപിക്കുന്ന സംഭാഷണശകലങ്ങളുണ്ടായത്...
അതുകേട്ടപ്പോൾ രാജാവിന്ന് മനസ്സിലായി. ഈ കൊട്ടാരത്തിലിരുന്നുകൊണ്ട് തന്റെ ഉദ്യമം ഫലിക്കുകയില്ല. പാരത്രികമോക്ഷം കൈവരിക്കാനൊക്കുകയില്ല...
രാജാവ് എന്തെക്കൊയോ തീരുമാനിച്ചുറച്ചു ..
ഒരു പ്രഖ്യാപനം ...
(തുടരും)

No comments:
Post a Comment