ഇപ്പോൾ ഇബ്റാഹീമിബ്നു അദ്ഹം പഴയ ആ ഗർവ്വിഷ്ടനായ രാജാവല്ല. അഹങ്കാരത്തിന്റെ പ്രതീകമായ സ്വേച്ഛാധിപതിയല്ല. രാജ്യഭാര ചുമതലയുണ്ടെന്നതൊഴിച്ചാൽ കേവലം അല്ലാഹുവിനെ ആരാധിച്ച് അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഇരുപത്തിനാല് മണിക്കൂറും ആ സ്മരണയിൽ മാത്രം ജീവിക്കുന്ന ഒരു മനുഷ്യൻ ...
എത്ര വേഗമാണീ വ്യതിയാനം സംഭവിച്ചതെന്നോ ...?
മുമ്പ് കൊട്ടാരത്തിനകത്തു നിന്ന് ശ്രുതിമധുരമായ സംഗീതങ്ങൾ എങ്ങും അലയടിക്കുമായിരുന്നു. സംഗീത നാദബ്രഹ്മം കൊണ്ട് രാജാവിന്റെ കാതും കരളും കുളിരണിയിപ്പിക്കുവാൻ വിദഗ്ധരായ സംഗീത വിദ്വാന്മാരെ രാജകൊട്ടാരത്തിൽ ധാരാളം വേതനം കൊടുത്ത് നിയമിച്ചിരുന്നു. എന്നാൽ ഇന്ന് കൊട്ടാരത്തിൽ നിന്ന് സംഗീതത്തിന്റെ മായികനാദം ഉയരുന്നില്ല. ആ സ്ഥാനത്ത് പരിശുദ്ധ ഖുർആന്റെ മന്ത്രമധുര നാഥമാണ് കേൾക്കാൻ കഴിയുന്നത്. ഗായകന്മാരുടെയെല്ലാം സേവനം രാജാവ് അവസാനിപ്പിച്ചിരിക്കയാണ്...
സംഗീത സാഗരത്തിൽ മുങ്ങിപ്പൊങ്ങി ദിനരാത്രങ്ങൾ കഴിച്ചിരുന്ന രാജാവിന്ന് ഇപ്പോൾ സംഗീതം കേൾക്കുന്നത് തന്നെ കർണ്ണകഠോരമായിത്തോന്നുകയാണ്. വാദ്യോപകരണങ്ങൾ കാണുന്നത് തന്നെ വെറുപ്പായിരിക്കുകയാണ്. വിശുദ്ധ വേദ ഗ്രന്ഥത്തിലെ അനശ്വരവും അമാനുഷികവുമായ വാക് ശകലങ്ങൾ മാത്രം അദ്ദേഹത്തിന്റെ കാതിൽ കുളിർമഴ പെയ്യിക്കുന്നു ...
കൊട്ടാരത്തിൽ എത്രയെത്ര നർത്തകികൾ ആയിരുന്നു. രാജാവിന്റെ കണ്ണിന് ഇമ്പമേകാൻ അവർ അതിവിദഗ്ധമായി ചുവടുകൾ വെച്ചുകൊണ്ട് നർത്തനമാടി. ശരീരത്തിന്റെ മാംസളമായ ഭാഗങ്ങൾ ചലിപ്പിച്ചുകൊണ്ട്, കാണുന്നവന്റെ വികാരങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് യുവകന്യകമാർ മതിമറന്നാടി. പക്ഷെ, ഇപ്പോൾ നമ്മുടെ രാജാവിന്ന് അതൊന്നും കണ്ടുകൂടാ ... അദ്ദേഹത്തിന് അവയെല്ലാം അലർജിയായി മാറിയിരിക്കുകയാണ്. നൃത്തങ്ങൾക്ക് പകരം ഇബാദത്തിനെയാണിന്ന് രാജാവ് ഇഷ്ടപ്പെടുന്നത് ... നിരന്തരമായ സുജൂദും റൂകൂഉം അതിലാണിന്ന് രാജാവ് സായൂജ്യമടയുന്നത്...
അങ്ങിനെ കൊട്ടാരത്തിലെ നർത്തകികളെയെല്ലാം രാജാവ് പറഞ്ഞുവിട്ടു. ഒട്ടധികം ദാസിമാരുടെ സേവനം നിർത്തിവെച്ചു. കണ്ടവർക്കും കേട്ടവർക്കുമെല്ലാം അത്ഭുതം ... അവർ മൂക്കത്ത് വിരൽ വെച്ചു ... നമ്മുടെ തിരുമേനിക്കെന്തുപറ്റി ...? അവർ പരസ്പരം ചോദിച്ചു. പക്ഷെ അവരുടെ സന്ദേഹങ്ങളെ ഊതിവീർപ്പിച്ചുകൊണ്ട് രാജാവ് പിന്നെയും തന്നിലേക്ക് തന്നെ ചുരുങ്ങിക്കൊണ്ടിരുന്നു ...
രാജാവിന്ന് ഇബാദത്തുകൾ ചെയ്തിട്ടും ചെയ്തിട്ടും മതിയാവുന്നില്ല. പ്രപഞ്ചനാഥനെ കുറിച്ചുള്ള സ്മരണ അദ്ദേഹത്തിന്റെ കരളിൽ പടർന്നു പന്തലിച്ചുകൊണ്ടിരുന്നു. ഭൗതിക സുഖഭോഗങ്ങളിൽ അദ്ദേഹത്തിന് ഒട്ടുംതന്നെ താൽപര്യമില്ലാതായി. കൊട്ടാരത്തിനകത്ത് നിന്ന് പരിശുദ്ധ ഖുർആന്റെ മധുരിതമന്ത്രമല്ലാതെ മറ്റൊന്നും മുഴങ്ങിക്കേൾക്കരുതെന്ന് രാജാവ് പ്രത്യേകം നിഷ്കർഷിച്ചു ...
യൗവ്വനത്തിന്റെ ചോരത്തിളപ്പ് സിരകളെ വിഭ്രജിപ്പിച്ചപ്പോൾ അഹങ്കാര പ്രവണതയിൽ മുഴുകി, കണ്ണിൽകണ്ട സാമ്രാജ്യങ്ങളെല്ലാം വെട്ടിപ്പിടിച്ച് രക്തച്ചൊരിച്ചിൽ നടത്തി, അതിൽ സായൂജ്യമടഞ്ഞ ഒരു സ്വേച്ഛാധിപതിക്ക് ഇത്ര പെട്ടെന്നുണ്ടായ ഈ വ്യതിയാനം ഒരു യുഗപ്രഭാവന്റെ ആവിർഭാവത്തിന്റെ തുടക്കമായിരുന്നു .
സ്വന്തം രാജ്യം വികസിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ജീവിച്ച ചക്രവര്‍ത്തിക്ക് ഇപ്പോള്‍ താന്‍ നേടിയെടുത്ത സാമ്രാജ്യങ്ങളുടെ കാര്യത്തില്‍ ഒരു ചിന്തയുമില്ല. ഭരണകാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. അല്ലാഹു എന്ന ഒറ്റ വിചാരവുമായി കഴിഞ്ഞുകൂടുകയാണ് അദ്ദേഹം. രാവും പകലും ഇബാദത്തുകളില്‍ മുഴുകി നാളുകള്‍ തള്ളി നീക്കുകയാണ് രാജാവ് ...
(തുടരും)

No comments:
Post a Comment