യൗവ്വനം സിരകളിൽ കത്തിനിന്ന കാലത്താണ് ഇബ്‌റാഹിം ബൽഖയിലെ രാജാവായി സ്ഥാനമേറ്റത് ...
കേവലം 27 വയസ്സ് മാത്രമുള്ളപ്പോൾ യഥാർത്ഥത്തിൽ രാജാവാകാനുള്ള അവകാശം ഇബ്റാഹീമിബ്നുണ്ടായിരുന്നില്ല... ബൽഖയിലെ ചക്രവർത്തിക്ക് ആണ്മക്കൾ ഇല്ലാത്തതുകൊണ്ട് തന്റെ മകളുടെ മകനും മന്ത്രികുമാരനുമായ ഇബ്റാഹീമിബ്ന്ന് ഭരണഭാരം ഏല്പിച്ചുകൊടുത്തു കൊണ്ടാണ് അദ്ദേഹം കാലയവനികക്കുള്ളിൽ മറഞ്ഞത് ...
തികച്ചും ഏകഛത്രാധിപനായ ഒരു രാജാവിനെ പോലെതന്നെ ഇബ്‌റാഹിം തന്റെ നീക്കങ്ങൾ ആരംഭിച്ചു ...
കിരാതവും, രക്തപങ്കിലവുമായ നിരവധി പടയോട്ടങ്ങൾ നടത്തി...
അയൽ രാജ്യങ്ങൾ എല്ലാം വെട്ടിപ്പിടിച്ച്, തന്റെ നേട്ടങ്ങൾ സാമ്രാജ്യത്തിന്റെ വികാസം കൂട്ടുന്നതിൽ രാജാവ് ശ്രദ്ധ കേന്ദ്രീകരിച്ചു ...
അധിക കാലം വേണ്ടിവന്നില്ല. ചക്രവർത്തിയുടെ പേരും ശൗര്യവും നാടായ നാടെല്ലാം അറിയപ്പെട്ടുതുടങ്ങി. മാത്രമല്ല, സകല രാജാക്കന്മാർക്കും അദ്ദേഹം ഒരു പേടിസ്വപ്നമായി മാറി. ഘോരസമരങ്ങൾ നടത്തി സാമ്രാജ്യം വീതി കൂട്ടുന്നതിൽ മാത്രം രാജാവ് ശ്രദ്ധ കേന്ദ്രീകരിച്ചു ...
ഒരുപാട് രാജ്യങ്ങൾ തന്റെ അധീനതയിൽ വന്നപ്പോൾ രാജാവ് അഹംഭാവത്തിന്റെ കൊടുമുടിയിലെത്തി...
തന്നിലും വലിയവർ മറ്റാരുമില്ലെന്ന ഒരു അഹങ്കാരം രാജാവിനെ പിടികൂടി ...
എല്ലാം സൃഷ്ടിച്ച് സംരക്ഷിച്ചുപോരുന്ന എല്ലാറ്റിലും വലിയ ഒരുവൻ ഉണ്ടെന്ന വിചാരംതന്നെ ഇബ്റാഹീമിന്നില്ലാതായി ...
ഐഹിക ജീവിതം സുഖലോലുപതയുടെ പര്യായമാക്കി ആ ചക്രവർത്തി ജീവിച്ചു ...
ഇവിടെ എന്തും എന്റെ കാൽക്കീഴിലാണ്. തന്റെ ആജ്ഞാനുവർത്തികളാണ് സകലരും. വലിയ വലിയ കൊല കൊമ്പന്മാരായ രാജാക്കന്മാർപോലും തന്നെ ഭയപ്പെടുന്നു. തന്നെ പേടിച്ച് യുദ്ധത്തിന് വരാതെ പലരും കീഴടങ്ങുന്നു ... കപ്പം തരുന്നു, നിരവധി മാണി മാളികകൾ, കൊട്ടാരങ്ങൾ, സ്വർണ്ണ നാണയങ്ങൾ, രത്നങ്ങൾ, സുന്ദരികൾ ങ്ങനെയെല്ലാമെല്ലാം ...
അങ്ങനെ അഹന്തയിൽ മുഴുകിയ രാജാവിന്ന് ഈ സുഖസൗകര്യങ്ങൾ എല്ലാം കേവലം നശ്വരമാണെന്നുള്ള ചിന്ത അല്പം പോലുമുണ്ടായില്ല. അങ്ങനെ, മദോന്മത്തനായി വർഷങ്ങൾ എത്രയാണ് നീക്കിയതെന്നറിയില്ല ...
ചുറ്റുവട്ടത്തുള്ള രാജ്യങ്ങൾ എല്ലാം പിടിച്ചടക്കി.
തന്റെ മേൽക്കോയ്മ അംഗീകരിക്കാത്തവരെ അടിച്ചമർത്തി. സ്വന്തം സുഖലോലുപതയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഇബ്റാഹീമിബ്നു അദ്ഹം ജീവിച്ചു...
എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് ശിഥിലമായിരിക്കുകയാണ്. ഈ സുഖലോലുപതയിൽ വൈരസ്യം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൂർവ്വകാല ചിന്തകൾ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്...
രാജാവിന്റെ ഈ മാനസാന്തരത്തിന് കാരണമെന്തായിരിക്കും ...???
ഈ ഭൂമുഖത്ത് കാണുന്ന സുഖാഢംബരങ്ങളെല്ലാം നശ്വരമാണ്. ഈ കാണുന്ന ആർഭാടവും അധികാരവും കേവലം നൗമിഷികങ്ങളാണ്. സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ പ്രീതി സമ്പാദിച്ച് ശാശ്വത സ്വർഗ്ഗം കൈവരിക്കാൻ സാധിക്കുന്നവനത്രെ അന്ത്യവിജയി...
ഈ ഒരു പരമാർത്ഥം ഇബ്റാഹീമിബ്നു അദ്ഹമിന്റെ ഹൃദയത്തിൽ അലയടിക്കാൻ തുടങ്ങി. രാജകൊട്ടാരത്തിലാണെങ്കിലും അല്ലാഹുവിന്റെ സ്മരണയിൽ മാത്രമാണ് അദ്ദേഹം ഇപ്പോൾ ജീവിക്കുന്നത്...
(തുടരും)

 
No comments:
Post a Comment