മുസ്ഹഫിന്റെ ചരിത്രം - 2

ഉസ്മാന്‍(റ) കാലത്തെ ക്രോഢീകരണം
അബൂബക്ര്‍ (റ)ന്റെ കാലത്തെ ക്രോഢീകരണ പശ്ചാതലത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു ഉസ്മാന്‍(റ) ന്റെ ക്രോഢീകരണ കാരണം. ഇസ്‌ലാം ഒരു വലിയ സാമ്രാജ്യമായി ഉസ്മാന്‍(റ) ന്റെ കാലം വികസിച്ചിരുന്നു. വിവിധ രാജ്യങ്ങളിലായി മുസ്‌ലിം സമൂഹം പരന്ന് കിടന്നു. അവിടങ്ങളിലെല്ലാം വിവിധ സ്വഹാബികളുടെ പാരായണ ശൈലികള്‍ പ്രചരിച്ചു. സിറിയന്‍ നാടുകളില്‍ ഉബയ്യുബ്‌നു കഅ്ബ്(റ) ന്റെ പാരായണ ശൈലിയാണ് പ്രചാരപ്പെട്ടത്. കൂഫയില്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ന്റെയും മറ്റു പലനാടുകളിലും അബൂമൂസല്‍ അശ്അരി(റ) ന്റെയും പാരായണ ശൈലിയാണ് മേല്‍കൈ നേടിയത്.
അര്‍മീനിയ, അസര്‍ബൈജാന്‍ എന്നീ രാജ്യക്കാരോടുള്ള ഒരു യുദ്ധവേളയില്‍ സിറിയക്കാരും ഇറാഖുകാരും സന്ധിക്കാനിടയായി. പാരായണ ശൈലിയിലെ വിത്യാസങ്ങള്‍ അവര്‍ക്കിടയില്‍ ആശയയുദ്ധത്തിന് കാരണമായി. ഓരോരുത്തരും തങ്ങളുടേതാണ് ശരിയെന്ന് വാദിച്ചു. അപരര്‍ ഖുര്‍ആനില്‍ പിഴവ് സംഭിവിച്ചവരാണെന്ന് ഓരോരുത്തരും പക്ഷംപിടിച്ചു. ഇത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ബോധ്യപ്പെട്ട ഹുദൈഫതുല്‍യമാന്‍(റ) കാര്യം ഖലീഫയുടെ ശ്രദ്ധയില്‍ പെടുത്തി. ജൂതക്രൈസ്തവ വിഭാഗങ്ങള്‍ വേദഗ്രന്ഥത്തില്‍ ഭിന്നിച്ചത്‌പോലെ നമ്മുടെ സമൂഹം ഭിന്നിക്കാതിരിക്കാന്‍ താങ്കള്‍ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ഉസ്മാന്‍(റ) നോട് ആവശ്യപ്പെട്ടു. തതടിസ്ഥാനത്തില്‍ ഹഫ്‌സാ(റ) യുടെ പക്കലേക്ക് ഖലീഫ ദൂതനെ അയച്ചു. അവരുടെ പക്കലുള്ള മുസ്ഹഫ് ആവശ്യപ്പെട്ടുകൊണ്ടാണ് ദൂതനെ അയച്ചത്. ദൂതന്‍ മുസ്ഹഫുമായി ഖലീഫയുടെ അടുത്തെത്തി. സൈദ്(റ) ന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ പ്രസ്തുത മുസ്ഹഫ് പകര്‍ത്താന്‍ ഏല്‍പിച്ചു. അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ), സഈദുബ്‌നുല്‍ ആസ്വ്(റ) അബ്ദുര്‍റഹ്മാനുബ്‌നു ഹാരിസ്(റ) എന്നിവരായിരുന്നു സംഘങ്ങള്‍. അബ്ദുല്ലാഹിബ്‌നു അംറ്ബ്‌നുല്‍ ആസ്വ്(റ) അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) നെയും പന്ത്രണ്ട് സ്വഹാബികളെ അവര്‍ക്ക് സഹായത്തിനായി നിശ്ചയിച്ചിരുന്നു. സഈദുബ്‌നുല്‍ ആസ്വ്(റ) വായിച്ചു കൊടുത്തത് പ്രകാരം സൈദ്(റ) പകര്‍ത്തി എഴുതി. പകര്‍പ്പുകള്‍ ഉസ്മാന്‍(റ) പരിശോധിച്ച് ഉറപ്പുവരുത്തി. ഒന്നിലധികം ശൈലികളില്‍ ഓതാവുന്ന പല വാക്കുകളും ഖുര്‍ആനിലുണ്ട്. ഒരേ എഴുത്തില്‍ തന്നെ അവ ഉള്‍കൊള്ളണമെന്നതിനാല്‍ അകാര-ഉകാരാദികളും ശദ്ദ്,മദ്ദ്, ഹംസ എന്നിവകളും ഇല്ലാതെയാണ് മുസ്ഹഫുല്‍ ഇമാം തയ്യാറാക്കപ്പെട്ടത്. തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയിലാണ് ഹഫ്‌സ(റ)യില്‍ നിന്ന് മുസ്ഹഫ് വാങ്ങിയതെന്നതിനാല്‍ അത് അവരെ തിരിച്ചേല്‍പിച്ചു. മറ്റുള്ളവയെല്ലാം കരിച്ചു കളയുകയും ചെയ്തു. മര്‍വാന്റെ കാലത്താണ് അബൂബക്ര്‍(റ) കാലത്ത് തയ്യാറാക്കപ്പെട്ട മുസ്ഹഫ് നശിപ്പിക്കപ്പെട്ടത്. റസ്മ് ഉസ്മാനി മാത്രമേ ശേഷിക്കാവൂ എന്ന സദുദ്ദേശ്യപരമായിരുന്നു അതിനുപിന്നില്‍.
സൈദ്(റ) പകര്‍ത്തിയ മുസ്ഹഫുകള്‍ മക്ക, സിറിയ, കൂഫാ, ബസറ, ബഹറൈന്‍, യമന്‍ എന്നീ പ്രദേശങ്ങളിലേക്ക് കൊടുത്തയച്ചു. ഒന്ന് ഖലീഫ സൂക്ഷിക്കുകയും ചെയ്തു. ഓരോ ദേശങ്ങളിലേക്കും മുസ്ഹഫുകള്‍ കൊടുത്തയച്ചപോലെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഓരോ സ്വഹാബികളെയും നിയോഗിച്ചിരുന്നു. മദീനയില്‍ സൈദുബ്‌നു സാബിത് (റ)നെയും മക്കയിലേക്ക് അബ്ദുല്ലാഹിബ്‌നുസ്സാഇബ്(റ)നെയുമാണ് നിയോഗിച്ചത്. മുഗീറ(റ) അബൂഅബ്ദിറഹ്മാനുസ്സുലമി(റ), ആമിറുബ്‌നു അബ്ദില്‍ ഖൈസ്(റ) എന്നിവരെ യഥാക്രമം മക്ക, കൂഫ,ബസ്വറ എന്നിവടങ്ങളിലെ മുസ്ഹഫുകള്‍ക്കൊപ്പം നിയോഗിക്കപ്പെട്ടവരാണ്. ബഹറൈന്‍, യമന്‍ എന്നിവടങ്ങളിലേക്ക് ആരെയാണ് പറഞ്ഞയച്ചതെന്ന് ചരിത്രത്തില്‍ വ്യക്തമല്ല.
അബൂബക്ര്‍(റ) വാണ് ആദ്യം ഖുര്‍ആന്‍ ക്രോഢീകരിച്ചതെങ്കിലും ജാമിഉല്‍ഖുര്‍ആന്‍ എന്ന പേരില്‍ അറിയപ്പെടുന്നത് ഉസ്മാന്‍(റ) ആണ്. കാരണം അബൂബക്ര്‍(റ) ഖുര്‍ആന്‍ ക്രോഢീകരിച്ചത് ജനങ്ങള്‍ക്ക് ഓതാന്‍ വേണ്ടിയായിരുന്നില്ല. ഖുര്‍ആനില്‍നിന്ന് ഒരക്ഷരംപോലും നഷ്ടപ്പെടാതിരിക്കാനും പ്രശ്‌നഘട്ടങ്ങളില്‍ അവലംബിക്കാനുമായിരുന്നു. ക്രോഢീകരണത്തിന്റെ കാരണം ഹാഫിളുകളുടെ മരണമായിരുന്നു.
പാരായണ ശൈലിയില്‍ ജനങ്ങളുടെ ഭിന്നത രൂക്ഷമായപ്പോള്‍ ഒരു ക്രോഢീകരണം വഴി അവര്‍ക്കിടയിലെ അനൈക്യം തീര്‍ക്കുകയായിരുന്നു ഉസ്മാന്‍ (റ). അതുകൊണ്ടാണ് അദ്ദേഹത്തെ ജാമിഉല്‍ ഖുര്‍ആന്‍ എന്ന് വിളിച്ചത്.

തുടരും...



ടി.ഹസന്‍ ഫൈസി കരുവാരകുണ്ട്




No comments:

Post a Comment