ടി.ഹസന്‍ ഫൈസി കരുവാരകുണ്ട്
രണ്ടു ചട്ടകള്‍ക്കിടയില്‍ തുന്നിക്കെട്ടിയ ഒരു ഗ്രന്ഥം സമര്‍പ്പിച്ചുകൊണ്ടല്ല നബി(സ)വിടവാങ്ങിയത്. ഖുര്‍ആന്‍ അത്തരം ഒരു ഗ്രന്ഥവുമല്ല. കാലാതീതനായ അല്ലാഹുവിന്റെ കാലാതീതമായ വചനങ്ങളാണത്. കടലാസുകളില്‍ അടയാളപ്പെടുത്തിയ നിര്‍ജീവമായ അക്ഷരങ്ങളുടെയും പദങ്ങളുടെയും സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും സമാഹാരമല്ല അത്. മനുഷ്യമനസ്സുകളില്‍ മുദ്രിതമായ ജീവസുറ്റ ആശയങ്ങളുടെ പ്രപഞ്ചമാണത്. വിശുദ്ധ ഫലകത്തില്‍ നിന്ന് മനുഷ്യ ഹൃദയത്തിലേക്കാണ് അത് പ്രവഹിച്ചിരിക്കുന്നത്. വിശ്വസ്താത്മാവാണ് അതുമായ ഭൂമിയില്‍ അവതരിച്ചത്. പ്രപഞ്ചത്തിലെ മറ്റു ശക്തികള്‍ക്കൊന്നും ഖുര്‍ആന്‍ എന്ന ആശയത്തെ വഹിക്കാനോ ഉള്‍ക്കൊള്ളാനോ സാധ്യമല്ല. ഖുര്‍ആന്‍ ഒരു പര്‍വ്വതത്തിലാണ് അവതീര്‍ണ്ണമായിരുന്നതെങ്കില്‍ ദൈവഭയത്താല്‍ ആപര്‍വ്വതം ധൂമപടലങ്ങളാകുമായിരുന്നുവെന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രവാഹശക്തിപോലെ അതിന്റെ പ്രപഞ്ചവും അപ്രാപ്യമാണ്. സപ്തസാഗരങ്ങള്‍ മഷിയായി മരങ്ങളൊക്കെയും പേനയായി രൂപാന്തരപ്പെട്ടു എന്ന് സങ്കല്‍പിക്കുക. എന്നിട്ട് അവകള്‍ ഉപയോഗപ്പെടുത്തി ഖുര്‍ആന്‍ വ്യാഖ്യാനിക്കാനിരുന്നാല്‍ മഷി തീരുമെന്നല്ലാതെ അല്ലാഹുവിന്റെ വചനങ്ങള്‍ വ്യാഖ്യാനിച്ചുത്തീര്‍ക്കാനാകില്ല എന്നും ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഖുര്‍ആന്‍ നമ്മുടെ സങ്കല്‍പത്തിലുള്ള ഒരു ഗ്രന്ഥമല്ലെങ്കില്‍ പിന്നെ മുസ്വ്ഹഫ് എന്താണ്? മുസ്വ്ഹഫിന്റെ ചരിത്രം വിവരിക്കും മുമ്പ് ഇങ്ങനെ ഒരാമുഖത്തോടെ തുടങ്ങിയത് കേവലം ഒരു പുസ്തകമല്ല; അനാദിയും അനശ്വരനുമായ അല്ലാഹുവിന്റെ കലാമിന്റെ സംരക്ഷണ വലയമാണതെന്ന് ഉണര്‍ത്താന്‍ വേണ്ടിയാണ്. ഖുര്‍ആനിന്റെ അവതരിപ്പിക്കല്‍ മാത്രമല്ല അതിനെ സ്‌കലിതമുക്തമായി സംരക്ഷിക്കലും അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്. ”നിശ്ചയം, നാമാണ് ഖുര്‍ആനിനെ അവതരിപ്പിച്ചത്, നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും”(15:9) ഖുര്‍ആന്‍ കാലഹരണപ്പെടുകയോ കൈകടത്തലുകള്‍ക്ക് വിധേയമാവുകയോ ചെയ്യാന്‍ പാടില്ല. പ്രവാചക കാലത്ത് അത്തരം സന്ദേഹവും ദുര്‍വിചാരങ്ങളും അസാധ്യമായിരുന്നു. അതുകൊണ്ട് ഒരു ഗ്രന്ഥമായി ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടില്ല. സ്വഹാബികളുടെ ഹൃദയങ്ങളിലായിരുന്നു അതിന്റെ ക്രമീകരണവും ക്രോഢീകരണവുമെല്ലാം നടന്നത്. ഖുര്‍ആന്‍ മനഃപാഠമുള്ള അസഖ്യം സ്വഹാബികള്‍ അന്നുണ്ടായിരുന്നു. പ്രവാചക വിയോഗശേഷം ചിത്രംമാറി. ഖുര്‍ആന്‍ മനഃപാഠമുള്ള പലരും മരണപ്പെട്ടുപോയി. ഹാഫിളുകള്‍ ആപേക്ഷികമായി കുറയാന്‍ തുടങ്ങി. ഹാഫിളുകളുടെ മരണം ഖുര്‍ആന്റെ മരണമാകാന്‍ പാടില്ല. അങ്ങനെയാണ് ഖുര്‍ആന്‍ ഗ്രന്ഥമായി ക്രോഢീകരിക്കുക എന്ന ആശയം സ്വഹാബികള്‍ക്കുണ്ടാകുന്നത്. ഈ ആശയം മാനുഷികമല്ല; ദൈവികമാണ്. കാരണം അല്ലാഹു പറഞ്ഞു: ”നിശ്ചയം; അതിനെ ക്രോഢീകരിക്കലും ഓതിത്തരലും നമ്മുടെ ബാധ്യതയാണ്”.
ഖുര്‍ആന്‍ ക്രോഢീകരണം
രണ്ടു ഘട്ടങ്ങളില്‍ ഖുര്‍ആന്റെ ക്രോഢീകരണം നടന്നിട്ടുണ്ട്. ഒന്നാം ഘട്ടം നുബുവ്വത്തിന്റെ കാലത്തും രണ്ടാം ഘട്ടം ഖുലഫാഉറാശിദുകളുടെ കാലത്തും. രണ്ട് ഘട്ട ക്രോഢീകരണങ്ങള്‍ക്കും അതിന്റെതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ഗ്രന്ഥരൂപത്തിലുള്ള ക്രോഢീകരണം ഒന്നാം ഘട്ടത്തില്‍ നടന്നിട്ടില്ല. എങ്കിലും ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ ക്രമരാഹിത്യം കൂടാതെ ഹൃദയങ്ങളില്‍ സംരക്ഷിക്കപ്പെട്ടു. ‘ജംഅ്’ എന്ന പദം ഈ ആശയത്തെയും ഉള്‍കൊള്ളുന്നുണ്ട്. മനഃപാഠമാക്കിയത് പോലെ ആദ്യാവസാനം പലസ്ഥലങ്ങളിലായി രേഖപ്പെടുത്തിവെക്കുകയും ചെയ്തിരുന്നു. രേഖപ്പെടുത്തിയതെല്ലാം ഒരു ഗ്രന്ഥത്തില്‍ സമാഹരിക്കാനുള്ള സാവകാശം നബി(സ)ക്ക് കിട്ടിയിരുന്നില്ല. വഫാത്തിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അവസാനസൂക്തം അവതരിച്ചത്.
എണ്ണമറ്റ ഹാഫിളുകളായ സ്വഹാബികളുടെ സാന്നിധ്യം അത്തരം ചിന്തകളെ അപ്രസക്തമാക്കിയിരുന്നു. നബി (സ)യില്‍ നിന്ന് ഖുര്‍ആന്‍ കേള്‍ക്കുന്ന മാത്രയില്‍ അവരത് ഹൃദിസ്ഥമാക്കി. വീടുകളില്‍ ചെന്ന് ഭാര്യമാര്‍ക്കും മക്കള്‍ക്കുമെല്ലാം അവരത് പരിശീലിപ്പിച്ചു. തേനീച്ചകളുടെ രാഗം പോലെ രാത്രികാലങ്ങളില്‍ സ്വഹാബികളുടെ വീടുകളില്‍ നിന്ന് ഖുര്‍ആന്‍ പാരായണം പതിവായിരുന്നു. വിവിധ നാടുകളിലേക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ പലസ്വഹാബികളേയും നബി(സ) നിയോഗിച്ചിരുന്നു. ഹിജ്‌റക്ക് മുമ്പ് മുസ്അബുബ്‌നു ഉമൈര്‍ (റ), അബ്ദുല്ലാഹിബ്‌നു ഉമ്മു മക്തൂം(റ) എന്നിവരെ മദീനയിലേക്ക് അയച്ചത് അവര്‍ക്ക് ദീനും ഖുര്‍ആനും പഠിപ്പിക്കാനായിരുന്നു. ഹിജ്‌റക്കു ശേഷം മുആദുബ്‌നു ജബല്‍ (റ) നെ മക്കയിലേക്ക് പറഞ്ഞ് വിട്ടതും മറ്റൊരു ലക്ഷ്യത്തിലായിരുന്നില്ല.
ഖുര്‍ആന്‍ അറിയാത്തവര്‍ക്ക് പഠിപ്പിക്കാനായി ഒരാള്‍ക്ക് ഒരധ്യാപകന്‍ എന്ന വിധം നബി (സ) സ്വഹാബികളെ ചുമതലപ്പെടുത്തിയിരുന്നു. മസ്ജിദുന്നബവി സ്വഹാബത്തിന്റെ ഖുര്‍ആന്‍ പാരായണ ശബ്ദ മുഖരിതമായപ്പോള്‍ നബി (സ) ശബ്ദം താഴ്ത്തിയോതാന്‍ അവരോട് കല്‍പിച്ചു. കൂട്ടഓത്ത് അപശബ്ദമായി ശ്രോതാക്കള്‍ക്ക് അനുഭവപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു അപ്രകാരം കല്‍പിച്ചത്. ഖുര്‍ആനിന്റെ ഈ ജനകീയത അതൊരു ഗ്രന്ഥത്തില്‍ സമാഹരിക്കുക എന്ന ആലോചനകള്‍ക്കതീതമായിരുന്നു.
ഖുര്‍ആനിനെ ഹൃദയങ്ങളില്‍ സംരക്ഷിച്ച് നിര്‍ത്തുക എന്നത് മുഹമ്മദ് നബി(സ്വ) യുടെ ഉമ്മത്തിന്റെ ഏറ്റവും വലിയ സവിശേഷതയുമാണ്. മുന്‍ വേദക്കാര്‍ക്ക് ഈ ഗുണമുണ്ടായിരുന്നില്ല. അവര്‍ ഗ്രന്ഥങ്ങളെ ആശ്രയിച്ചും അവലംബിച്ചുമാണ് ജീവിച്ചത്. ജീവിക്കുന്ന തൗറാത്തുകളും ഇഞ്ചീലുകളുമില്ലാതിരുന്നപ്പോള്‍ നിര്‍ജീവമായ ഏടുകളില്‍ അവര്‍ കൈവെച്ചു. സൗകര്യം പോലെ അവര്‍ തിരുത്തിയെഴുതി. ഹലാലുകളെ ഹറാമുകളും ഹറാമുകളെ ഹലാലുകളുമാക്കി. അവരെ തടയാന്‍ ആര്‍ക്കുമായില്ല. ഖുര്‍ആനിലെ ഒരക്ഷരംപോലും തിരുത്താന്‍ കഴിയാത്തത് മനുഷ്യഹൃദയങ്ങളില്‍ അതെക്കാലത്തും സൂക്ഷിക്കപ്പെട്ടത് കൊണ്ടാണ്.
അബൂബക്ര്‍ (റ)ന്റെ കാലത്തെ ക്രോഢീകരണം
അബൂബക്ര്‍(റ) ഖലീഫയായി ബൈഅത്ത് ചെയ്യപ്പെട്ടത് പ്രതിസന്ധികളുടെ മധ്യത്തിലായിരുന്നു. നിരവധി പ്രശ്‌നങ്ങളിലൊന്നായിരുന്നു കള്ള പ്രവാചകന്മാരുടെ അരങ്ങേറ്റം. നിരവധിപേര്‍ പ്രവാചകത്വവാദവുമായി രംഗത്ത് വന്നു. അവരില്‍ ശക്തനായിരുന്നു മുസൈലിമത്തുല്‍ കദ്ദാബ്. നബി(സ്വ) യുടെ കാലത്തുതന്നെ മുസൈലിമ നുബുവ്വത്ത് വാദവുമായി രംഗത്തുണ്ടായിരുെന്നങ്കിലും ശക്തിപ്പെട്ടത് അവിടുത്തെ വഫാത്തിനുശേഷമായിരുന്നു. ഖുര്‍ആനിനുപകരം പലവ്യാജ ജല്‍പനങ്ങളും അയാള്‍ കെട്ടിയുണ്ടാക്കിയിരുന്നു.
നബി(സ്വ) യുടെ വഫാത്തിനു ശേഷം ബനൂഹനീഫുകാര്‍ മതഭൃഷ്ടരായി. മുസൈലിമ പ്രസ്തുത ഗോത്രക്കാരനായിരുന്നു. നബി(സ്വ); പ്രവാചകത്വത്തില്‍ നിന്ന് തനിക്ക് ഒരു പങ്ക് ഭാഗിച്ചുതന്നതായി അയാള്‍ വാദിച്ചു. നിര്‍ബന്ധപൂര്‍വ്വം തന്റെ കുടുംബത്തെ അയാളത് വിശ്വസിപ്പിച്ചു. അതുകാരണം ഹനീഫ ഗോത്രം അയാളുടെ വാദങ്ങള്‍ ശക്തിപ്പെടുത്തുന്ന സാക്ഷികളായി. ഈസന്ദര്‍ഭത്തില്‍ അവരുമായി ഏറ്റുമുട്ടാന്‍ ഇക്‌രിമ(റ) ന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അബൂബക്ര്‍(റ) നിയോഗിച്ചു. പ്രസ്തുത സൈന്യത്തില്‍ ഖാലിദുബ്‌നുല്‍ വലീദ്(റ) ന്റെ നേതൃത്വത്തിലുള്ള സൈന്യവും കൂടി ചേര്‍ന്നു ഇവരെ നേരിടാന്‍ നാല്‍പതിനായിരം പേര്‍ ഉള്‍കൊള്ളുന്ന ഒരു സൈന്യത്തെ മുസൈലിമ അഖ്‌രിബാഇല്‍ വിന്യസിച്ചു. ആദര്‍ശത്തിനപ്പുറം പക്ഷപാതിത്വം തലക്കുപിടിച്ചവരായിരുന്നു മുസൈലിമയുടെ അധിക സൈനികരും. മുസൈലിമ വ്യാജനാണെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. ‘മുളര്‍ഗോത്രത്തിലെ സത്യസന്ധനെക്കാള്‍ ഞങ്ങള്‍ക്ക് പ്രിയം റബീഅ ഗോത്രത്തിലെ വ്യാജനോടാണെന്നവര്‍ പറഞ്ഞിരുന്നു.
മുസ്‌ലിം സൈന്യത്തിന്റെയും മുസൈലിമയുടെയും ഇടയില്‍ ശക്തമായ പോരാട്ടം നടന്നു. റൗളാശരീഫില്‍ അന്ത്യവിശ്രമം കൊള്ളുന്ന നബി(സ്വ) യോട് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു സ്വഹാബിമാര്‍ യുദ്ധത്തില്‍ വിജയശ്രീലാളിതരായത്. ‘യാമുഹമ്മദാഹ്’ എന്ന വിളിയായിരുന്നു യമാമ യുദ്ധത്തിന്റെ അടയാളമെന്ന് പ്രബല ചരിത്രഗന്ഥങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അന്തിമ വിജയം മുസ്‌ലികള്‍ക്കായിരുന്നെങ്കിലും നിരവധി പ്രമുഖര്‍ യമാമയില്‍ രക്തസാക്ഷികളായി. ഖുര്‍ആന്‍ മനഃപാഠമുള്ള എഴുപത് പേര് അക്കൂട്ടത്തിലുണ്ടായിരുന്നു. നബി(സ്വ) യുടെ കാല ഘട്ടത്തില്‍ നടന്ന ബിഅ്‌റ് ഉഊനാ സംഭവത്തിലും സമാന അനുഭവം മുസ്‌ലിംകള്‍ക്കുണ്ടായിട്ടുണ്ട്. അന്നും എഴുപത് ഹാഫിളുകള്‍ കൊല്ലപ്പെട്ടിരുന്നു.
യമാമയിലെ ഹാഫിളുകളുടെ രക്തസാക്ഷിത്വം ഉമര്‍(റ) നെ ആശങ്കപ്പെടുത്തി. തന്റെ ആശങ്ക അദ്ദേഹം അബൂബക്ര്‍(റ) നെ അറിയിച്ചു. യമാമയിലെ ഹാഫിളുകളുടെ രക്തസാക്ഷിത്വം ഉമ്മത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍ മരണപ്പെടുന്നത് വിശുദ്ധഗ്രന്ഥം നമുക്ക് നഷ്ടപ്പെടാനുള്ള ഹേതുവാകും. അതുകൊണ്ട് ഖുര്‍ആന്‍ ഒരു ഗ്രന്ഥമായി ക്രോഢീകരിക്കണം. ആദ്യം ഉമര്‍ (റ) അഭിപ്രായത്തെ അബൂബക്ര്‍(റ) നിരസിച്ചു. നബി(സ്വ) ചെയ്യാത്തകാര്യം നാമെങ്ങനെ ചെയ്യും? എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നെ കാര്യം അദ്ദേഹത്തിനും ബോധ്യപ്പെട്ടു. അങ്ങനെ ഖുര്‍ആന്‍ ക്രോഢീകരണ ചര്‍ച്ച സജീവമായി. നബി(സ്വ) യുടെ വഹ്‌യ് എഴുത്തുകാരനായിരുന്ന സൈദുബ്‌നു സാബിത്(റ) നെ വിളിച്ചുവരുത്തി. അദ്ദേഹത്തിന്റെ മുമ്പില്‍ കാര്യം അവതരിപ്പിച്ചു. അബൂബക്ര്‍(റ) നെപോലെ ആദ്യം സൈദ്(റ) വും തന്റെ അനിഷ്ടം അറിയിച്ചു. പിന്നെ അദ്ദേഹത്തിനും കാര്യം ബോധ്യപ്പെട്ടു. അങ്ങനെ പ്രസ്തുത ദൗത്യത്തിന്റെ ഉത്തരവാദിത്വം സൈദ്(റ) നെ ഖലീഫ ഏല്‍പിച്ചു. ”ഒരു മല ചുമക്കാനാണ് കല്‍പിക്കപ്പെട്ടിരുന്നതെങ്കില്‍ എനിക്കിത്ര ഭാരം അനുഭവപ്പെടുമായിരുന്നില്ല”. താന്‍ ഏല്‍പിക്കപ്പെട്ട ചുമതലാനിര്‍വഹണത്തിലെ ത്യാഗത്തെ സൈദ്(റ) ഇങ്ങനെയാണ് പ്രകടിപ്പിച്ചത്. അങ്ങനെ അദ്ദേഹം തന്റെ ദൗത്യം ആരംഭിച്ചു. ഖുര്‍ആന്‍ എഴുതപ്പെട്ട ഈത്തപ്പനമട്ടലുകള്‍, കല്‍പാളികള്‍, തോലുകള്‍ എല്ലാം സമാഹരിച്ചു. ഹാഫിളുകളുടെ സഹായവും തേടി. സൂറത്തുത്തൗബയുടെ അവസാന വാക്യങ്ങളുടെ ലിഖിതരേഖ പലയിടങ്ങളിലും അന്വേഷിച്ചു. അവസാനം അത്കിട്ടിയത് അന്‍സ്വാരി സ്വഹാബിയായ അബൂഖുസൈമ(റ) യില്‍ നിന്നായിരുന്നു. സൈദ്(റ) സമാഹരിച്ച പ്രസ്തുത മുസ്ഹഫ് അബൂബക്ര്‍(റ) തന്റെ സംരക്ഷണത്തില്‍ സൂക്ഷിച്ചു. പിന്നീട് ഉമര്‍(റ) ന്റെ കൈവശമായിരുന്നു. ഉമര്‍(റ) ന്റെ വഫാത്തിന് ശേഷം മകള്‍ ഹഫ്‌സ്വ (റ)യാണ് പ്രസ്തുത മുസ്ഹഫ് സൂക്ഷിച്ചിരുന്നത്.
അബൂബക്ര്‍(റ) ന്റെ മുസ്ഹഫിന്റെ പ്രത്യേകതകള്‍
അബൂബക്ര്‍(റ) ന്റെ കാലത്തെ മുസ്ഹഫ് ക്രോഢീകരണത്തിന് ചില പ്രത്യേകതകളുണ്ട്.
1. അതിസൂക്ഷമ പരിശോധനകള്‍ക്കും സ്‌കലിത മുക്തമായ സാക്ഷ്യപ്പെടുത്തലുകള്‍ക്കും ശേഷമായിരുന്നു അത്.
2. പാരായണം ദുര്‍ബലപ്പെടുത്തപ്പെട്ട ഒന്നും അതില്‍ ചേര്‍ക്കപ്പെട്ടില്ല.
3. ഉമ്മത്തിന്റെ ഇജ്മാഅ് ഈ ക്രോഢീകരണത്തിനുണ്ട്.
4. സ്ഥിരപ്പെട്ട ഏഴ് പാരായണ ശൈലികളെയും അതുള്‍ക്കൊള്ളുന്നു.
ഈ സമാഹാരത്തെ ശ്ലാഘിച്ചുകൊണ്ട് അലി(റ) പറഞ്ഞു.”മുസ്ഹഫ് ക്രോഢീകരണത്തില്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്നത് അബൂബക്ര്‍(റ)നാണ്. അവര്‍ക്ക് അല്ലാഹു അനുഗ്രഹം ചെയ്യട്ടെ. അവരാണ് ആദ്യം ഖുര്‍ആന്‍ ക്രോഢീകരിച്ചത്”.
തുടരും...
കടപ്പാട്:
നൂറുൽ ഉലമാ സ്റ്റുഡന്റ്സ് അസോസിയേഷൻ ബ്ലോഗ്
ഖുർആനുമായി ബന്ധപ്പെട്ട് ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ
📕📗📘📙📚📖📕📗

No comments:
Post a Comment