ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:20



കരിമ്പടം പുതച്ച ഫക്കീർ ...


എന്റെ നാഥാ നിന്റെ കനിവ് മാത്രം ആഗ്രഹിച്ച് പുറപ്പെടുന്ന വെറുമൊരു ഫഖീറാണ് ഞാൻ. അഹന്തയുടെ തിമിരംബാധിച്ച് ഇന്നുവരെ ഞാൻ മൂഢസ്വർഗ്ഗത്തിൽ കഴിഞ്ഞുകൂടുകയായിരുന്നു. ഇന്ന് ഞാൻ ബൽഖയിലെ ചക്രവർത്തിയല്ല. എന്റെ ചുറ്റും പരിവാരങ്ങളില്ല. മൃദുശയ്യയില്ല. എല്ലാം ഉപേക്ഷിച്ച് നിന്റെ കാരുണ്യം മാത്രം പ്രതീക്ഷിച്ച് ഇബ്രാഹീം എന്ന അടിമ ഇതാ പുറപ്പെടുന്നു...


മഹാരാജാവിന്റെ പ്രാർത്ഥനകേട്ട് ജനങ്ങളെല്ലാം അദ്ദേഹത്തെ തിരിച്ചുവിളിക്കാൻപോലുമാവാതെ മിഴിച്ചുനിന്നു. ഇതുവരെയും തന്റെ ശിരസ്സിനെ അലങ്കരിച്ചിരുന്ന രത്നക്കിരിടം അദ്ദേഹം അഴിച്ചുവെച്ചു. തിളക്കമാർന്ന പട്ടുടയാടകളെല്ലാം ഉപേക്ഷിച്ചു വെറുമൊരു കരിമ്പടം മാത്രം പുതച്ചു. യാത്രക്കുവേണ്ടി ഒരുപകരണവും അദ്ദേഹം സംഭരിച്ചില്ല. കയ്യിൽ വിശുദ്ധ ഖുർആന്റെ ഒരു പ്രതിമാത്രം. അങ്ങിനെ എല്ലാം ത്യജിച്ച്കൊണ്ട് ആ മഹാൻ കൊട്ടാരം വിട്ടിറങ്ങി...


ആരാജ്യം മുഴുവനും ആദ്ദേഹത്തിന്റെ പോക്കു നോക്കി നിന്നു. അവർ നിറകണ്ണുകളോടെ ഇബ്രാഹീമിബ്നു അദ്ഹമിന്ന് യാത്രാമംഗളങ്ങൾ നേർന്നു. അത്രയും കാലം രാജാവിനെ സേവിച്ച മന്ത്രിമാർക്കും പട്ടാളമേധാവികൾക്കും അദ്ദേഹത്തെ അനുഗമിക്കണമെന്നും ഉത്ക്കടമായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഏകാന്തവാസത്തിനുള്ള അഭിനിവേശവുമായി പുറപ്പെട്ട രാജാവിനെ തങ്ങൾ അനുഗമിക്കുന്നത് ഇഷ്ടപ്പെടുകയില്ലെന്നോർത്ത് അവർ മനമില്ലാമനസ്സോടെ പിന്തിരിയുകയാണുണ്ടായത് ...


ഇബ്രാഹീമിബ്നുഅദ്ഹം എല്ലാവിധ ചിന്തകളിൽനിന്നും മുക്തനായി നടന്നു. രാജപാതവിട്ട് അദ്ദേഹം കാട്ടിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ജനവാസമുള്ള സ്ഥലങ്ങളിലൂടെ പോയാൽ പലരും തന്നെ തിരിച്ചറിയാനുള്ള ഇടയുണ്ട്. അതുതന്നെ ഉദ്ദേശത്തിന് ഹീനികരമായിരിക്കും. ഈയൊരു ചിന്തയാണ് വനത്തിലൂടെ യാത്ര തിരിക്കാൻ അദ്ദേഹത്തിന് പ്രചോദനമരുളിയത്...


സൂര്യൻ കിഴക്കുദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്തു. ആകാശത്തിൽ നക്ഷത്രങ്ങൾ തെളിഞ്ഞു. വീണ്ടും പ്രഭാതം, വീണ്ടും ഇരുൾ അങ്ങിനെ കാലം അതിന്റെ പ്രയാണം തുടർന്നുകൊണ്ടിരുന്നു ...


 ഇബ്രാഹിമിബ്നു അദ്ഹം തന്റെ യാത്ര തുടർന്നു. വിശക്കുമ്പോൾ വല്ല പഴങ്ങളും പറിച്ച് തിന്നും. ദാഹിക്കുമ്പോൾ കാട്ടുനീർ ചോലയിലെ തെളിവെള്ളം കോരിക്കുടിക്കും അതെല്ലാം വെറും വിശപ്പടക്കാൻ വേണ്ടിമാത്രം. ഇത്രയുംകാലം വിശിഷ്ടഭോജ്യങ്ങൾ കഴിച്ചുകൊണ്ടിരുന്ന വയറാണ്. അതിനെ മൊരുക്കിയെടുക്കേണ്ടിയിരിക്കുന്നു. അതിന്ന് അദ്ദേഹത്തിന് കഴിഞ്ഞു. പോകുന്ന പോക്കിൽ വഴിയിൽവെച്ചെല്ലാം നിസ്കാരങ്ങളും മറ്റും ഇബാദത്തുകളും അദ്ദേഹം നിർവഹിച്ചു. അങ്ങിനെ ഹൃദയത്തിൽ പറ്റിപ്പിടിച്ചിരുന്ന പാപത്തിന്റെ കറകളെ കഴുകിത്തുടച്ചു കൊണ്ടിരുന്നു ...


ദിവസങ്ങൾ പലതും കഴിഞ്ഞു. ഇബ്രാഹിമിന്റെ കൊഴുത്തു തടിച്ച ശരീരം, മനോഹരമായ ശരീരം മൊലിഞ്ഞൊട്ടി കണ്ടാൽ തിരിച്ചറിയാത്ത പരുവത്തിലായിമാറി. എന്നാൽ അതിന്നനുസരിച്ച് അദ്ദേഹത്തിന്റെ ഹൃദയം പരിശുദ്ധിയിൽ വെട്ടി തിളങ്ങിക്കൊണ്ടിരുന്നു...


യാത്ര പുറപ്പെട്ടപ്പോൾ ഒരു കുതിരപ്പുറത്താണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. കുതിര രാജകീയ ചിഹ്നമാണല്ലൊ, അത് തനിക്ക് അധികമാണ് എന്ന് തോന്നിയതുകാരണം ആ കുതിരയെ അദ്ദേഹം വഴിയിൽകണ്ട അജപാലകന്ന് കൊടുത്ത് പകരം കാണാൻ തീരെ ഭംഗിയില്ലാത്ത ഒരു ചെറിയ കഴുതയെ വാങ്ങി അതിന്റെ പുറത്ത് സവാരി ചെയ്ത് തുടങ്ങി ...


വനത്തിലൂടെ ഏകനായി നടന്നുനീങ്ങുന്ന കരിമ്പടം പുതച്ച ആ ഫക്കീർ ബൽഖയിലെ ചക്രവർത്തിയാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ...?


വെറും എളിമത്വത്തിന്റെ പ്രതീകമായി സർവ്വശക്തന്റെ നാമം ഉരുവിട്ട് കൊണ്ടു നീങ്ങുന്ന ആ സാധുമനുഷ്യൻ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ച, രക്തചൊരിച്ചിൽ നടത്തിയ അഹന്തയുടെ പ്രതീകമായിരുന്ന ഇബ്രാഹീമിബ്നു അദ്ഹമാണെന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ പ്രയാസമാകുന്നു... എന്നാൽ അതാണ് സത്യം ...


പുതിയൊരു വ്യതിയാനം അല്ലാഹു (സു)വിന്റെ മഹത്തായ അനുഗ്രഹം പ്രപഞ്ചനാഥനോടുള്ള ഒടുങ്ങാത്ത ഇശ്ഖ് അദ്ദേഹത്തിൽ നിറഞ്ഞുനിൽക്കുകയാണ്. അതിന്നു മുമ്പിൽ മറ്റൊന്നും പ്രശ്നമായില്ല. പരലോകത്ത് വെച്ച് അല്ലാഹുവിന്റെ ലിഖാഇന്ന് അർഹനാവുക. അതിൽപരം സായൂജ്യം ഒരു സൃഷ്ടിയെ സംബന്ധിച്ചിടത്തോളം എന്താണുള്ളത്...


ആ സായൂജ്യത്തിന്നുവേണ്ടിയാണ് ഇബ്രാഹീമുബ്നുഅദ്ഹം പ്രയത്നിക്കുന്നത് ...രണ്ട് അപരിചിതർ ...
(തുടരും)

No comments:

Post a Comment