സംസമിന്റെ ചരിത്രം ഭാഗം 1


ഹജ്ജ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള സമ്മേളനമാണ്. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കുന്ന വിശ്വാസികളുടെ വര്‍ഷാവര്‍ഷങ്ങളിലുള്ള ഒത്തു ചേരല്‍. അല്ലാഹു നല്‍കിയ ധനവും ആരോഗ്യവും മാര്‍ഗ്ഗവുമുപയോഗിച്ച് അവന്റെ ഗേഹത്തിലേക്കുള്ള പ്രയാണം. ഈ വര്‍ഷാന്ത സമ്മേളനത്തില്‍ ഭൂമിയുടെ എല്ലാ കോണില്‍ നിന്നും വിശ്വാസികള്‍ പങ്കെടുക്കുന്നു. ഹജ്ജ് കഴിയുന്നതോടെ ആത്മീയമോക്ഷവും ദൈവ കൃപയും നേടി യാത്രതിരിക്കുന്ന ഹാജിമാര്‍ ഉറ്റവര്‍ക്കായി കൊണ്ടു പോകുന്ന സംസം ചരിത്രത്തിലൂടെ ഒരനശ്വര ദൈവിക ദൃഷ്ടാന്തമായി ഇന്നും നിലനില്‍ക്കുന്നു. ഇങ്ങനെ ഹാജിമാര്‍ വഴി ലോകമഖിലവുമൊഴുകുന്ന സംസമിന്റെ ചരിത്രം രസകരവും വിസ്മയകരവുമാണ്.
ഇബ്‌റാഹീം (സ) ശാമില്‍ നിന്നും മക്കയിലേക്ക് യാത്ര തിരിക്കുകയാണ്. കൂടെ പത്‌നി ഹാജറും കൈകുഞ്ഞ് ഇസ്മാഈലുമുണ്ട്. മക്കയാകട്ടെ വെള്ളമോ സസ്യങ്ങളോ ഇല്ലാത്ത ഊഷര ഭൂമിയും.
മക്കയിലെത്തിയ ഇബ്‌റാഹീം (അ) ഹാജറിനെയും ഇസ്മാഈലിനെയും അവിടെ താമസിപ്പിച്ചിട്ട് ശാമിലേക്ക് തന്നെ മടങ്ങുന്നു. ഹാജറിന് ഒരു കൊട്ട കാരക്കയും ഒരു കുടം വെള്ളവും നല്‍കിയാണ് മടക്ക യാത്ര. ഭീതിപ്പെടുത്തുന്ന ശൂന്യതയില്‍ തുടിക്കുന്ന ഹൃദയത്തോടെ ഹാജറ ഭര്‍ത്താവിനെ തടഞ്ഞു നിര്‍ത്തി ചോദിക്കുകയാണ്. ‘ജീവന്റെ കണിക പോലുമില്ലാത്ത ഈ ശൂന്യതയില്‍ ഞങ്ങളെ ഉപേക്ഷിച്ച് അങ്ങ് പോകുകയാണോ? പലവുരു ഇതാവര്‍ത്തിച്ച ഇബ്‌റാഹീം (അ) ന്റെ മറുപടി ‘അല്ലാഹുവിനെ ഏല്‍പ്പിച്ചു കൊണ്ട്’ എന്നായിരുന്നു. ‘അവന്റെ കല്‍പ്പനയാലാണോ ഈ മടക്കം’ ഹാജറ തിരക്കുന്നു. ‘അതെ’ ഇബ്‌റാഹീം (അ) പ്രതിവചിക്കുന്നു. ‘എങ്കില്‍ അവന്‍ ഞങ്ങളെ കൈവെടിയില്ല’- ഹാജറ സമാധാനിക്കുന്നു.
മടക്കയാത്ര ആരംഭിച്ച ഇബ്‌റാഹീം (അ) ഏറെ വ്യാകുലനായിരുന്നു. തന്റെ അസാന്നിധ്യം ഹാജറിനും ഇസ്മാഈലിനും ഏറെ വിഷമകരമായിരിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതിനാല്‍ ഇരു കൈകളും ആകാശത്തേക്ക് ഉയര്‍ത്തി അദ്ദേഹം പ്രാര്‍ത്ഥിക്കുന്നു. ‘നാഥാ, എന്റെ സന്തതികളെ ഞാന്‍, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ ഗേഹത്തിനരികില്‍ പാര്‍പ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനാകുന്നു ഞാനിത് ചെയതിട്ടുള്ളത്. അതിനാല്‍ നീ ജനഹൃദയങ്ങളില്‍ അവരോട് അനുഭാവമുണ്ടാക്കണമേ! അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ! അവര്‍ നന്ദിയുള്ളവരായേക്കാം’ (ഇബ്‌റാഹീം-37)
ഏറെ കഴിയുന്നതിനു മുമ്പു തന്നെ ഹാജറിനെയും ഇസ്മാഈലിനെയും വിശപ്പും ദാഹവും അലട്ടാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന കാരക്കയും വെള്ളവും തീര്‍ന്നു. ഹാജറിന്റെ മുലപ്പാല്‍ വറ്റി. മകന്‍ വിശപ്പും ദാഹവും കൊണ്ട് പുളയുന്നത് വേദനയോടെ നോക്കിനില്‍ക്കാനേ അവര്‍ക്ക് കഴിയുന്നുള്ളൂ. അപ്പോള്‍, പരിസരത്ത് എവിടെയെങ്കിലും ഒരു സഹജീവിയെ കാണാന്‍ കഴിഞ്ഞേക്കുമോ എന്ന പ്രതീക്ഷയില്‍ അടുത്തുകണ്ട സ്വഫാ മലയിലേക്ക് ഓടിക്കയറുന്നു. നിരാശയായി സ്വഫായില്‍ നിന്നിറങ്ങിയ ഹാജറ എതിരെ കണ്ട മര്‍വയിലേക്കും അതേ വേഗതയില്‍ ഓടിക്കയറുന്നു. അവിടെ നിന്നും നിരാശയായി വീണ്ടും സ്വഫായിലേക്കും പിന്നെ മര്‍വയിലേക്കും. ഇങ്ങനെ മാറി മാറി ഏഴ് വട്ടം നിസ്സഹായയായി, പരിഭ്രാന്തിയോടെ പ്രതീക്ഷാ നിര്‍ഭരതയോടെ ഓടുകയാണ്. ഏഴാം വട്ടം മര്‍വയില്‍ എത്തിയപ്പോള്‍ എവിടെ നിന്നോ ശബ്ദം കേള്‍ക്കുന്നു! ശബ്ദം കേട്ട ഭാഗത്തേക്ക് കാതോര്‍ത്ത് വീണ്ടും ശ്രദ്ധിച്ചപ്പോള്‍ കേട്ടത് ശരിയായിരുന്നു. കുറച്ചകലെ
തുടരും

No comments:

Post a Comment