ശൈഖ്‌ മുഹ്‌യുദ്ദീൻ (റ) _ 1

🌴⚘⚘
ഭാഗം 1
അബ്ബാസി ഖലീഫ അബുല്‍മുളഫ്ഫര്‍ യൂസുഫ് ബഗ്ദാദിലെത്തി. ശൈഖ് " ജീലാനി(റ)യെ കാണുകയാണ് ലക്ഷ്യം. ബഗ്ദാദിലെ ബാബുല്‍അസ്ജിലുള്ള മതപാഠശാലയിലാണ് ശൈഖുള്ളത്. ഖലീഫ സലാം പറഞ്ഞു ശൈഖിന്‍റെ മജ്ലിസില്‍ കടന്നു. ഗുരുവിനോട് ഉപദേശങ്ങള്‍ തേടി. ശേഷം ഖലീഫ, പത്തു വലിയ പണക്കിഴികള്‍ ശൈഖിന് സമ്മാനമായി കാഴ്ചവച്ചു. അവ നിരസിച്ചു കൊണ്ട് ശൈഖ് പറഞ്ഞു എനിക്കിതാവശ്യമില്ല. അങ്ങനെ പറയരുത് അങ്ങ് ഇത് സ്വീകരിച്ചേ തീരൂ. ഖലീഫ നിര്‍ബന്ധം പിടിച്ചപ്പോള്‍ ശൈഖ് രണ്ടു പണക്കിഴികള്‍ ഓരോ കയ്യിലെടുത്ത് ഒന്നു കറക്കി. അവയില്‍ നിന്ന് ചോര കിനിയാന്‍ തുടങ്ങി! ഇത് കാണിച്ചു കൊടുത്തിട്ട് ശൈഖ് ഖലീഫയോടു ചോദിച്ചു അബുല്‍മുളഫ്ഫര്‍! താങ്കള്‍ ലജ്ജിക്കുന്നില്ലേ? ജനങ്ങളുടെ ചോരയാണിത്! ഇതുമായിട്ടാണോ താങ്കള്‍ വന്നിരിക്കുന്നത്? ഖലീഫ ബോധരഹിതനായി. അല്‍പസമയത്തിനു ശേഷം ശൈഖ് പറഞ്ഞു അബുല്‍ മുളഫ്ഫര്‍ നബികുടുംബാംഗമാണ്. അല്ലായിരുന്നുവെങ്കില്‍ ഖലീഫയുടെ കൊട്ടാരംവരെ ചെന്നെത്തുംവിധം ഈ പണക്കിഴികളിലെ ചോര ഒഴുകിയെത്താന്‍ ഞാന്‍ അനുവദിച്ചേനെ. ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ജീവിതത്തിലുടനീളം ഇത്തരം അനുഭവങ്ങളുണ്ട്. അവ ജനസഹസ്രങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും അവരെ നേരായ ദിശയിലേക്കു തിരിക്കുകയും ചെയ്തു. ലോകമാകെ അറിവിന്‍റെ വെളിച്ചം വിതറുന്ന ഒരു ഖുറൈശിജ്ഞാനി (എന്‍റെ കുടുംബത്തില്‍) പിറക്കാനിരിക്കുന്നു എന്ന് നബി(സ) പവചിച്ചു. ആ ജ്ഞാനി ഇമാം ശാഫിഈ ആയിരുന്നെന്ന് പിന്നീട് ലോകം കണ്ടെത്തി. ഇതുപോലെ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ജനനത്തിനു മുന്പേ ഒരുപാട് പ്രവചനങ്ങള്‍ നടന്നതായി നൂറുദ്ദീന്‍ ശത്നൗഫി ബഹ്ജതുല്‍അസ്റാറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍ഖിയതുല്‍ ഖാതിറിലും ഇതു സംബന്ധമായ വിവരണങ്ങളുണ്ട്. ജനനത്തിന്‍റെ നൂറുവര്‍ഷം മുന്പുതന്നെ പ്രവചനം നടന്നതായാണ് ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നത്. പ്രസിദ്ധ സൂഫി ജുനൈദുല്‍ബാഗ്ദാദിയുടെ പ്രവചനം ശ്രദ്ധിക്കുക അബ്ദുല്‍ഖാദിര്‍ എന്നു പേരുള്ള ഒരു പുണ്യാത്മാവ് ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനം ജനിക്കും. അദ്ദേഹം അത്യുന്നതങ്ങളില്‍ വിരാജിക്കും. ഹിജ്റവര്‍ഷം 470 റമളാന്‍ 1 (ക്രിസ്തുവര്‍ഷം 1077 ജൂണ്‍)നാണ് ശൈഖ് ജീലാനി(റ) ജനിച്ചത്. ഗിലാന്‍ (ജീലാന്‍) പ്രവിശ്യയിലെ നയീഫ് ദേശത്തെ ഗൈല്‍ പട്ടണമാണ് ജന്മനാട്. പിതാവ് സയ്യിദ് അബൂസാലിഹ് മൂസാ ജംഗിദോസ്ത്. മാതാവ് ഉമ്മുല്‍ഖൈര്‍ ഫാതിമ ബിന്‍ത് സയ്യിദ് അബ്ദുല്ലാ സൗമഈ. പിതൃപരന്പരയും മാതൃപരന്പരയും നബികുടുംബമാണ്. പിതൃപരന്പര ഇങ്ങനെ സയ്യിദ് അബൂ സാലിഹ് മൂസാ ജംഗീദോസ്ത്, സയ്യിദ് അബൂ അബ്ദില്ലാ, സയ്യിദ് യഹ്യസ്സാഹിദ്, സയ്യിദ് മുഹമ്മദ്, സയ്യിദ് ദാവൂദ്, സയ്യിദ് മൂസാ അസ്സാനി, സയ്യിദ് അബ്ദുല്ലാഹിസ്സാഹീ, സയ്യിദ് മൂസാ അല്‍ജൗന്‍, സയ്യിദ് അബ്ദുല്ലാ അല്‍മഹ്ള്, സയ്യിദ് ഹസനുല്‍മുസന്നാ, ഇമാം ഹസന്‍ബ്നുഅലി(റ). മാതൃപരന്പര സയ്യിദ് അബ്ദുല്ലാ സൗമഈ, സയ്യിദ് അബുജമാലുദ്ദീന്‍ മുഹമ്മദ്, സയ്യിദ് മഹ്മൂദ്, സയ്യിദ് അബുല്‍അത്വാഅ് അബ്ദുല്ലാ, സയ്യിദ് കമാലുദ്ദീന്‍ ഈസാ, സയ്യിദ് അബൂ അലാഉദ്ദീന്‍ മുഹമ്മദുല്‍ ജവാദ്, സയ്യിദ് അലിയ്യുര്‍രിളാ, സയ്യിദ് മൂസല്‍കാളിം, സയ്യിദ് ജഅ്ഫറുസ്സാദിഖ്, സയ്യിദ് മുഹമ്മദുല്‍ബാഖിര്‍, സയ്യിദ് സൈനുല്‍ആബിദീന്‍, ഇമാം ഹുസൈനുബ്നു അബീത്വാലിബ്(റ). പിതാവ് വഴി ഹസന്‍(റ)വിലേക്കും മാതാവ് വഴി ഹുസൈന്‍(റ)വിലേക്കും ചെന്നെത്തുന്നതിനാല്‍ ശൈഖ് ജീലാനി ഒരേ സമയം ഹസനിയും ഹുസൈനിയുമാണ്. ഈ മഹിമയുള്ളവര്‍ക്ക് ശരീഫ് എന്നു പറയാറുണ്ട്. പിതാവിന്‍റെ ഉമ്മ ഉമ്മുസലമ സിദ്ദീഖ്(റ)ന്‍റെ കുടുംബ പരന്പരയിലുള്ളവരായതിനാല്‍ സിദ്ദീഖി എന്ന മഹത്വവും ശൈഖിനുണ്ട്. ശൈഖ് അബ്ദുല്‍ഖാദിര്‍(റ)യുടെ ജീവചരിത്രം പരിശോധിക്കുന്പോള്‍ വെളിപ്പെടുന്ന പ്രധാന വസ്തുത ശൈഖിന്‍റെ നിയോഗം ഇലാഹിന്‍റെ പ്രത്യേക തീരുമാനത്തോടെയുള്ളതാണെന്നാണ്. ജനനം മുതല്‍ വിയോഗം വരേയുള്ള ജീവിതം മുഴുവനും സംഭവ ബഹുലമാണ്.
സയ്യിദ് അബൂസ്വാലിഹ് ഉമ്മുല്‍ഖൈറിനെ വിവാഹം ചെയ്യുന്നതിലേക്ക് എത്തിച്ചേര്‍ന്ന സംഭവം പ്രസിദ്ധമാണ്.
(തുടരും)

No comments:

Post a Comment