രാജാധി രാജനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നമ്മിൽ എന്നെന്നും വർഷിക്കട്ടേ! എന്ന പ്രാർഥനയോടെ ഇസ്ലാമിക ലോകത്ത് ഇറാഖിലെ കൂഫയുടെ മണ്ണിൽ നടന്ന, മുസ്ലിം ലോകത്തെ കണ്ണിരിലാഴ്ത്തിയ കർബല യുദ്ധ ചരിത്രത്തിന്റെ പശ്ചാത്തല സംഭവങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ഞാൻ ക്ഷണിക്കുകയാണ്.
ബഹു: അഷ്റഫുൽ ഖൽഖ് മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ മരുമകനും ഇസ്ലാമിന്റെ നാലാമത്തെ ഖലീഫയുമായ അലി(റ) വിന്റെ വളർത്തു പുത്രിയായിരുന്നു ഉമ്മുൽഹകീം എന്ന പെൺകുട്ടി. മാതാപിതാക്കൾ ഉപേക്ഷിച്ച് ആരാരുമില്ലാതെ ഈത്തപ്പന തോട്ടത്തിൽ ഉറുമ്പിന്റെ കടിയേറ്റു കിടന്ന പിഞ്ചു പൈതലിനെ അലി(റ) എടുത്തു കൊണ്ട് പോയി വളർത്തുകയായിരുന്നു.
വളർന്ന് വലുതായി പ്രായം പതിനാറിലെത്തി നിൽക്കുന്ന സമയം...
സൗന്ദര്യത്തിന്റെ നിറകുടമായിരുന്നു ഉമ്മുൽഹകീം. ഒരു ദിവസം ഈത്തപ്പന തോട്ടത്തിൽ മരങ്ങൾകിടയിൽ ആടിനെ മേച്ച് കൊണ്ടിരിക്കുമ്പോൾ തന്നെയാരോ മറഞ്ഞ് നോക്കുന്ന പോലെ അവൾക്ക് തോന്നി. അവൾ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അപ്പോൾ അവൾ കണ്ടു ഒരു പുരുഷനെ...
അവൻ നേരെ തന്റെ മുന്നിൽ വന്നു നിന്നു. അവളെ വല്ലാത്ത ഒരു നോട്ടം നോക്കി. ......
അത് മറ്റാരുമായിരുന്നില്ല. കൂഫ ഗവർണ്ണറായ മുആവിയയുടെ മകൻ യസീദായിരുന്നു.
ഉമ്മുൽഹകീമിനെ കണ്ട യസീദിന്റെ മനോമുകരങ്ങളിൽ അവളെ കുറിച്ചുളള ചിന്തകൾ മിന്നി മറയാൻ തുടങ്ങി. സൗന്ദര്യ വതിയായ ഉമ്മുൽഹകീമിനെ എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് അവൻ ആശിച്ചു.
പക്ഷേ ഉമ്മുൽഹകീമാകട്ടെ യസീദിനെ കുറിച്ച് ദുഷിച്ചവനും വൃത്തികെട്ട വനുമായി തന്റെ മനസ്സിൽ വരച്ചു. വിവാഹ അഭ്യർത്ഥനയുമായി വന്ന അവന്റെ ദൂതൻമാരെ അവൾ പുഛിച്ച് തള്ളി. തന്റെ ആഗ്രഹം പിതാവായ മുആവിയയെ അറിയിച്ചു. അദ്ദേഹവും കടുത്ത ഭാഷയിൽ എതിര്‍ത്തു. മാതാവാരെന്നും പിതാവാരെന്നും അറിയാത്ത ആ പെണ്ണിനെ വിവാഹം ചെയ്യാൻ സമ്മതിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പക്ഷേ
ഉമ്മുൽഹകീമിനെ ഓർത്തു കൊണ്ടുളള അവന്റെ നിമിഷങ്ങളും ദിവസങ്ങളും അവനു നിരാശയും ദേഷ്യവും നിറഞ്ഞതായിരുന്നു.
പിതാവിനോട് അനുദിനം വൈരാഗ്യവും വർദ്ധിച്ച് കൊണ്ടിരുന്നു. പക്ഷേ ഒരു നിലക്കും യസീദിനെ ഭർത്താവായി സ്വീകരിക്കാൻ ഉമ്മുൽഹകീമും ഒരുക്കമായിരുന്നില്ല.
മറ്റു പല തറവാടുകളിൽ നിന്നും പലവിധ അന്വേഷണങ്ങൾ വന്നു വെങ്കിലും മാതാപിതാക്കളില്ലാത്ത ഉമ്മുൽഹകീമിന്റെ തറവാടിത്വത്തിന്റെ പേരിൽ ചീറ്റിപ്പോകുകയായിരുന്നു...
ഒരു ദിവസം ബഹു:അലി(റ) ഉമ്മുൽഹകീമിനെ കുറിച്ചു ആലോചനകളിലായി ഒറ്റക്ക് ഏകാന്തതയിൽ മുഴുകി ഇരിക്കുമ്പോൾ തന്റെ പ്രജകളിൽ പെട്ട അനാഥനായ ഒരു പാവം മനുഷ്യൻ വന്നു കൊണ്ട് ബഹുമാനപ്പെട്ടവരോട് സലാം പറഞ്ഞു.
പക്ഷേ അലി(റ) സലാം മടക്കുന്നില്ല. അങ്ങനെ മൂന്നു പ്രാവശ്യം സലാം ആവർത്തിച്ചപ്പോൾ പെട്ടെന്ന് ചിന്തയിൽ നിന്നും ഉണര്‍ന്ന അലി(റ) സലാം മടക്കി കൊണ്ട് ചോദിച്ചു.
ആരാണിത് നുഅമാനോ?
അതെ ബഹുമാനപ്പെട്ടവരെ! അങ്ങെന്തോ കാര്യമായ ചിന്തയിലാണല്ലോ? എന്താണ് അങ്ങയെ അലട്ടുന്ന വിഷമം എന്നോട് പറയൂ തങ്ങളെ! ...
അലി(റ) പറയാൻ തുടങ്ങി. നുഅമാനേ നിനക്കറിയില്ലേ?
എന്റെ വീട്ടിൽ ഒരു പെൺകുട്ടി വളർന്ന് വിവാഹ പ്രായം എത്തി നിൽക്കുന്നു. അന്വേഷണങ്ങൾ പലതും വരുന്നുണ്ട്. പക്ഷേ എല്ലാവരും തറവാടാണ് ചോദിക്കുന്നത്. കേവലം വളർത്തു പുത്രിയായ അവളുടെ തറവാടിനെ കുറിച്ച് ഞാനെന്തു പറയാനാണ് നുഅമാനെ? ...
അപ്പോൾ അല്പ നേരത്തെ ആലോചനക്ക് ശേഷം നുഅമാൻ പറഞ്ഞു. ബഹുമാനപ്പെട്ടവരെ!
ഞാനും ഒരു അനാഥനാണ്. അങ്ങേക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ അവളെ വിവാഹം ചെയ്യാൻ തയ്യാറാണ്.
ഇത് കേട്ട അലി(റ) സന്തോഷത്തോടെ പറഞ്ഞു. അല്ലാഹു അങ്ങേക്ക് നല്ലതു വരുത്തട്ടെ!
ഈ സംഭാഷണങ്ങൾ വാതിലിനു പിന്നിൽ നിന്നു കൊണ്ട് കേട്ടിരുന്നു പെൺകുട്ടി.
അതെ,.. സന്തോഷം കൊണ്ട് ഉൾപുളകമണിഞ്ഞു ഉമ്മുൽഹകീം. ഉത്സാഹം കൊണ്ട് നുഅമാന്റ ഉള്ളകവും പൊട്ടി ചിരിച്ചു.
അങ്ങനെ ഒരു ഭരണാധികാരി എന്ന നിലയിൽ അലി(റ) ഉമ്മുൽഹകീം നെ നുഅമാനിന്ന് നികാഹ് ചെയ്തു കൊടുത്തു.
രണ്ടു പേരും നുഅമാനിന്റെ മദീനയിൽ തന്നെയുള്ള ചെറ്റക്കുടിലിലേക്ക് താമസം മാറ്റി. സന്തോഷ ജീവിതം നയിക്കുകയാണ്. ഇടയ്ക്കിടെ അലി(റ) വിശേഷങ്ങൾ അന്വേഷിച്ചറിയാൻ അങ്ങോട്ട് പോകാറുമുണ്ട്.
അങ്ങനെ ദിവസങ്ങളും മാസങ്ങളുമായി കാല ചക്രത്തിന്റെ കറക്കത്തിനിടയിൽ ഒരു ദിവസം അമീറുൽ മുഅമിനീൻ അലി(റ) മദീന പള്ളിയിലേക്ക് നടന്നു പോകുമ്പോൾ, മദീന അങ്ങാടിയിൽ ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടു. അത് കണ്ട അലി(റ) ആ ഭാഗത്തേക്ക് നീങ്ങിയപ്പോൾ ജനങ്ങൾ അങ്ങോട്ടുമിങ്ങോട്ടു മായി മാറി നിന്നു. അപ്പോഴാണ് അലി(റ) കാണുന്നത്. അവിടെ ഒരു കറുത്ത് തടിച്ച ആജാനു ബാവനായ ഒരു മനുഷ്യൻ നിൽക്കുന്നു. അലി(റ)നെ കണ്ട ഉടനെ അവൻ സലാം പറഞ്ഞു...
സലാം മടക്കി കൊണ്ട് അലി(റ) ചോദിച്ചു . ആരാണ് നീ ? മദീനയിലൊന്നും കണ്ട പരിചയമില്ലല്ലോ?
അപ്പോൾ അവൻ പറഞ്ഞു. ഞാൻ ശാമിൽ നിന്നും വരുന്നു. അവിടുത്തെ ഗവർണറാണ് എന്നെ ഇങ്ങോട്ട് അയച്ചത്.
എന്താ നിന്റെ ഉദ്ദേശം?
താങ്കളുടെ പ്രജകളുടെ (പട്ടാളം) കൂട്ടത്തിൽ ചേരാൻ വേണ്ടിയാണ് എന്നെ ഇങ്ങോട്ട് അയച്ചത്.
എന്താണ് താങ്കളുടെ പേര്? പുഞ്ചിരിച്ച് കൊണ്ട് അലി(റ) ചോദിച്ചു.
എന്റെ പേര്
" ഇബ്നു മുൽജം."
ഇത് കേട്ട അലി(റ) ഒരല്പം പിന്നോട്ടു മാറിയിട്ട് പറഞ്ഞു.
"إنا لله وإنا إليه راجعون "
ഞെട്ടിത്തരിച്ച ഇബ്നുമുൽജം ചോദിച്ചു. അലിയാരെയ് ഞാൻ അങ്ങയുടെ പട്ടാളത്തിൽ ചേരാൻ വന്നവനാണ്. ഞാൻ ഒരു അപകടകാരി അല്ലല്ലോ? പിന്നെ എന്തിനാണ് താങ്കൾ അങ്ങനെ പറഞ്ഞത്?
അമീറുൽ മുഅമിനീൻ അവന്റെ മുഖത്ത് നോക്കി കൊണ്ട് പറഞ്ഞു. നീ എന്റെ കൊലയാളിയായിരിക്കുമെന്ന് ഞാൻ മുൻകൂട്ടി കാണുന്നു...
ഞെട്ടൽ വിട്ട് മാറാത്ത ഇബ്നുമുൽജം ഗദ്ഗദത്തോടെ പറഞ്ഞു.
അലിയാരേയ്,...എന്താണ് താങ്കൾ പറയുന്നത് ? ഞാൻ സത്യമായും താങ്കളുടെ പട്ടാളത്തിൽ ചേരാൻ വന്നതാണ്. അങ്ങേക്ക് സംശയമുണ്ടെങ്കിൽ എന്നെ ജയിലിലടച്ചോളൂ...
പക്ഷേ അലി(റ) പറഞ്ഞു. ശരി, താൻ പട്ടാളത്തിൽ ചേരാൻ വന്നതാണെങ്കിൽ നിന്നെ പരിഗണിക്കാം. അതിനു മുമ്പ് ഒരു ചോദ്യം കൂടി ചോദിക്കട്ടേ...
നിന്റെ ഉമ്മ നിന്നെ ചെറുപ്പത്തിൽ രാവിലെ ഉറക്കത്തിൽ നിന്ന് വിളിച്ചു ഉണർത്തിയിരുന്നത് എപ്രകാരമായിരുന്നു. എടാ ശൈത്വാനെ , നെറികെട്ടവനെ ദുഷിച്ചവനെ തുടങ്ങിയ തെറി വാക്കുകളെ കൊണ്ടല്ലേ നിന്നെ വിളിച്ചുണർത്തിയിരുന്നത്,?
(സ്വന്തം മക്കളെ തെറിയഭിഷേകം നടത്തുന്ന മാതാ പിതാക്കൾ ഈ ഭാഗം ഗൗരവമായി എടുക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു)
നിന്റെ മാതാവ് അല്ലാഹുവിന്റെ വിധിവിലക്കുകൾ അംഗീകരിക്കാത്ത മുസ്ലിം നാമധാരിയല്ലേ?
ഇബ്നുമുൽജം പറഞ്ഞു.
സത്യമാണ് താങ്കൾ പറഞ്ഞത്. ഞാനല്പം ഉറക്ക് കൂടുതൽ ഉള്ള ആളായതിനാൽ എന്റെ ഉമ്മ അങ്ങനെ ത്തന്നെയായിരുന്നു എന്നെ വിളിച്ചുണർതിയിരുന്നത്.
അലി(റ) ഉറപ്പിച്ചു പറഞ്ഞു. എന്നാൽ നീയെന്റെ കൊലയാളി തന്നെയാണ്.
പക്ഷെ തത്കാലം നിഷ്കളങ്കനായിരുന്ന ഇബ്നുമുൽജം നെ പട്ടാളത്തിൽ ചേര്‍ത്തു.
അലി(റ)ന്റെ വധത്തിന്റെ പിന്നിലെ ഗൂഢ തന്ത്രങ്ങളിലെ ഒരു സംഭവത്തിലൂടെയാണ് കർബല യുദ്ധ ചരിത്രത്തിലേക്ക് നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ട് പോകുന്നത്.
ഈ സംഭവത്തിന് ശേഷമാണ് നഹ്റുവാൻ യുദ്ധം നടക്കുന്നത്. ശാമിന്റെ ഭാഗത്ത് ഉണ്ടായ നഹ്റുവാൻ യുദ്ധത്തിന്റെ പട്ടാള ഉപനായക സ്ഥാനത്തേക്ക് ഇബ്നുമുൽജം തെരഞ്ഞെടുക്കപ്പെട്ടു. ഇബ്നുമുൽജം ന്റെ നേതൃത്വത്തിൽ നടന്ന ആ യുദ്ധത്തിൽ മുസ്ലിം സൈന്യം വിജയിച്ചു. ഈ വിജയ വാർത്ത ഖലീഫയെ അറിയിക്കാൻ വേണ്ടി ദൂതനായി തെഞ്ഞെടുത്തതും ഇബ്നുമുൽജം നെ തന്നെയായിരുന്നു. ഇബ്നുമുൽജം തന്റെ അതിവേഗമോടുന്ന കുതിരപ്പുറത്ത് കേറി മദീനയെ ലക്ഷ്യം വച്ച് തിരിച്ചു .
വിശാലമായ ഒരു ഈത്തപ്പന തോട്ടത്തിലൂടെ മദീനയെ മാത്രം ലക്ഷ്യം വെച്ച് തന്റെ കുതിരയെ ഓടിച്ചു കൊണ്ട് നീങ്ങുകയായിരുന്ന ഇബ്നുമുൽജമിന്റെ കർണ്ണപുടങ്ങളിൽ പെട്ടെന്ന് ഒരു സ്ത്രീശബ്ദം അലയടിച്ചു.
" ഇബ്നുമുൽജമേയ് ഒന്ന് നിൽക്കൂ മുൽജമേ"
ഇബ്നുമുൽജം തന്റെ കുതിരയെ പിടിച്ചു നിര്‍ത്തി.
ഇബ്നുമുൽജം നാലു ഭാഗത്തേക്കും നോക്കി. അപ്പോഴതാ .....
*തുടരും*
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
📚📚📚📚📖📚📚📚📚

 
No comments:
Post a Comment